തിരുവനന്തപുരം: ഏറനാടൻ ഭാഷ മുമ്പും ഏറനാട്ട് നിന്നുള്ള പി.കെ.ബഷീർ എംഎൽഎയ്ക്ക് പണി കൊടുത്തിട്ടുണ്ട്. ഇത്തവണ അതുനിയമസഭയിലാണെന്ന വ്യത്യാസം മാത്രം. ഭവനരഹിതർക്കുള്ള ലൈഫ് മിഷനുമായി ബന്ധപ്പെട്ടായിരുന്നു ബഷീറിന്റെ പരിഭവവും പരാതിയും.

എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിനെ കഴിഞ്ഞ ദിവസം പി.കെ.ബഷീർ ഒന്നുപൊളിച്ചടുക്കാൻ നോക്കി. വൈകിട്ട് പണിയും കഴിഞ്ഞ അരിയും സാധനങ്ങളുമായി വരുന്ന ഗൃഹനാഥന്റെ കഷ്ടപ്പാടും, അവരെ കാത്തിരിക്കുന്ന കുടുംബത്തെയുമൊക്കെ ചിത്രീകരിച്ചിട്ട്, ബഷീർ പറഞ്ഞു: ചില ഗൃഹനാഥന്മാരുണ്ട് സർ, വൈകുന്നേരം മൂക്കറ്റം കള്ളും കുടിച്ച് ബോധമില്ലാതെ വരുമ്പോൾ ഭാര്യ ചോദിക്കും നിങ്ങൾ മൂക്കറ്റം കുടിച്ച് എല്ലാം നശിപ്പിച്ചുവല്ലേ? അപ്പോ ഗൃഹനാഥൻ എന്തുചെയ്യും? ഭാര്യയെ പിടിച്ച് പള്ളയ്ക്കിട്ട് ആഞ്ഞൊരുചവിട്ടാണ്.ചവിട്ടിയിട്ട് പറയും ഞാൻ എല്ലാം ശരിയാക്കിത്തരാം..നിന്നെയും ശരിയാക്കി തരാം. അതുപോലെ കേരളത്തിലെ ലക്ഷക്കണക്കിന് ഭവനരഹിതരായ ആളുകൾ കാത്തിരിക്കുകയാണ് എപ്പോൾ വീടുകിട്ടുമെന്ന് അറിയാതെ.എന്നാൽ അവർക്ക് കിട്ടുന്നത് സ്വപ്‌നങ്ങൾക്ക് മേലൊരു ചവിട്ടാണെന്നാണ് ബഷീറിന്റെ പക്ഷം.

ലൈഫ് മിഷന്റെ ഭാഗമായി വീടുണ്ടാക്കാൻ എന്തിനാണ് ടെക്‌നിക്കൽ ഏജൻസി ...നിങ്ങളുടെ തലയിലെന്താ..കളിമണ്ണാണോയെന്നും ചോദിക്കുന്നു ബഷീർ.സ്വന്തമായി വീടില്ലാത്ത ഒരാൾ സർക്കാരിനെ സമീപിച്ചാൽ റേഷൻ കാർഡ് വേണം...റേഷൻ കാർഡുണ്ടെങ്കിൽ വീട്ട് നമ്പർ വേണം..വീട് നമ്പർ വേണമെങ്കിൽ വീട് വേണം..ഇതാണ് നാട്ടിലെ സ്ഥിതിയെന്ന് ബഷീർ പരഹസിച്ചു.

പി.കെ.ബഷീറിന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റാണ്.. നാട്ടുകാർ മുഴുവൻ വീട് വേണം വീട്് വേണം എന്ന പറഞ്ഞ് കിടക്കപ്പൊറുതി തരില്ല. അതാണ് ബഷീറിന്റെയും പ്രശ്‌നം.
'ആ സോഫ്റ്റ് വെയറുണ്ടല്ലോ, അതെങ്ങനെ വച്ചാലും ഇതങ്ങോട്ട് കേറൂല. ആ ലിസ്റ്റിലേക്ക് കേറൂല. ഞാൻ പറഞ്ഞ് തരാം സാർ. എനിക്കിത് നന്നായി അറിയാം..നമ്മൂടെ ഭാര്യ ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റാണല്ലോ..അതിന്റെ ഒരുഭാഗമൊക്കെ നമുക്കും അറിയാം..കിടക്കപ്പായിലെ ഒരുസുഖോല്ലാത്തോണ്ടാ ഞാൻ ഇത് അവതരിപ്പിച്ചത്.സർ നാല് ടേമില് എന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്....മൂന്ന് ടേമിലും പ്രശ്‌നമുണ്ടായിട്ടില്ല.വൈഫില്ലാതെന്തൊരു ലൈഫാ..'

പിണറായിയെ അൽപം പുകഴ്‌ത്താനും ബഷീർ മറന്നില്ല. ഞാൻ പണ്ടേ അങ്ങയുടെ ആരാധകനാ..ഒരു നിലപാടുള്ള മനുഷ്യനാ അങ്ങെന്ന് എനിക്ക് നേരത്തോ തോന്നിയിട്ടുണ്ട്.

ഇതെല്ലാം കേട്ട് പിണറായിയുടെ മറുപടി ഇങ്ങനെ..അദ്ദേഹം തന്നെ വ്യക്തമാക്കി..കിടക്കപ്പായിലെന്തോ പ്രശ്‌നമുണ്ടെന്ന്..സർ അതിന് ഞാൻ വിചാരിച്ചാ പരിഹാരമാകുന്നതല്ലാല്ലോ.. നമ്മുടെ ഈ കിടപ്പ് വശം വച്ച് ..ചില കാര്യങ്ങളിലെങ്കിലും തടസ്സങ്ങളുണ്ടാകാറുണ്ടല്ലോ.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾക്ക് ബഷീറിന്റെ പരാതിയോടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.ഏതായാലും ബഷീറുന്റെ പരാതിയും, പിണറായിയുടെ മറുപടിയും ട്രോളന്മാർക്ക് നല്ല വിരുന്നായി.