തിരുവനന്തപുരം: കള്ളങ്ങൾ പറഞ്ഞു കേരളത്തെ തകർക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരത്തിന്റെ സമാപനവേദിയിലാണു ബിജെപിക്കെതിരെ പിണറായി വിജയന്റെ പരാമർശം.

എന്തിനു വേണ്ടിയാണ് രാജശേഖരൻ ഇങ്ങനെ നുണ പ്രചരണം നടത്തുന്നതെന്ന് ഞങ്ങൾക്കറിയാം. അത്തരം നടപടികളൊന്നും കൈയും കെട്ടി നോക്കിയിരിക്കാൻ തയ്യാറല്ലെന്നു പിണറായി വ്യക്തമാക്കി.

രാജശേഖരൻ ആരോപിച്ച ആരോപണത്തിന് തെളിവൊന്നും നൽകാൻ തങ്ങളുടെ കയ്യിലില്ല. തെളിവുകൾ രാജസ്ഥാനിലെ എംഎൽഎയോട് ചോദിച്ചാൽ മതിയെന്നും പിണറായി പറഞ്ഞു.

നുണ പ്രചരണമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി ഇതര നേതാക്കൾ കള്ളപ്പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നു എന്നാണ് ആക്ഷേപിച്ചത്. എന്നാൽ അത് മാത്രം പരിശോധിച്ചാൽ മതിയല്ലോയെന്നും പിണറായി പറഞ്ഞു.

യുദ്ധ പ്രഖ്യാപനത്തിന് തങ്ങളില്ല. രാജ്യത്തെ ജനങ്ങളോടു യുദ്ധ പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുദ്ധ പ്രഖ്യാപനം സാധാരണ ജനങ്ങൾക്ക് നേരെയാണെന്നും അങ്ങനെ പ്രഖ്യാപനം നടത്തിയാൽ നോക്കിയിരിക്കില്ല.

സഹകരണ മേഖല ശക്തമായിട്ടുള്ളത് ഗുജറാത്തിലാണെന്നും മധ്യപ്രദേശിലുമാണെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്. എന്നാൽ ഇത്ര വ്യാപകമായ നിക്ഷേപം കേരളത്തിലല്ലാതെ മറ്റൊരിടത്തുമില്ല. ആർക്ക് വേണമെങ്കിലും സഹകരണ മേഖലയിൽ അന്വേഷണം നടത്താവുന്നതേയുള്ളു. അപ്പോൾ അതല്ല ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

പ്രതിഷേധം രാജ്യവ്യാപകമാണെന്നും നാളെ ഗുജറാത്തിൽ കർഷകർ റോഡുപരോധിക്കുന്നതു ബിജെപി നേതാക്കൾ കാണണം. സഹകരണ മേഖലയ്‌ക്കെതിരെയുള്ള നടപടി സാധാരണമല്ല. അത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പിണറായി പറഞ്ഞു.

സഹകരണ ബാങ്കുകളിൽ ഉള്ളത് സാധാരണക്കാരന്റെ പണമാണ്. സംസ്ഥാനത്തെ കർഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾക്ക് എന്നും ഒപ്പം നിന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റയടിക്ക് ഒരു ബാങ്ക് ഇല്ല എന്ന് പ്രഖ്യാപിക്കലാണോ ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും പിണറായി സമരത്തിന്റെ ഉദ്ഘാടന സമയത്ത് പറഞ്ഞിരുന്നു.