തിരുവനന്തപുരം: റിയോ ഒളിമ്പിക്സിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് മിനിസ്റ്റർ ഒഫിഷ്യൽ എന്ന ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴിയാണ് മുഖ്യ മന്ത്രി ആശംസകൾ പങ്കുവച്ചത്.

ഓഗസ്റ്റ് 5 നാണ് റിയോ ഒളിമ്പിക്സ് ആരംഭിക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യ അയക്കുന്ന ഏറ്റവും വലിയ സംഘമാണിത്. എല്ലാ കായികതാരങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതാ ഇങ്ങനെ:

'ഒരു നവലോകം' എന്നതാണ് ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിൽ 2016 ഓഗസ്റ്റ് 5-ന് തുടങ്ങുവാൻ പോകുന്ന ഒളിമ്പിക്സ് ഉയർത്തുന്ന മുദ്രാവാക്യം. 15 ഇനങ്ങളിലായി നൂറിലധികം കായികതാരങ്ങൾ ഇന്ത്യൻ ജനതയെ പ്രതിനിധീകരിച്ച് ഈ ലോക കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നു. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യ അയക്കുന്ന ഏറ്റവും വലിയ സംഘവുമാണിത്.ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. സമത്വസുന്ദരമായ നവലോക സൃഷ്ടിക്ക് ഒരു നല്ല സന്ദേശം നൽകുവാൻ ഈ ഒളിമ്പിക്സിന് സാധിക്കട്ടെ.