- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയതും പഴയതുമായ എംഎൽഎ.മാർക്കും മന്ത്രിമാർക്കും ചടങ്ങിൽ പങ്കാളിത്തം; ബന്ധുക്കൾക്ക് വീട്ടിൽ ഇരുന്ന് ചടങ്ങ് കാണേണ്ടി വരും; മഴ വന്നാൽ സെന്റട്രൽ സ്റ്റേഡിയ വേദിയിൽ മാറ്റം; ട്രിപ്പിൾ ലോക്ഡൗണിലും എകെജി സെന്റർ സജീവം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20-ന് മൂന്നരയ്ക്ക്
തിരുവനന്തപുരം: വ്യാഴാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ എൽഡിഎഫിൽ സമ്മർദ്ദം അതിശക്തം. എത്ര പേരെന്ന അന്തിമ തീരുമാനം ഇന്നുണ്ടാകും. കാലാവസ്ഥ കൂടുതൽ പ്രതികൂലമായാൽ മാത്രം ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽനിന്നു മാറ്റിയാൽ മതിയെന്നും തീരുമാനമായി.
മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗൺ വരെ പ്രഖ്യാപിച്ചിരിക്കെ, 750 പേരെ പങ്കെടുപ്പിച്ചു ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ചുഴലിക്കാറ്റ് കെടുതിക്കിടെ ആഘോഷമായി സത്യപ്രതിജ്ഞ നടത്തുന്നതിലെ അനൗചിത്യവും ചർച്ചയായി. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ ബാധകമാകാത്തത് സിപിഎമ്മിനും ഇടതുപക്ഷത്തിനും മാത്രമാണ്. ഇടത് മുന്നണിയിലെ നയതന്ത്ര ചർച്ചകൾ തുടരുന്നു. ഇടതുമുന്നണി യോഗവും എകെജി സെന്ററിൽ നടക്കും. അങ്ങനെ ട്രിപ്പിൾ ലോക്ഡൗണിൽ സജീവമായ ഏക ഓഫീസാണ് എകെജി സെന്റർ.
ഓൺലൈനായി സത്യപ്രതിജ്ഞ നടത്തി മാതൃക കാട്ടണമെന്നു സമൂഹമാധ്യമങ്ങളിൽ ഇടത് അനുകൂലികളും ആവശ്യപ്പെടുന്നുണ്ട്. 40,000 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന പന്തലും 26,000 ചതുരശ്രയടി വീതമുള്ള രണ്ടു പന്തലുകളുമാണു സ്റ്റേഡിയത്തിൽ ഉയരുന്നത്. സാമൂഹിക അകലം പാലിച്ചു കസേരകൾ സജ്ജീകരിക്കും. പൊതുജനത്തിനു പ്രവേശനമില്ല. മഴ എല്ലാം തകിടം മറിക്കുമോ എന്ന സംശയം ഇടതുപക്ഷത്തിനുണ്ട്. നിലവിലെ പ്രവചനം അനുസരിച്ച് വ്യാഴാഴ്ചയാകുമ്പോൾ തിരുവനന്തപുരത്ത് മഴ ശമിക്കും. ഈ വിശ്വാസത്തിലാണ് മുമ്പോട്ട് പോക്ക്. അതിനിടെ പരമാവധി ആളെ കുറച്ചാകും സത്യപ്രതിജ്ഞയെന്ന് സൂചനയും പുറത്തു വരുന്നുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് 20ന് ഉച്ചയ്ക്ക് ശേഷം നടത്തും. കർശന നിയന്ത്രണത്തോടെയാവും ചടങ്ങുകൾ. നിയുക്ത മന്ത്രിമാരുടെ ഏറ്റവുമടുത്ത ഒന്നോ രണ്ടോ ബന്ധുക്കൾ, നിയുക്ത എംഎൽഎമാർ, സ്ഥാനമൊഴിയുന്ന മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കു മാത്രമാകും പ്രവേശനം. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണം. ആന്റിജൻ പരിശോധനയ്ക്ക് സൗകര്യമുണ്ടാകും. രണ്ടു മീറ്റർ ഇടവിട്ട് ഇരിപ്പിടം ക്രമീകരിക്കും. ഇരിപ്പിടത്തിൽ നിന്ന് മാറരുത്. പൊതുജനത്തിന് പ്രവേശനമില്ല. സാമൂഹ്യ അകലം കൃത്യമായി പാലിക്കാനാണ് ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിലാക്കിയത് എന്നാണ് വിശദീകരണം.
'കോവിഡ്, ട്രിപ്പിൾ ലോക്ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്ഞ മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്ഥർ എന്നിവർ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം'- എന്ന് സിപിഐ. നേതാവ് ബിനോയ് വിശ്വം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. മുഖ്യമന്ത്രിക്ക് ഇത് മനസ്സിലാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കുറിച്ചു. സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തിയത്. പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ. നേതാക്കൾ പറഞ്ഞു. അതാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
സാമൂഹിക അകലം പാലിച്ച് ഇരിപ്പിടമൊരുക്കാനാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയതും പഴയതുമായ എംഎൽഎ.മാർക്കും മന്ത്രിമാർക്കും ചടങ്ങിൽ പങ്കാളിത്തം നൽകാനാണു തീരുമാനം. 20-ന് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ