- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ വധശ്രമം ആദ്യമായിട്ടല്ല; തെക്കാടിപുഴയിൽ കോൺഗ്രസിന്റെ നേതാവ് എന്റെ നേരെ ആയിരുന്നു നിറയൊഴിച്ചത്; മമ്പറത്ത് നടന്നു പോകുമ്പോൾ ഒരാൾ മുകളിൽ നിന്ന് തോക്കെടുത്ത് ചൂണ്ടി, അന്ന് നിറയൊഴിച്ചില്ല; ഒരിക്കൽ ഒരു കുട്ടിയുടെ ഇടപെടലിലും രക്ഷപെട്ടു; തനിക്കെതിരായ വധശ്രമങ്ങൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്തിൽ തനിക്കു നേരെയുണ്ടായത് വധശ്രമമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡിഗോ വിമാനത്തിലെ സംഭവത്തിൽ ഇ.പി.ജയരാജന്റേയും ഗൺമാന്റേയും അവസരോചിത ഇടപെടൽ മൂലമാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികളെ തടഞ്ഞ ജയരാജനെതിരെ സംസ്ഥാനത്ത് ഒരു നിയമ നടപടിയും നിലനിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. തനിക്കു നേരെ നേരത്തെയും നിരവധി തവണ വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് വിമാനത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്മാരെന്നും അദ്ദേഹം പറയുകയുണ്ടായി. പിണറായിയിൽ വെച്ച് വധശ്രമം കുട്ടിയുടെ ഇടപെടൽമൂലം ഒഴിവായി പോയത് സംബന്ധിച്ച് മുഖ്യമന്ത്രി സഭയിൽ വിവരിക്കുകയുമുണ്ടായി.
'എന്നെ തന്നെ ലക്ഷ്യമിട്ട് നിരവധി സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല. ആക്രമണ ശ്രമവും വധശ്രമവും ആദ്യമായിട്ടല്ല. പ്രതിപക്ഷത്തുള്ള ചിലർക്കെല്ലാം അതറിയാം. സണ്ണി ജോസഫിനൊക്കെ അറിയമെന്ന് തോന്നുന്നു. തോലമ്പ്ര തെക്കാടിപുഴയിൽ കോൺഗ്രസിന്റെ നേതാവ് എന്റെ നേരെ ആയിരുന്നു നിറ ഒഴിച്ചത്. മമ്പറത്ത് നടന്നു പോകുമ്പോൾ ഒരാൾ മുകളിൽ നിന്ന് തോക്കെടുത്ത് ചൂണ്ടി. അന്ന് നിറയൊഴിച്ചില്ല. ഈ രണ്ട് സംഭവങ്ങൾ നടക്കുമ്പോഴും ഞാൻ എംഎൽഎയാണ്. മമ്പറത്തെ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്, അതൊരു കളി തോക്കായിരുന്നു എന്നാണ്. മറ്റൊരു സംഭവവും ഉണ്ടായി....
ഞാൻ താമസിക്കുന്ന വീട്ടിൽ നിന്ന് നാട്ടിലെ ചെറിയൊരു ടൗണിലേക്ക് കുറച്ച് നടക്കാനുണ്ട്. രാവിലെ വയലിന്റെ സമീപത്തുകൂടെയാണ് ഞാൻ നടന്ന് വരാറുള്ളത്. ഒരു ദിവസം രാവിലെ അവിടെയുള്ള ഒരു കടയിൽ നാലഞ്ചുപേർ എത്തി. അവിടെ കുട്ടിയോട് ഇവർ ഒരു ഗ്ലാസ് ചോദിച്ചു. കുട്ടി വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ടുപോയി കൊടുത്തു. ചാരായം ഒഴിച്ച് കഴിക്കാനായിരുന്നു ഇത്. അടുത്തുള്ള വീട്ടിൽ നിന്ന് വെള്ളയപ്പവും മറ്റും കൊണ്ടുകൊടുത്തിട്ടുണ്ട്. ഇത് ആരുടെ വീടാണെന്ന് പിന്നെ പറയാം. ഈ ആളുകളുടെ പക്കൽ കൊടുവാളും മറ്റും കണ്ടു. ഇതെല്ലാം കണ്ടപ്പോൾ ഈ കുട്ടിക്ക് സംശയമായി. കുട്ടി കാര്യം ഉമ്മയോട് ചെന്ന് പറഞ്ഞു. ഞാൻ ആ വഴിക്കാണ് പോകുന്നതെന്ന് ഇവർക്കറിയാം. അന്ന് പിണറായി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ തറക്കല്ലിടലാണ്.
അപ്പോൾ ഞാൻ എന്തായാലും അത് വഴി വരുമെന്ന് അവർക്കറിയാം.വേറെ വഴിയൊന്നുമില്ല. അതിന് വേണ്ടിയാണ് ഈ ആളുകൾ അവിടെ കാത്തുനിന്നിരുന്നത്. പക്ഷേ ഈ കുട്ടിയുടെ യാദൃശ്ചിക ഇടപെടലുണ്ടായി. സ്വാഭാവികമായും അപ്പോൾ ആ നാട്ടിൽ ശങ്കയുണ്ടാകും. പിണറായി എന്ന നാടിനെ പറ്റി അറിയാലോ...വന്ന ആളുകൾ മെല്ലെ അവിടെ നിന്ന് മാറി. ഇത് കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞാണ് ഞാൻ ആ വഴിലൂടെ വരുന്നത്. ആളുകളൊക്കെ തുറിച്ച് നോക്കുന്നുണ്ട്. ഒരാൾ വന്ന് എന്നോട് കാര്യം പറഞ്ഞു, അവർ എങ്ങോട്ട് പോയെന്ന് ചോദിച്ചപ്പോൾ ഓരിയമ്പലത്തേക്ക് പോയെന്നാണ് പറഞ്ഞത്...ബാക്കി കാര്യങ്ങൾ ഞാൻ പറയുന്നില്ല. മുഴപ്പലങ്ങാടുള്ള അന്നത്തെ ഒരു റൗഡിയായിരന്നു എന്നെ തേടി വന്നത്.' മുഖ്യന്ത്രി നിയമസഭയിൽ പറയുകയുണ്ടായി.
ഇങ്ങനെ എത്രയെത്ര സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അന്നത്തെ കണ്ണൂരിൽ ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് താൻ. അതിനെല്ലാം പങ്കുവഹിച്ചവരാകും വിമാനത്തിലെ അക്രമണത്തിലും പങ്കുവഹിച്ചിട്ടുണ്ടാകുക എന്നാണ് താൻ ധരിച്ചത്. ഇപ്പറയുന്ന ആൾക്ക് ഈ പദ്ധതിയിൽ പങ്കുണ്ടാകുമെന്ന് തനിക്ക് ശങ്കയുണ്ടായിരുന്നില്ലെന്നും ശബരിനാഥിന്റെ പേര് പറയാതെ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
'ജയരാജനും ഗൺമാനും തടഞ്ഞത്കൊണ്ട് മാത്രമാണ് തനിക്കെതിരെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നതെന്ന് ആവർത്തിച്ചുവ്യക്തമാക്കുന്നു. ആസൂത്രിതമായി അക്രമികൾ വിമാനത്തിൽ കയറ്റിയാൽ എത്ര സെക്യൂരിറ്റി ഉള്ള ആളായാലും അവരെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ വിമാന ജീവനക്കാർക്ക് അവരെ പ്രതിരോധിക്കാൻ യാതൊരു സുരക്ഷാ സംവിധാനങ്ങളും നിലവിലില്ലാത്തതാണ്. അതുകൊണ്ടാണ് വാട്സാപ്പ് ചാറ്റിൽ ഫ്ളൈറ്റിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളത്' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ