- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നമ്മളെല്ലാവരും രാഷ്ട്രീയക്കാരാണ്; ചേരി തിരിഞ്ഞ് വാദിക്കുന്നവരുമാണ്; പക്ഷേ ഇത് രാഷ്ട്രീയമല്ല; ഇങ്ങനെ പൊലീസിനെ കയറൂരി വിടരുത്: എംഎൽഎ ആയിട്ടും രണ്ട് വർഷം നിയമസഭയിൽ എത്താൻ കഴിയാത്ത ചെറുപ്പക്കാരനായ പിണറായി വിജയന്റെ പ്രസംഗം തിരിഞ്ഞു കുത്തുമ്പോൾ
സഖാവെ, ഓർമ്മകൾ ഉണ്ടായിരിക്കണം. 1970ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ നിയമസഭയിൽ എത്തി. അടിയന്തരാവസ്ഥമൂലം 1977 വരെ ആ സഭ നീണ്ടു. പക്ഷേ 1975 സപ്തംബർ 28നുശേഷം സഭയിലെത്താൻ ആ യുവാവിന് കഴിഞ്ഞില്ല. അടിയന്തിരാവസ്ഥയിൽ ആദ്യം തന്നെ ജയിലിലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎൽഎമാരിലൊരാളായിരുന്നു അദ്ദേഹം. പക്ഷെ, അടുത്ത നിയമസഭയിലും ആ യുവാവ് എത്തി, കൂത്തുപറമ്പിൽ നിന്നുതന്നെ. അടിയന്തിരാവസ്ഥയിൽ തന്നോട് പൊലീസ് എങ്ങനെയാണ് പെരുമാറിയതെന്ന് ആ ചെറുപ്പക്കാരൻ 1977 മാർച്ച് 30 നു നിയമസഭയിൽ വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു: '1975 സെപ്റ്റംബർ 28നുശേഷം ഈ നിയമസഭയിൽ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയിൽ ഈ സഭയുടെ മുമ്പാകെ എനിക്ക് ചിലത് പറയാനുണ്ട്. കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്റ്റംബർ 28 നു രാത്രിയാണ് വീട്ടിൽവച്ചു എന്നെ പൊലീസ് പിടിച്ചത്. എന്നെ പിടിക്കാൻ വന്നത് കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ ബാലരാമനാണ്. എന്റെ വീട്ടിൽവന്ന് കതകിൽ തട്ടി വിളിച്ചു. ഞാൻ കതകു തുറന്നു. ചോദിച്
സഖാവെ, ഓർമ്മകൾ ഉണ്ടായിരിക്കണം. 1970ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ നിയമസഭയിൽ എത്തി. അടിയന്തരാവസ്ഥമൂലം 1977 വരെ ആ സഭ നീണ്ടു. പക്ഷേ 1975 സപ്തംബർ 28നുശേഷം സഭയിലെത്താൻ ആ യുവാവിന് കഴിഞ്ഞില്ല. അടിയന്തിരാവസ്ഥയിൽ ആദ്യം തന്നെ ജയിലിലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎൽഎമാരിലൊരാളായിരുന്നു അദ്ദേഹം.
പക്ഷെ, അടുത്ത നിയമസഭയിലും ആ യുവാവ് എത്തി, കൂത്തുപറമ്പിൽ നിന്നുതന്നെ. അടിയന്തിരാവസ്ഥയിൽ തന്നോട് പൊലീസ് എങ്ങനെയാണ് പെരുമാറിയതെന്ന് ആ ചെറുപ്പക്കാരൻ 1977 മാർച്ച് 30 നു നിയമസഭയിൽ വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു:
'1975 സെപ്റ്റംബർ 28നുശേഷം ഈ നിയമസഭയിൽ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയിൽ ഈ സഭയുടെ മുമ്പാകെ എനിക്ക് ചിലത് പറയാനുണ്ട്. കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്റ്റംബർ 28 നു രാത്രിയാണ് വീട്ടിൽവച്ചു എന്നെ പൊലീസ് പിടിച്ചത്. എന്നെ പിടിക്കാൻ വന്നത് കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ ബാലരാമനാണ്. എന്റെ വീട്ടിൽവന്ന് കതകിൽ തട്ടി വിളിച്ചു.
ഞാൻ കതകു തുറന്നു. ചോദിച്ചു: എന്താണ്? 'അറസ്റ്റ് ചെയ്യാനാണ്''. എന്താണ് നിങ്ങൾ വന്നത്? 'സ്‌പെഷ്യൽ ഇൻസ്ട്രക്ഷൻ ഉണ്ട്' ആരിൽനിന്നുള്ള ഇൻസ്ട്രക്ഷൻ? 'എസ്‌പിയിൽനിന്ന്. നിങ്ങളെ ഇവിടെ വന്ന് അറസ്റ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്നു'. കൂട്ടത്തിൽ കൂത്തുപറമ്പ് സബ് ഇൻസ്‌പെക്ടറുമുണ്ട്. വലിയ ഒരു സംഘം പൊലീസ് പാർട്ടിയുമുണ്ട്..
ഞാൻ ഉറക്കത്തിൽനിന്ന് എഴുന്നേറ്റതാണ്. ഡ്രസ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു.....
ലോക്കപ്പിലേക്ക് പോകുന്ന പോക്കിൽ എനിക്ക് ഒരു പായ് തന്നു. അതുംകൊണ്ട് ഞാൻ ലോക്കപ്പു മുറിയിൽ കടന്ന് പായിട്ട് ഇരുന്നു. രണ്ടു മിനിട്ടു കഴിഞ്ഞില്ല. ലോക്കപ്പു മുറി അടച്ചു. മുറിയുടെ മുമ്പിലത്തെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയിൽ ലൈറ്റില്ല. മങ്ങിയ വെളിച്ചം മാത്രമേ ഉള്ളു.
രണ്ടു ചെറുപ്പക്കാർ ആ സ്റ്റേഷനിൽ ഉള്ളവരല്ല, പുറത്തുനിന്ന് ഇതിനായിട്ട് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീടു ഞാൻ മനസ്സിലാക്കി. ലോക്കപ്പ് മുറി തുറന്ന് അകത്തുകടന്നു. ഞാൻ ഇരിക്കുകയായിരുന്നു, എഴുന്നേറ്റു നിന്നു. ഒരാൾ വന്നു ചോദിച്ചു, എന്തടോ പേര്? പിണറായി വിജയൻ എന്ന് ഞാൻ പറഞ്ഞു, ഒരാൾ ആവർത്തിച്ചു. ഓ..... പിണറായി വിജയൻ. എന്നു പറയുകയും വീണ്ടും ആവർത്തിക്കുകയും അടി വീഴുകയും ചെയ്തു. അവർ രണ്ടുപേർ ആദ്യറൗണ്ട് അടിച്ചു. രണ്ടുപേർ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവർക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാർ ലോക്കപ്പിനു മുമ്പിൽ നിൽക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകൾ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി.
തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകൾ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാൻ വീഴുന്നുണ്ട്, എഴുന്നേൽക്കുന്നുണ്ട്. അവർ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, 'നീ ആഫീസർക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ' എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേൽക്കാൻ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായിട്ടും വീണു. എഴുന്നേൽക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രമാത്രം ചവിട്ടി.
പിറ്റേദിവസം രാവിലെ 10 മണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിൽ എത്തി പൊലീസ് സ്റ്റേഷനിൽ കയറുമ്പോൾ കണ്ണൂരിലെ പ്രസിദ്ധനായ മറ്റൊരു സബ് ഇൻസ്‌പെക്ടർ ഉണ്ട്. പുലിക്കോടൻ നാരായണൻ. എന്നെ കണ്ടാൽ തന്നെ അന്ന് സത്യം ആർക്കും മനസിലാകും. കാരണം നടക്കാൻ കഴിയുകയില്ല. എടുത്താണ് പൊലീസ് ജീപ്പിൽ കയറ്റിയത്. അവിടെനിന്ന് ഇറങ്ങിപ്പോകുമ്പോഴുമെല്ലാം പിടിച്ചിരിക്കുകയാണ്, നടന്നുപോകാൻ പറ്റുകയില്ല.
സബ് ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണൻ പറഞ്ഞു, വിജയന്റെ മുഖം മാറിയല്ലോ? അപ്പോൾ രണ്ടാമത്തെ റൗണ്ട് അടിവരാൻ പോവുകയാണെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്തോ രണ്ടാമത്തെ റൗണ്ട് അടി ഉണ്ടായില്ല. അവിടെനിന്ന് രാത്രി 12 മണിയോടുകൂടി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി. അവിടെ എത്തിയപ്പോൾ ഡെപ്യൂട്ടി ജയിലറാണ് അഡ്‌മിഷൻ നടത്തേണ്ടത്. അദ്ദേഹത്തോട് ഞാൻ പറഞ്ഞു, 'എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, നിങ്ങൾ കാണുന്നുണ്ടല്ലോ, അത് രേഖപ്പെടുത്തണമെന്നു പറഞ്ഞു''. അയാൾ പറയുകയാണ് വുൺഡ്‌സ് ഇഞ്ചുറി ഉണ്ടെങ്കിൽ മാത്രമേ റിക്കാർഡ് ചെയ്യാൻ ഒക്കുകയുള്ളു. ഞാൻ ഷർട്ട് നീക്കി കാണിച്ചു. കണ്ടാൽ ആർക്കും മനസിലാകും. 'എന്നാൽ അയാൾ വുൺഡ്‌സ് ഇല്ലെന്ന് പറഞ്ഞു. പൊലീസുകാർ അടിച്ചതിന്റെ പാടുകൾ കാണിച്ചത് റിക്കാർഡുചെയ്യാൻ അയാൾ തയ്യാറായില്ല. എന്റെ ഇടത്തെ കാലിന്റെ അടിഭാഗം ഒടിഞ്ഞുകിടക്കുകയാണ്. പൊട്ടിയിരിക്കുയകാണെന്നാണ് എനിക്ക് തോന്നിയത്. എന്നാൽ ഡെപ്യൂട്ടി ജയിലർ അത് വുൺഡ്‌സ് അല്ലെന്ന് പറഞ്ഞ് റിക്കാർഡ് ചെയ്തില്ല.
ഇതേപ്പറ്റി പിന്നീട് ഞാൻ മുഖ്യമന്ത്രിക്കെഴുതി, അന്നിവിടെ സ്പീക്കർ ഇല്ല, ഡെപ്യൂട്ടി സ്പീക്കർക്കെഴുതി. ആരിൽനിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. ഇങ്ങനെയൊന്നു സംഭവിച്ചല്ലോ എന്നു കാണിച്ചുകൊണ്ടുള്ള ഒരു മറുപടിപോലും അവർ എഴുതാൻ തയ്യാറായില്ല.
ഞാൻ ഈ സഭയിലെ എല്ലാ അംഗങ്ങളോടും പറയുകയാണ്. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, നമ്മളെല്ലാം ചേരിതിരിഞ്ഞ് പല രീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സൾക്കിൾ ഇൻസ്‌പെക്ടർക്കുമാത്രം അല്ലെങ്കിൽ കണ്ണൂർ ഡിഎസ്‌പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാൻ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അവർക്ക് പലതും നടത്താൻ കഴിയും.
അപ്പോൾ അതല്ല. അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കിൽ അവർക്കെതിരായി എന്തെങ്കിലും നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല. ഇത് മാന്യതയാണോ? അതുകൊണ്ട് ഈ നിയമസഭയിലെ അംഗങ്ങളോട് എനിക്ക് പറയുവാനുള്ളത് നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, ചേരിതിരിഞ്ഞ് വാദിക്കുന്നവരാണ്. പക്ഷേ രാഷ്ട്രീയമായി ഇങ്ങനെ എതിർക്കാൻ ശ്രമിക്കരുത്. ഇതാർക്കും ഭൂഷണമല്ല.
കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മൾ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാൻ ശ്രീ അച്ചുതമേനോന് എഴുതിയ കത്തിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാർക്കും അടക്കി നിർത്താൻ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്‌ററ് പാർട്ടിയിൽ ആർക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പിൽ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നിൽ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാർട്ടിയിൽ നിൽക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തിൽ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാർട്ടിയിൽ നിൽക്കുന്നത്....
അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏൽപ്പിച്ച് ഒരു സർക്കിൾ ഇൻസ്‌പെക്ടറെകൂടി നിർത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കിൽ അത് അപ്പോൾ ഒതുങ്ങും. പിന്നീട് കൂടുതൽ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു. ഇത് ഭൂഷണമല്ല, ഇത് രാഷ്ട്രീയമല്ല, ഇത് അന്തസിന് ചേർന്നതല്ല. ഇന്ന് നിങ്ങൾ മുഖ്യമന്ത്രിയാണ്. ഇനിയും ഇത് ആവർത്തിക്കാനാണോ നിങ്ങളുടെ ശ്രമം? ഇനിയും ഈ രീതിയിൽ സംഭവങ്ങൾ കൊണ്ടുപോകാനാണോ ശ്രമം? ഇനിയും ഈ രീതിയിൽ പൊലീസുകാരെ കയറൂരി വിടാനാണോ ഭാവം?
ഇന്നാട്ടിലെ സാധാരണ പ്രതിപക്ഷപാർട്ടി പ്രവർത്തകന്മാർക്ക് മര്യാദയായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയുകയില്ലെന്നു വന്നാൽ അതു വളരെ മോശമായ സ്ഥിതിവിശേഷമാണ്. ഇവിടെ ചിലർ ഏകഛത്രാധിപതിയെപ്പോലെ വാണതിന്റെ അനുഭവം എന്താണെന്ന് നിങ്ങൾ ഓർക്കണം. ആ അനുഭവത്തിൽനിന്നും പാഠം പഠിക്കാൻ നിങ്ങൾ തയ്യാറാകണം. നിങ്ങൾ ചുവരെഴുത്തു പഠിക്കണം. അതനുസരിച്ച് പ്രവർത്തിക്കുവാൻ തയ്യാറാകണം. ഇവിടെ നമ്മുടെ മന്ത്രിസഭയ്ക്കുതന്നെ ഇപ്പോൾ എന്തു പറ്റി?
കരുണാകരനോട് എനിക്ക് പറയാനുള്ളത്, ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങൾ വളരെ ശക്തിയായിതന്നെ പറയും. അത് പൊലീസിനെ വിട്ടുതല്ലി ശരിപ്പെടുത്തിക്കളാമെന്നാണെങ്കിൽ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ. കരുണാകരൻ ഓർക്കണം. ഇത്തരം പൊലീസ് മന്ത്രിമാർക്ക്, പൊലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകൾക്ക് ഈ നാട്ടിൽ എന്തു സംഭവിച്ചു കേരളത്തിൽ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരൻ ഓർക്കണം-'
വാൽകഷ്ണം: ഈ നിയമാസഭാപ്രസംഗത്തിന് 40 വർഷങ്ങൾ പൂർത്തിയാകുന്നു. പ്രസംഗം നടത്തിയ യുവ എംഎൽഎ പിണറായി വിജയൻ ഇന്ന് ആഭ്യന്തരംകൂടി ഭരിക്കുന്ന മുഖ്യമന്ത്രി. അന്ന്, പിണറായി എന്തൊക്കെ കരുണാകരനോട് പറഞ്ഞുവോ, അതെല്ലാം ഇന്ന് പിണറായിയോട് കേരളം പറയുന്നു. സഖാവെ, ഓർമ്മകൾ ഉണ്ടായിരിക്കണം.
കടപ്പാട്: സോഷ്യൽമീഡിയ വഴി ലഭിച്ചത്.