മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് വിളിക്കാമോ എന്നു ചോദിച്ചു എ എൻ ഷംസീർ; 'പൊട്ടക്കിണറ്റിലെ തവള' എന്ന അർഥത്തിൽ അല്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരെന്നാണ് ഉദ്ദേശിച്ചതെന്ന് സതീശനും; സാകിയ ജാഫ്രിയെ സോണിയ കണ്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സമർഥിച്ചു പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേർക്കു നേർ കൊമ്പു കോർക്കുകയാണ്. സോണിയ ഗാന്ധി ഗുജറാത്ത് കലാപത്തിന് ഇരയായ സാകിയ ജാഫ്രിയയെ സന്ദർശിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ഇരുവരും തമ്മിലുള്ള കൊമ്പുകോർക്കലിന് ഇടയാക്കത്. മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ സതീശൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രി കൂപമണ്ഡൂകം പോലെയാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. എന്നാൽ, ഇന്നലെ ഈ കൂപമണ്ഡൂകം വിഷയവും സഭയിൽ ചർച്ചയായി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുൻപു വാർത്താസമ്മേളനത്തിൽ നടത്തിയ കൂപമണ്ഡൂകം പ്രയോഗത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സതീശനും തമ്മിൽ നിയമസഭയിൽ വാക്പോരുണ്ടായത്. കൂപമണ്ഡൂകം എന്നു മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചതു തെറ്റായിപ്പോയി എന്നു ഭരണപക്ഷത്തുനിന്ന് എ.എൻ.ഷംസീർ പറഞ്ഞതാണ് ആരോപണങ്ങൾക്കു തുടക്കമിട്ടത്.
മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാൻ പാടില്ല എന്നും സഹിഷ്ണുത എന്താണെന്ന് സതീശൻ ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യുമ്പോൾ ഷംസീർ പറഞ്ഞു. പിണറായി വിജയൻ പ്രകാശം പരത്തുന്ന നേതാവാണ്. പ്രതിപക്ഷത്തെ രക്ഷിക്കാൻ വന്ന വി ഡി സതീശൻ പവനായിയെപ്പോലെ ശവമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശൻ. ജനക്ഷേമ നയങ്ങൾ നടപ്പാക്കി മുന്നോട്ട് പോകുന്ന ഇടത് പക്ഷ സർക്കാരിനെ കടന്നാക്രമിക്കുകയാണ് വലത് പക്ഷവും ബിജെപിയും. സ്വർണ്ണക്കടത്ത് ആരോപണം ഇസ്ലാമോ ഫോബിയ ആവുകയാണെന്നും, ഖുർആൻ, ഈന്തപ്പഴം, ബിരിയാണി ചെമ്പ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ എന്നും എ.എൻ.ഷംസീർ സഭയിൽ പറഞ്ഞു.
ഇതിന് മറുപടിയുായി സതീശൻ രംഗത്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി കൂപമണ്ഡൂകത്തെപ്പോലെ ആകരുതെന്നു താൻ പറഞ്ഞത് വാക്കിന്റെ അർഥമായ പൊട്ടക്കിണറ്റിലെ തവള എന്ന അർഥത്തിൽ അല്ലെന്നും ഇടുങ്ങിയ ചിന്താഗതി എന്നാണ് ഉദ്ദേശിച്ചതെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞതിനാലാണ് ആ പ്രയോഗം നടത്തിയത്.
ഗുജറാത്ത് കലാപത്തിന് ഇരയായ സാകിയ ജാഫ്രിയയെ സോണിയ ഗാന്ധി സന്ദർശിച്ചില്ലെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ എഴുതിയ പുസ്തകത്തിൽ ഉണ്ടെന്ന് കെ.ടി.ജലീലും പിന്നീട് മുഖ്യമന്ത്രിയും ചർച്ചയ്ക്കിടെ പറഞ്ഞു. എന്നാൽ, സാകിയ ജാഫ്രിയയെ സർക്യൂട്ട് ഹൗസിൽ വച്ചു സോണിയ ഗാന്ധി കണ്ടുവെന്ന് അവരുടെ മകൻ പറഞ്ഞിട്ടുണ്ടെന്നും അവരുടെ വീട് കലാപസമയത്ത് പൊലീസ് വലയത്തിലായതിനാൽ അങ്ങോട്ടു പോകാൻ അനുവാദമില്ലായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി. ഇക്കാര്യം മാഡത്തിന്റെ ഓഫീസിൽ അടക്കം വിളിച്ചു ഉറപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് പ്രതിപക്ഷ നേതാവ് തന്റെ ഭാഗം വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ