- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ഒരു കലാപ കേന്ദ്രമല്ല, എന്നാൽ കലാപ കേന്ദ്രമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്; ഈ ശ്രമങ്ങളെ തടയാൻ കഴിഞ്ഞിട്ടുണ്ട്; തലശേരിയിലെ കൊലപാതകത്തിൽ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവും; തലശ്ശേരി കൊലപാതകത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവർത്തകന്റെ കലാപത്തിൽ നിയമസഭയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ഒരു കലാപ കേന്ദ്രമല്ല, എന്നാൽ കലാപ കേന്ദ്രമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഈ ശ്രമങ്ങളെ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങളും, അക്രമങ്ങളും സംബന്ധിച്ച് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നമ്മുടെ നാട് ക്രമസമാധാന രംഗത്ത് മികവുറ്റതാണ്, ഇക്കാര്യം നീതി ആയോഗ് കണക്കുകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. സംശയത്തിന് ഇട നൽകാത്തതരത്തിൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത് അതി ക്രൂരമായ കൊലപാതകം ആയിരുന്നു. തലശേരിയിലെ കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്, കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് എതിരായ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് സംസാരിക്കുന്നത് ശരിയല്ല. സമാനതകൾ ഇല്ലാത്ത വിധം വിവിധ മേഖലകളിൽ കേരളം മുന്നിൽ നിൽക്കുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റേത് രാഷ്ട്രീയമായി ഉയർത്തിയ ശരിയല്ലാത്ത വർത്തമാനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞിരുന്നു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നുമാണ് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ പ്രതികരിച്ചത്.
ഹരിദാസിന്റെ ഒരു കാൽ അവർ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏൽപ്പിച്ചിരിക്കുന്നത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്‌തൊരു കൊലപാതകമാണ് ഇത്. രണ്ട് പേരെ വകവരുത്തുമെന്ന് അവിടെ ഒരു ബിജെപി നേതാവ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ