- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും; രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി; സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി
ചേർത്തല: പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും. സത്യപ്രതിജ്ഞക്ക് മുന്നോടിയായാണ് സിപിഎം, സിപിഐ മന്ത്രിമാർ ആലപ്പുഴയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ രക്തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ചു.
പിന്നാലെ മറ്റ് നിയുക്ത മന്ത്രിമാരും പുഷ്പാർച്ച നടത്തി. നിയുക്ത സ്പീക്കറും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും ചടങ്ങിനെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. പത്ത് മിനിറ്റിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് നീങ്ങി. അവിടെ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി.
എല്ലാ ഇടതുപക്ഷ സർക്കാരുകളും അധികാരമേൽക്കാനായി പുന്നപ്ര വയലാർ സമരഭൂമിയിലെത്തി ആദരമർപ്പിച്ചാണ് പുറപ്പെടുന്നത്. തിരക്ക് മൂലം, കോവിഡ് പ്രോട്ടോക്കോൾ ചിലയിടത്തെങ്കിലും ലംഘിക്കപ്പെട്ടെന്ന് ആരോപണമുയർന്നെങ്കിലും പതിവു തെറ്റിക്കാതെ മന്ത്രിമാരെത്തി. ആലപ്പുഴയിലെ വിപ്ലവമണ്ണിന്റെ മുഖമായ വി എസ് അച്യുതാനന്ദൻ അനാരോഗ്യം മൂലം ചടങ്ങിനെത്തിയില്ല.
സത്യപ്രതിജ്ഞാചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എത്തില്ല എന്നറിയിച്ചിട്ടുണ്ട്. പുതിയ സർക്കാരിന് എല്ലാ ആശംസകളും ഡി രാജ നേർന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടരമീറ്റർ അകലത്തിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കസേരകളടക്കം നിരത്തിയിരിക്കുന്നത്. വേദി അലങ്കരിക്കുന്നതുൾപ്പടെയുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണിവിടെ.
250 കസേരകളാണ് സ്റ്റേഡിയത്തിൽ നിരത്തിയിരിക്കുന്നത്. 400-ൽത്താഴെ ആളുകൾ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. പിആർഡിയുടെ ക്യാമറകളാണ് സെൻട്രൽ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്ക് മൊബൈൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ