മലപ്പുറം: കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് പിണറായി വ്യക്തമാക്കി. 'നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നതായി നാം കാണുന്നുണ്ട്. നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ല' മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാത വികസനത്തിന്റെ പേരിലും പ്രതിഷേധം നടന്നു. ഭൂമി വിട്ടുകൊടുക്കേണ്ടവരായിരുന്നില്ല സമരം ചെയ്തത്. വേറൊരു ഭാഗത്ത് നിന്നാണ് സമരമുണ്ടായത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. നാടിന്റെ വികസനത്തിന് ചില നടപടികൾ ആവശ്യമാണ്. അതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണ് സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം എന്നുള്ളത് ഇന്നുള്ളിടത്ത് നിൽക്കലല്ല. അവിടെ തറച്ച് നിൽക്കലല്ല. കൂടുതൽ മുന്നേറണം. ആ മുന്നേറ്റം ഓരോ ആളുകളുടേയും ജീവിത നിലവാരത്തിലുണ്ടാകണം. അതിനാണ് വികസനം. അത്തരം സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ജനപിന്തുണ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം ലീഗിനെതിരെയും മുഖ്യമന്ത്രി തിരൂരിൽ വെച്ച് വിമർശനം ഉന്നയിച്ചു.വർഗീയ സംഘടനകളുമായി നേരത്തെ സഖ്യമുണ്ടാക്കിയ ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയേ നേരിടേണ്ടത് ന്യൂനപക്ഷ വർഗീതയകൊണ്ടല്ല. മുസ്ലിം ലീഗ് അത് തിരിച്ചറിയണം. ജമാ അത്തെ ഇസ്ലാമിയുടെ സ്വരമാണിപ്പോൾ ലീഗിന്. വഖഫ് പ്രശ്നത്തിൽ അവർ നടത്തിയ റാലി അതാണ് വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതസംഘടനകളോട് ലീഗ് സഖ്യമുണ്ടാക്കുന്നു. ഇതല്ല നാടിന് വേണ്ടത്. ജനാധിപത്യ മതേതരവിശ്വാസികൾ ഒന്നിച്ച് നിന്നാണ് വർഗീയതയെ എതിർക്കേണ്ടത്.

ഹലാൽ, ലൗജിഹാദ്, മലബാർ കലാപം എന്നതിന്റെ പേരിൽ രാഷ്ട്രീയവത്കരിച്ച വർഗീയ ദ്രൂവീകരണത്തിനുള്ള ശ്രമമാണ് കേരളത്തിൽ നടത്തിയത്. വാരിയൻ കുന്നത്ത് ബ്രിട്ടീഷ് വെടിയുണ്ടയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചയാളാണെന്നും 'വീര' സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബദൽ എന്താണ് എന്ന് 2016 മുതൽ 21വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിൽനിന്ന് ജനം മനസിലാക്കിയിട്ടുണ്ട്. മഹാപ്രളയം, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ മറ്റുഭാഗത്തെ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കേരളീയർക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ഈ നയമാണ് ബദൽ. ജനങ്ങളെ വ്യതസ്ത അറകളാക്കി നിർത്തുക എന്നത് വലതുപക്ഷ രാഷ്ട്രീയം ആണ്. ഒരുമയും ഐക്യവുമാണ് നാടിന്റെ വികസനത്തിന് വേണ്ടത്. കഴിച്ച 5 വർഷക്കാലം എൽഡിഎഫ് സർക്കാർ അത് നല്ല രീതിയിൽ നടപ്പാക്കി. അടിസ്ഥാന വികസനകാര്യങ്ങളിൽ നാടിന്റെ വികസനം ഉറപ്പാക്കി മുന്നോട്ട് തന്നെ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.