തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും രാജി തീരുമാനമെന്നും തോമസ് ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: തോമസ് ചാണ്ടിയുടെ കാര്യത്തിൽ അദ്ദേഹം ഹൈക്കോടതിയുടെ മുന്നിൽ പോയ കേസിൽ അദ്ദേഹത്തിന്റെ ഹർജി തള്ളിയെന്ന വിധത്തിൽ വാർത്തകൾ ഉണ്ട്. എൽഡിഎഫ് യോഗവും പരിഗണിച്ചതാണ്. എല്ലാ വശവും പരിഗണിച്ച് തീരുമാനം എടുക്കാൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പാർട്ടിയെന്ന നിലയിൽ എൻസിപിയുടെ തീരുമാനവും പരിഗണിക്കും.

ഇന്ന് എൻസിപി യോഗവും ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. രണ്ട് ജഡ്ജിമാരാണ് ഈ കേസ് പരിഗണിക്കുന്നത്. ഇവരുടെ വിധിയും അറിയേണ്ടതും. ഉത്തരവിൽ ജഡ്ജിമാർക്കു വിയോജിപ്പുണ്ട്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുണ്ട്. എൻസിപി യോഗവും ചേരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് തീരുമാനമെടുക്കും. വിധിയുടെ വിശദാംശങ്ങൾ അറിയട്ടെ, ഉചിതമയ തീരുമാനം തക്ക സമയത്ത് കൈക്കൊള്ളും.

അതേസമയം മുഖ്യമന്ത്രി ഇന്ന് ഏഴ് ഇടങ്ങളിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോഴിക്കോട്ടു നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം ആദ്യമായി പ്രതികരണം നടത്തിയത്. തോമസ് ചാണ്ടി നൽകിയ ഹർജിയിലെ പരാമർശങ്ങൾ സർക്കാറിനെയും വെട്ടിലാക്കുന്ന വിധത്തിലായരുരുന്നു. ഇക്കാര്യം വ്യക്തമായതോടെയാണ് തോമസ് ചാണ്ടി വിഷയത്തിൽ ഇടപെട്ടത്.

കലക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി രൂക്ഷമായ പരാമർശങ്ങൾ വാക്കാൽ നടത്തിയിരുന്നു. മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പറഞ്ഞു. ഹർജി പിൻവലിക്കാൻ അവസരം നൽകിയെങ്കിലും മുന്നോട്ടുപോകാൻ തന്നെയായിരുന്നു തോമസ് ചാണ്ടിയുടെ തീരുമാനം. ഇതേത്തുടർന്നു വീണ്ടും കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. പിന്നീടാണ് ഹർജി തള്ളിയത്.

നേരത്തെ മുതൽ തോമസ് ചാണ്ടി വിഷയത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ രാജിവെക്കാൻ ഒരുങ്ങിയാൽ അതിനേ സമയമുണ്ടാകൂ എന്നാണ് അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാട്. ഈ നിലപാടുതുടർന്നതു കൊണ്ടാണ് വിഷയത്തിൽ ചാണ്ടിയെ കോടതിയിൽ പോകാൻ അനുവദിച്ചതും. വിധി വരുന്നതു വരെ കാക്കാൻ തയ്യാറായാതും. ഇപ്പോൾ വിധിയുടെ അടിസ്ഥാനത്തിൽ ചാണ്ടിയുടെ രാജി പിണറായി വിജയൻ വാങ്ങുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.