കണ്ണൂർ: ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തിയത് കേരളത്തിലാണ്. അന്ന് മുതൽ ഇടതു സർക്കാറുകൾ പറഞ്ഞു പരത്തുന്ന ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ഇടതു സർക്കാറിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടനായയ സിഐഎ പണം മുടക്കുന്നു എന്ന്. ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഊ ഗൂഢാലോചന സിദ്ധാന്തം ആവർത്തിക്കാറുണ്ട്. ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ ആരോപണ ഉന്നയിച്ചു രംഗത്തെത്തിയിരിക്കുന്നു.

ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ പ്രവർത്തനം തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ സി.പി.എം നടത്തിയ റെഡ് വൊളന്റിയർ മാർച്ചിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകെയുള്ള മാധ്യമങ്ങളെ ഉപയോഗിച്ചു കമ്യൂണിസ്റ്റ് സർക്കാരുകളെ അട്ടിമറിക്കാൻ നോക്കുകയാണ് ഇക്കൂട്ടർ.

ലോകത്തെ വൻകിട മാധ്യമങ്ങളിൽ 95 ശതമാനവും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. വിഷലിപ്തമായ വാർത്തകൾ എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തെയും ഇല്ലാതാക്കുകയാണ്. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യങ്ങൾ ചേർന്നിട്ടുണ്ടോ അവർക്കൊക്കെ നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെയും തകർക്കാനാണ് അമേരിക്കൻ സാമ്ര്യാജ്യത്വം ശ്രമം നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ആപത്കരമാണ്. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേകരളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ രൂപംകൊണ്ടപ്പോൾ അതിനെ തകർക്കാൻ അമേരിക്ക പണമിറക്കി. അന്നത്തെ അമേരിക്കൻ അംബാസഡർ മൊയ്നിഹാൻ അത് എഴുതിവെച്ചിട്ടുണ്ട്. അവരുടെ ആശയം ജനങ്ങളിലെത്തിക്കാൻ വലിയ തോതിലുള്ള പ്രചാരണസാമഗ്രികളെ ഉപയോഗിക്കുന്നു. ലോകത്തെ 95 ശതമാനം കുത്തകമാധ്യമങ്ങളും സാമ്രാജ്യത്വപക്ഷത്താണ്. ഇവയെ ഉപയോഗിച്ച് വിഷലിപ്തമായ വാർത്തകൾ സൃഷ്ടിക്കുകയാണ് -പിണറായി പറഞ്ഞു.

അമേരിക്ക-ജപ്പാൻ-ഇന്ത്യ സൈനികസഖ്യം രൂപപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഇടയ്ക്കിടെ ഇന്ത്യയിൽ വന്നുപോകുന്നത് വെറുതെയല്ല. സമചിത്തത നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപാണ് അമേരിക്കയെ നയിക്കുന്നത്. എവിടേക്കാണ് ലോകം പോകുന്നതെന്ന് ഭയപ്പാടോടെയേ കാണാനാവൂ. എന്നാൽ, മോദിയും ആർ.എസ്.എസ്സും തങ്ങൾക്ക് അനുയോജ്യനായാണ് ട്രംപിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.പി.സഹദേവൻ, എം വിജയരാജൻ, ടി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.