കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം; 'ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം സിപിഐ(എം) പ്രവർത്തകന്റെ കൊലയിലുള്ള വിരോധം': പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി; പൊലീസ് ഇടപെടലിൽ കണ്ണൂരിൽ സ്ഥിതിഗതികൾ ശാന്തമെന്നും പിണറായി
തിരുവനന്തപുരം: കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ ബിജെപി പ്രവർത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയായാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കണ്ണൂരിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ ബിജെപി പ്രവർത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയായാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച രാത്രി രണ്ട് മണിക്കൂറിന്റെ വ്യത്യാസത്തിൽ സിപിഐ(എം), ബിജെപി പ്രവർത്തകരായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പയ്യന്നൂരിൽ നാലു കിലോമീറ്റർ ചുറ്റളവിലാണ് ഇരു വീടുകളും. ആദ്യം സിപിഐ(എം) പ്രവർത്തകൻ ഏഴിമല കുന്നരുവിലെ സി.വി. ധനരാജും (41), തുടർന്ന് ബിജെപി പ്രവർത്തകൻ അന്നൂർ പടിഞ്ഞാറേക്കരയിലെ സി.കെ. രാമചന്ദ്രനും (46) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ ഇന്നലെ വ്യാപകമായ അക്രമവും അരങ്ങേറി. ബിജെപി, ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളും ഒട്ടേറെ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അക്രമത്തിനിരയായി. സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഐ(എം), ബിജെപി പ്രവർത്തകരായ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂരിലും പരിസരങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഘർഷബാധിതമേഖല സന്ദർശിച്ചു. ധനരാജിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പയ്യന്നൂർ നിയമസഭാമണ്ഡലത്തിൽ സിപിഐ(എം) ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ധനരാജിനെ മൂന്നു ബൈക്കുകളിലായെത്തിയ ഒൻപതംഗസംഘം വെട്ടിക്കൊന്നത്. പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായ ധനരാജ് വീട്ടിലേക്ക് പോകുമ്പോൾ പിന്തുടർന്ന മുഖംമൂടി ധരിച്ച അക്രമിസംഘം മുറ്റത്തു തടഞ്ഞുനിറുത്തി വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കും മുൻപ് വീടിനു പിന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വളഞ്ഞിട്ട് വെട്ടി. ഓടിയെത്തിയ വീട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി അവരുടെ കൺമുന്നിലായിരുന്നു കൊല.
ഏക മകനെ വെട്ടിവീഴ്ത്തുന്നതു കണ്ട് ധനരാജിന്റെ അമ്മ മാധവി ബോധരഹിതയായി. ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ബിജെപി, ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സിപിഐ(എം) നേതൃത്വം ആരോപിച്ചു. പരേതനായ ബാലകൃഷ്ണനാണ് ധനരാജിന്റെ പിതാവ്. ഭാര്യ: എം വി സജിനി (ഡിവൈഎഫ്ഐ കുന്നരു മേഖലാ ജോയിന്റ് സെക്രട്ടറി). മക്കൾ: വിവേകാനന്ദ്, വിദ്യാനന്ദ്.
ബി.എം.എസ് പയ്യന്നൂർ മേഖലാ പ്രസിഡന്റും ബിജെപി മണ്ഡലം കമ്മിറ്റി അംഗവും ഓട്ടോ ഡ്രൈവറുമായ സി.കെ. രാമചന്ദ്രനെ രാത്രി പന്ത്രണ്ടരയോടെയാണ് വീട് ചവിട്ടിത്തുറന്ന് കയറിയ സംഘം വെട്ടിക്കൊന്നത്. ഉറക്കത്തിലായിരുന്ന വീട്ടുകാർ ബഹളം കേട്ടുണർന്ന് അന്ധാളിച്ചു നിൽക്കേ രാമചന്ദ്രനെ അവരുടെ മുന്നിലിട്ട് വെട്ടി. തടയാൻ ശ്രമിച്ച ഭാര്യ രജനിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.ഗുരുതരനിലയിലായ രാമചന്ദ്രനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ധനരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പയ്യന്നൂർ ഗാന്ധി പാർക്കിലും കുന്നരു കാരന്താട് ഷേണായ് മന്ദിരത്തിലും പൊതുദർശനത്തിനു വച്ചു. വൈകിട്ടോടെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം രാമചന്ദ്രന്റെ മൃതദേഹം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും അന്നൂരിലെ ശാന്തിഗ്രാമിലും പൊതുദർശനത്തിനു വച്ചു.