- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിലായിരിക്കെ സെപ്റ്റംബർ 9ന് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലിൽ പിണറായി വിജയൻ ഒപ്പിട്ടുവെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിറണായി വിജയൻ. തന്റെ ഒപ്പ് വ്യാജമല്ലെന്ന് മുഖ്യമന്തരി വ്യക്തമാക്കി. ആ ഒപ്പ് എന്റേതു തന്നെയാണ്. ഒരു ഫയലിൽ മാത്രമല്ല ഒരു ദിവസം 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ടെന്നും പിറണായി അറിയിച്ചു. ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടതെന്നും ബിജെപിക്ക് കാര്യങ്ങൾ അറിയാർത്തതിനാലാണ് ആരോപണം ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഫയൽ പരിശോധന ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ്. ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പുതന്നെയാണെന്നും മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല, 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകളിൽ താൻ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ഒരു വിശദീകരണം വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ കൈയിലും ഐപാഡുണ്ടെന്നും യാത്രകളിൽ താൻ അത് കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്ന മുസ്ലിംലീഗിനെയും പിണറായി വിജയൻ വിമർശിച്ചു. വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപിയുടെ ആരോപണം ഗുരുതരമാണെന്ന മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തേയും അദ്ദേഹം ചിരിച്ചുതള്ളി. ഒക്കച്ചങ്ങാതിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി. പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പറയുന്നതിന് ബലം കൊടുക്കാൻ യു.ഡി.എഫ്. ഇടപെടുക, യു.ഡി.എഫ്. നിലവിൽ അത്തരമൊരു നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫയലുകൾ എങ്ങനെയാണ് സന്ദീപ് വാര്യർക്ക് ലഭിച്ചതെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി വക്താവ് സന്ദീപ് വാര്യറാണ് 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സമയത്ത് ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിച്ചത്. 2018 സെപ്റ്റംബർ 2 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി. തിരിച്ചു വരുന്നത് സെപ്റ്റംബർ 23 -നാണ്. സെപ്റ്റംബർ 3 ന് പൊതുഭരണ വകുപ്പിൽ നിന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയൽ വന്നു. സെപ്റ്റംബർ 9 ന് മുഖ്യമന്ത്രി ആ ഫയലിൽ ഒപ്പു വച്ചതായി കാണുന്നു.13 നു ഫയൽ തിരിച്ചു പോയി. ഈ സമയത്ത് കേരള മുഖ്യമന്ത്രി അമേരിക്കയിലാണെന്നായിരുന്നു സന്ദീപിന്റെ ആരോപണം.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് പുറത്തു പോയ സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ആരോപണം തള്ളി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല, സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. സ്കാൻ ചെയ്ത് അയച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ട് തിരിച്ചയച്ചതാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് : ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.