- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേബി ഡാമിലെ മരം മുറിക്ക് നീക്കം തുടങ്ങിയത് ആറ് മാസം മുമ്പ്; സുപ്രീംകോടതിയും മന്ത്രിസഭയും അറിഞ്ഞിട്ടും നടിക്കുന്നത് ഒന്നും അറിഞ്ഞില്ലെന്ന്; സർക്കാറിനെ തിരിഞ്ഞു കുത്തുന്ന രേഖകൾ പുറത്തുവരുമ്പോഴും ഒന്നും ഉരിയാടാതെ മുഖ്യമന്ത്രി; ഡിഎംകെയിൽ നിന്നും വാങ്ങിയ കോടികൾ പിണറായിയുടെ വായടപ്പിച്ചോ?
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ തെളിവുകളോടെ പിടിക്കപ്പെടുന്ന രണ്ടാമത്തെ മരംമുറി വിവാദമാണ് ഇപ്പോഴത്തേത്. വയനാട്ടിലെ മരം മുറി ആരോപണത്തിലും ആരോപണം നീണ്ടത് മുഖ്യമന്ത്രിക്ക് നേരെയാണ്. ഇപ്പോൾ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു കൊണ്ടുള്ള മുല്ലപ്പെരിയാർ നീക്കത്തിലും മുഖ്യമന്ത്രി പിണറായി വിജയനാണ്. സുപ്രീംകോടതിയും മന്ത്രിസഭയും അടക്കം അറിയേണ്ടവരെല്ലാം ഈ വിഷയം അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് ദ്വീർഘമൗനത്തിലാണ്. വിഷയത്തിൽ ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മാത്രമാണ് ബലിയാടായിട്ടുള്ളത്. സ്വന്തം വകുപ്പിലെ പോലും കാര്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലേ എന്ന ആരോപണവും ഉതോടെ ഉയരുന്നുണ്ട്.
മുല്ലപ്പെരിയാർ മരംമുറി ഉന്നതർ അറിഞ്ഞു തന്നെയാണെന്നതിനു തെളിവുകൾ കൂടുതലായി പുറത്തു വരുന്നുണ്ട്. ഡിഎംകെയോട് സിപിഎം വാങ്ങിയ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കൂറു കാണിക്കലാണോ ഇപ്പോൾ നടക്കുന്നതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. അന്തർ സംസ്ഥാന നദീജല വിഷയങ്ങളുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹത കൂട്ടുകയും ചെയ്യുന്നു. 2 സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്ക വിഷയത്തിലെ തന്ത്രപ്രധാനമായ തീരുമാനം സർക്കാർ എടുക്കുന്നത് 2 വകുപ്പു തലവന്മാർ മാത്രം അറിഞ്ഞാണോ എന്നതാണു പ്രധാന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ പ്രതിക്കൂട്ടിലാക്കുന്നത രാഷ്ട്രീയ നേതൃത്വം തന്നെയാണ്.
മരം മുറിക്ക് അനുമതി നൽകിയതിൽ ഉത്തരവാദിയാര്?
രാഷ്ട്രീയ തീരുമാനമല്ലെന്ന വിധത്തിലാണ് കാര്യങ്ങളെങ്കിൽ ജലവിഭവ വകുപ്പിനു നേതൃത്വം നൽകുന്ന അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും തമിഴ്നാടിന് അനുകൂലമായ മരംമുറി ഉത്തരവ് രൂപപ്പെട്ടതിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇവിടെ പ്രതിക്കൂട്ടിലായതും സസ്പെൻഡ് ചെയ്യപ്പെട്ടതും ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മാത്രമാണ്. ചീഫ് വൈൽഡ്ലൈഫ് വാർഡനാണോ പിണറായി സർക്കാരിൽ അന്തർ സംസ്ഥാന തീരുമാനങ്ങളെടുക്കുന്നതിനു നായകത്വം വഹിക്കുന്നതെന്ന സന്ദേഹം ന്യായം.
അഡിഷനൽ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച ചെയ്തുള്ളതാണ് ഉത്തരവെന്നാണു ബെന്നിച്ചൻ തോമസ് സർക്കാരിനു നൽകിയ വിശദീകരണം. ബന്ധപ്പെട്ട യോഗങ്ങളിൽ ടി.കെ.ജോസും രാജേഷ്കുമാർ സിൻഹയും പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയോ വനം മന്ത്രി എ.കെ.ശശീന്ദ്രനെയോ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഇവർ മുന്നോട്ടു പോകുമോ എന്ന സംശയം ഉയരുന്നു. പരസ്പരം പഴി ചാരുന്നതിനൊപ്പം തങ്ങൾ ഒന്നും അറിഞ്ഞില്ലെന്നും ഇരു മന്ത്രിമാരും അവകാശപ്പെടുന്നു. വകുപ്പു മന്ത്രിമാർ പോലും അറിയാതെ ചർച്ച നടത്തി ഉത്തരവ് ഇറക്കാനുള്ള ധൈര്യം എവിടെ നിന്ന് ഉദ്യോഗസ്ഥർക്കു ലഭിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്.
സാധാരണ ഗതിയിൽ മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും കണ്ട് അനുവാദം നൽകേണ്ടതാണ് ഈ ഫയൽ. കൂടുതൽ ആധികാരികതയ്ക്കായി മന്ത്രിസഭ ചർച്ച ചെയ്യുന്നതു തന്നെയായിരുന്നു ഉചിതവും. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലായ ജി,പ്രകാശ് ഒക്ടോബർ 27നു നൽകിയ കുറിപ്പിൽ ഇക്കാര്യം പരാമർശിക്കുന്നതു കൂടുതൽ ഗൗരവതരമാണ്. സെപ്റ്റംബർ 17നു ചേർന്ന കേരളതമിഴ്നാട് സെക്രട്ടറി തല ചർച്ചയിൽ ബേബി ഡാമിൽ നിന്നു മരം മുറിക്കാനും അവിടെ നിന്ന് അതു നീക്കാനും ഉള്ള അനുവാദം ലഭിച്ചതായി ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഈ കുറിപ്പ് എങ്കിൽ ബന്ധപ്പെട്ടവർ ഉത്തരം നൽകേണ്ടതാണ്.
മുഖ്യമന്ത്രി പ്രതികരിക്കാൻ മടിക്കുന്നത് എന്തേ?
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പിണറായി വിജയനു നന്ദി അറിയിച്ചു നൽകിയ കത്തിലൂടെയാണു മരംമുറി ഉത്തരവു പുറം ലോകം അറിഞ്ഞത്. ആ ഉത്തരവു തന്നെ റദ്ദാക്കിയാണു സ്റ്റാലിനു കേരളം മറുപടി നൽകിയത്. എന്നാൽ, മന്ത്രിമാർ ഭിന്ന സ്വരത്തിൽ സംസാരിക്കുകയും സംസ്ഥാന താൽപര്യത്തെ ദോഷകരമായി ബാധിക്കുന്ന വീഴ്ച ഭരണതലത്തിൽ ഉണ്ടായെന്നു വ്യക്തമാകുകയും ചെയ്തിട്ടും വിശദീകരണത്തിനു പിണറായി തുനിഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കി വിവാദങ്ങൾ അവസാനിപ്പിക്കുന്ന അദ്ദേഹത്തിന്റെ പതിവുശൈലിയിൽ നിന്ന് ഇതു വ്യത്യസ്തമാണ്. ഇതിന് കാരണം എന്താണെന്നാണ് എല്ലാവരും തേടുന്നത്.
പരസ്യ വിവാദം വേണ്ടെന്നു വച്ചിട്ടാണെങ്കിൽ എൽഡിഎഫിലോ സിപിഎം സെക്രട്ടേറിയറ്റിലോ മുഖ്യമന്ത്രിക്കു നയം വ്യക്തമാക്കാം. എന്നാൽ മുഖ്യമന്ത്രി പറയുന്നതു കേൾക്കുന്നതല്ലാതെ അദ്ദേഹത്തിനു നേരെ സംശയങ്ങൾ പോലും ഈ വേദികളിൽ ഉയരാറില്ല. മന്ത്രി റോഷിക്കു പാർട്ടിയുടെ പിന്തുണ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥിതി അത്ര പന്തിയല്ല, മന്ത്രിയുടെ വീഴ്ച ചർച്ച ചെയ്യാനായി നാളെ കൊച്ചിയിൽ എൻസിപി നേതൃയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമോ എന്നും കണ്ടു തന്നെ അറിയണംയ
കൂടുതൽ തെളിവുകൾ പുറത്ത്
മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞു സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും ഔദ്യോഗിക രേഖകൾ സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. സർക്കാർതല യോഗങ്ങളും കത്തുകളും സംബന്ധിച്ച കൂടുതൽ തെളിവുകൾ ഇന്നലെയും പുറത്തു വന്നു. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ വ്യക്തമായി പരാമർശിച്ചാണു മരം മുറി ഉത്തരവിറക്കിയ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാരിനു 7 പേജ് വിശദീകരണം നൽകിയത്.
'ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും സുപ്രീം കോടതി നിർദേശത്തെ തുടർന്നുമാണു മരം മുറി ഉത്തരവിറക്കിയത്. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അറിവോടെയാണു നടപടികൾ സ്വീകരിച്ചത്. ജലവിഭവ വകുപ്പിനു പുറമേ, വനം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർക്കും ഉത്തരവിനെക്കുറിച്ച് അറിയാമായിരുന്നു. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണു മരം മുറിക്കാനുള്ള അനുവാദം നൽകിയത്.
മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ല. സെപ്റ്റംബർ 15ന് ടി.കെ. ജോസിന്റെയും ചീഫ് വൈൽഡ്ലൈഫ് വാർഡന്റെയും നേതൃത്വത്തിലും യോഗം ചേർന്നു. അതേ മാസം 17ന്, അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗം നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണു വകുപ്പുകൾ തമ്മിൽ ധാരണയിലെത്തി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയത്' ബെന്നിച്ചന്റെ വിശദീകരണത്തിൽ പറയുന്നു.
സുപ്രീം കോടതിയും അറിഞ്ഞു
മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകാൻ തീരുമാനിച്ചതിനെക്കുറിച്ചു കേരളം സുപ്രീം കോടതിയെയും അറിയിച്ചതായി ഒക്ടോബർ 27 നു സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് കോടതിക്കു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനമായി എന്നാണ് കേരളം തമിഴ്നാടിനെ അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്താൻ ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനമായിരുന്നു. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോടു നിർദേശിച്ചു. എന്നാൽ, തമിഴ്നാട് ഇതുവരെ ഇങ്ങനെ അപേക്ഷ നൽകിയിട്ടില്ലെന്നും കോടതിക്കു നൽകിയ കുറിപ്പിൽ പറയുന്നു. 15 മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്നു രാജേഷ് കുമാർ സിൻഹ യോഗത്തെ അറിയിച്ചതിനെക്കുറിച്ചും പരാമർശമുണ്ട്.
പറമ്പിക്കുളം ആളിയാർ കരാർ അവലോകനവുമായി ബന്ധപ്പെട്ടാണു കേരളതമിഴ്നാട് സർക്കാർ പ്രതിനിധികൾ വിഡിയോ കോൺഫറൻസിലൂടെ സെപ്റ്റംബർ 17 നു യോഗം ചേർന്നത്. മരം മുറിക്കാനുള്ള അനുമതി നൽകുന്നതു പരിഗണണനയിലാണെന്നു യോഗത്തിൽ പങ്കെടുത്ത ടി.കെ.ജോസ് തമിഴ്നാടിനു നൽകിയ മിനിറ്റ്സിലും ചൂണ്ടിക്കാട്ടി. ബേബി ഡാമിൽ തമിഴ്നാട് നടത്തുന്ന ബലപ്പെടുത്തൽ നടപടികൾക്കായി സാമഗ്രികൾ എത്തിക്കുന്നതിനും, മരങ്ങൾ മുറിച്ചു മാറ്റുന്നതിനും നീക്കം ചെയ്യുന്നതിനും 17 ന് നടന്ന യോഗം അനുമതി നൽകി. ആ യോഗത്തിന്റെ നടത്തിപ്പു ചുമതല സംസ്ഥാന ജലവിഭവ വകുപ്പിനായിരുന്നു.
നീക്കം ആറ് മാസം മുമ്പ്
ഒരു സുപ്രഭാതത്തിൽ തമിഴ്നാടിന് മരം മുറിക്കാൻ അനുമതി നൽകുകയായിരുന്നില്ല കേരളം. മരംമുറിക്ക് അനുമതി നൽകുന്നതിന് സർക്കാർ നടപടികൾ നേരത്തെ തുടങ്ങിയെന്നു ചൂണ്ടിക്കാട്ടുന്നതാണ് ഇഫയൽ രേഖകൾ. മെയ് 23 നു ഫയൽ വനം വകുപ്പിൽ നിന്നു സെക്രട്ടേറിയറ്റിലെ ജലവിഭവ വകുപ്പിൽ എത്തി. ബേബി ഡാമിലെ 23 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഫയൽ ജലവിഭവ വകുപ്പിൽ എത്തിയത്. തുടർന്നു ടി.കെ.ജോസിന്റെ നേതൃത്വത്തിൽ പലതവണ യോഗം ചേർന്നു.
താൻ ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും ഉന്നതതലങ്ങളിൽ ആലോചിച്ചാണ് ഉത്തരവ് ഇറക്കിയതെന്നുമുള്ള തെളിവുകളുമായി ബെന്നിച്ചൻ തോമസ് സർക്കാരിനെ സമീപിച്ചിരുന്നു. ഉത്തരവിറക്കിയത് ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ അറിവോടെയാണെന്നും അനുമതി വേഗത്തിലാക്കണമെന്നു നിർദ്ദേശം ലഭിച്ചിരുന്നതായും സർക്കാരിനു നൽകിയ വിശദീകരണക്കുറിപ്പിൽ ബെന്നിച്ചൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 3 തവണ അഡീഷനൽ ചീഫ് സെക്രട്ടറി യോഗം വിളിച്ചെന്നും ചൂണ്ടിക്കാട്ടി. വനം മന്ത്രി എ.കെ.ശശീന്ദ്രൻ, വനം മേധാവി പി.കെ.കേശവൻ എന്നിവർക്കാണ് ബെന്നിച്ചൻ വിശദീകരണം നൽകിയത്.
ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തതു പിൻവലിക്കണമെന്നു വനം മേധാവി പി.കെ.കേശവനും വകുപ്പിലെ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ പ്രതിനിധികളും മുഖ്യമന്ത്രിയെ സന്ദർശിച്ച് ആവശ്യപ്പെടുകയും ചെയ്തു. പരിശോധിക്കട്ടെ എന്നായിരുന്നു മറുപടി. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം മന്ത്രി എ.കെ.ശശീന്ദ്രനോടും അസോസിയേഷൻ ഉന്നയിച്ചു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന കേരളതമിഴ്നാട് സർക്കാരുകളുടെ സെക്രട്ടറിതല യോഗത്തിലെ തീരുമാനങ്ങൾ കേരളം, തമിഴ്നാടിനെ അറിയിച്ചതിന്റെ രേഖകളും മരംമുറി നടപടികൾ 6 മാസം മുൻപു തന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുന്നുവെന്ന ഇഫയൽ രേഖകളും ഇന്നലെ പുറത്തു വന്നു. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പും സുരക്ഷയും സംബന്ധിച്ചു കേരളം ഉന്നയിച്ച വിഷയങ്ങളിൽ ഇന്നു രണ്ടിനു സുപ്രീം കോടതി വാദം കേൾക്കും. കോതമംഗലം സ്വദേശി ജോ ജോസഫ്, സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ