തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൽ വിവരാവകാശ നിയമപ്രകാരം നൽകാൻ സാധിക്കില്ലെന്ന നിലപാട് കൈക്കൊണ്ട സംസ്ഥാന സർക്കാറിനെതിരെ വിമർശനം കടുക്കുന്നതിനിടെ വിഷയം നിയമസഭയിൽ ഉയർത്തി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ഭരണ സുതാര്യത അവകാശപ്പെട്ട പിണറായി നിഗൂഢഭരണം നടത്തുന്നുവെന്ന് സഭയ്ക്ക് പുറത്ത് ആരോപണം ഉന്നയിച്ച സതീശന് ഇന്ന ്‌വീണ്ടും വിവരാവകാശത്തിലെ സർക്കാറിന്റെ കള്ളക്കളിക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പണറായി വിജയൻ മന്ത്രിസഭാ തീരുമാനങ്ങൽ മറച്ചുവെക്കില്ലെന്ന് സഭയിൽ പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവെക്കില്ല. ഉത്തരവായതിനുശേഷം മാത്രമായിരിക്കും അവ പുറത്തറിയിക്കുക. എന്നാൽ മാത്രമേ വിവരാവകാശ പ്രകാരം മറുപടി ലഭിക്കുകയുള്ളൂ. വിവരാവകാശ നിയമത്തിലും പറയുന്നത് ഇപ്രകാരമാണ്. വിവരങ്ങൾ പുറത്തറിയിക്കില്ലെന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പിണറായി പറഞ്ഞു.

48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങും. സർക്കാരിന്റെ വെബ്‌സൈറ്റുകളിൽ അവ ലഭ്യമാകും. മന്ത്രിസഭാ തീരുമാനങ്ങൾ നൽകുന്നതിൽ കൂടുതൽ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാനുവൽ ഭേദഗതി നൽകിയിട്ടുണ്ട്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

ജനാധിപത്യത്തിന് അപകടകരമായ സാഹചര്യമാണെന്നു പ്രതിപക്ഷ എംഎൽഎ വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ നൽകണമെന്ന കമ്മിഷൻ ഉത്തരവ് ചർച്ച ചെയ്യണം. ഭരണാധികാരിയായപ്പോൾ പിണറായിക്കു രഹസ്യങ്ങളുണ്ടായി. സർക്കാർ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണെന്നും സതീശൻ പറഞ്ഞു. സർക്കാർ തീരുമാനം അശാസ്ത്രീയമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നത്.

നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരാവകാശ പ്രകാരം ലഭ്യമാകാതിരുന്നപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തനിനിറം ജനങ്ങൾ അറിഞ്ഞാൽ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയതെന്നാണ് പിണറായി അന്ന് പറഞ്ഞത്. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിസഭാ തീരുമാനങ്ങൾ കൈമാറാൻ സാധിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച പഴയ ഫേസ്‌ബുക്ക് പോസ്റ്റുയർത്ത് പിണറായി കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കഴിഞ്ഞ ജനവരി ഒന്നുമുതൽ ഏപ്രിൽ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇക്കാലയളവിലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി. ബി. ബിനുവിന്റെ അപേക്ഷയിലായിരുന്നു ഉത്തരവ്. വിവരങ്ങൾ നൽകിയതിന് ശേഷം ഇക്കാര്യങ്ങൾ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. പത്തു ദിവസത്തിനകം മന്ത്രിസഭായോഗ തീരുമാനങ്ങൾ അപേക്ഷകർക്ക് നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം.പോൾ താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വിവരങ്ങൾ നൽകിയിട്ടില്ലെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇതോടെയാണ് വിവരാവകാശ കമ്മീഷണർക്കെതിരെ കോടതിയ സമീപിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി കടുത്ത നിലപാടാണ് ഉയർത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ഇതെല്ലാം മറുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നും പിണറായി സർക്കാർ വിശദീകരിക്കുന്നു. തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നും നിലപാട് എടുക്കുന്നു. വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തിൽ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാർ നടത്തിയിരുന്ന വാർത്താ സമ്മേളനവും പിണറായി ഒഴിവാക്കിയിരുന്നു.