ദുബായ്: മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി യുഎഇ സന്ദർശിക്കാൻ എത്തിയ പിണറായി വിജയന് ആവേശോജ്ജ്വല സ്വീകരണം ഒരുക്കി പ്രവാസികൾ. കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ നയിക്കാനുള്ള പിണറായി ലേബർ ക്യാമ്പ് സന്ദർശിച്ചത് നൂറ് കണക്കിന് വരുന്ന മലയാളികളെ സന്തോഷിപ്പിച്ചു. നിറഞ്ഞ ചിരിയോടെ അൽഖൂസിലെ ലേബർ ക്യാംപിലാണ് മുഖ്യമന്ത്ര പിണറായി എത്തിയത്. നാടിനെ അനുസ്മരിപ്പിക്കും വിധത്തിൽ മുദ്രാവാക്യം വിളികളോടെ ആവേശകരമായ വരവേൽപ്പാണ് തൊഴിലാളികൾ നൽകിയത്.

ചുറ്റും നോക്കി ഏവരെയും കൈവീശി അഭിവാദ്യം ചെയ്ത് തിരക്കുകൂട്ടാതെയാണ് അദ്ദേഹം ക്യാമ്പിലെത്തിയത്. തൊഴിലാളികളുടെ താമസയിടവും ഭക്ഷണശാലയുമെല്ലാം ചുറ്റിനടന്നു കണ്ടു. പിന്നെ, തൊഴിലാളികളുമായി സംസാരിക്കാൻ ക്യാംപിലെ ഓഡിറ്റോറിയത്തിലേക്കു നീങ്ങി. മോദി സ്‌റ്റൈലിൽ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ലേബർ  ക്യാമ്പ് സന്ദർശനവും. പ്രവാസികളോടുള്ള കരുതൽ വ്യക്തമാക്കുന്നതും ആത്മവിശ്വാസം നൽകുന്നതുമായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ വാക്കും. തിരഞ്ഞെടുപ്പിനു മുൻപ് ഡിസംബറിൽ ദുബായിൽ സന്ദർശിച്ചപ്പോഴും തൊഴിലാളികളുടെ കാര്യങ്ങൾ പ്രത്യേകം അന്വേഷിച്ചിരുന്നു. വാക്കു പാലിച്ച അദ്ദേഹം, പ്രത്യേക താൽപര്യമെടുത്താണ് ഇന്നലെ വൈകിട്ട് ക്യാംപിൽ എത്തിയത്.

നാടുവിട്ടു ജോലി ചെയ്യുന്ന ഓരോരുത്തരുടെയും പ്രയാസങ്ങൾ മനസിലാക്കുന്നതായും ഈ ത്യാഗമനോഭാവവും പിന്തുണയുമാണ് കേരളത്തിന്റെ പച്ചപ്പിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളായ ഓരോ സഹോദരന്റെയും പിന്തുണ വിലമതിക്കാനാവാത്തതാണ്. പ്രവാസികളുടെ കാര്യത്തിൽ കരുതലുള്ളതും അവരോടൊപ്പം ചിന്തിക്കുന്നതുമായ സർക്കാരാണ് കേരളത്തിലുള്ളതെന്നു വിശ്വസിക്കാമെന്നും ഉറപ്പുപറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവർ എത്തിയിരുന്നു. കർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ മറ്റു ക്യാംപുകളിൽ നിന്നുള്ളവർക്ക് അകത്തേക്കു വരാനായില്ല. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ നിന്ന് അവർ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. ഇന്നലെ രാവിലെ ദുബായിൽ എത്തിയ മുഖ്യമന്ത്രി കൊച്ചി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തു. കൊച്ചി സ്മാർട്ട്‌സിറ്റിയുടെ പ്രായോജകരായ ദുബായ് ഹോൾഡിങ്‌സ് മേധാവികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു ബുധനാഴ്ചത്തെ പ്രധാനപരിപാടി. ഏതാനും പൗരപ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കാലത്ത് എട്ടരയോടെ എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്. അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ഒപ്പമുണ്ട്. ഭാര്യ കമലയും മകൾ വീണയും മുഖ്യമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ കെ. മുരളീധരൻ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

കേരളത്തിൽ കൂടുതൽ മേഖലകളിൽ നിക്ഷേപം നടത്താൻ സ്മാർട്ട് സിറ്റിയുടെ മുഖ്യപ്രായോജകരായ ദുബായ് ഹോൾഡിങ്‌സ് വൈസ് ചെയർമാനും എം.ഡി.യുമായ അഹമ്മദ് ബിൻ ബയാത് രാവിലെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ താത്പര്യം പ്രകടിപ്പിച്ചു. സ്മാർട്ട് സിറ്റി നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികളും ഇരുകൂട്ടരും ചർച്ചചെയ്തു. സ്മാർട്ട് സിറ്റി വൈസ് ചെയർമാൻ ജാബർ ബിൻ ഹാഫിസ്, അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സ്മാർട്ട് സിറ്റി എം.ഡി. ബാജു ജോർജ്, സ്മാർട്ട് സിറ്റി ഡയറക്ടർ ബോർജിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



സ്മാർട്ട് സിറ്റി വ്യാഴാഴ്ച ദുബായിൽ നടത്തുന്ന ബിസിനസ് മീറ്റിലും മുഖ്യമന്ത്രി പങ്കെടുക്കും. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ മുഖ്യമന്ത്രി വ്യാഴാഴ്ച വൈകീട്ട് സന്ദർശിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഷാർജാ സുൽത്താന് പ്രഖ്യാപിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതിനായി അദ്ദേഹത്തെ കേരളത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിക്കും. ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും തുടർന്ന് മുഖ്യമന്ത്രി നിർവഹിക്കും. വെള്ളിയാഴ്ച അദ്ദേഹത്തിന് ദുബായിൽ പൗരസ്വീകരണവും ഒരുക്കുന്നുണ്ട്.