ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയെന്ന് വി ഡി സതീശൻ; പ്രതിപക്ഷനേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുന്നു വെന്ന് മുഖ്യമന്ത്രിയും; നിയമ സഭയിൽ പിണറായിയും സതീശനും തമ്മിൽ വാക്പോര്; മുഖ്യമന്ത്രിയുടെ വാക്കുകൾ ഗുണ്ടകൾക്ക് പ്രചോദകമെന്ന് പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷത്തെ ചൊല്ലി, നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ വാക്പോര്. എസ്എഫ്ഐ പ്രവർത്തകർ വനിതാ കെ എസ് യു നേതാവിനെ പോലും വളഞ്ഞിട്ട് ആക്രമിച്ച സംഭവം വി ഡി സതീശൻ സഭയിൽ ഉന്നയിച്ചതോടെയാണ് ഇരു നേതാക്കളും തമ്മിൽ സഭാ തലത്തിൽ ഏറ്റുമുട്ടിയത്.
പ്രതിപക്ഷ നേതാവ് കെ.എസ്.യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് പിന്നിരിക്കുന്നവരെപ്പോലെ സംസാരിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്.എഫ്.ഐ. പ്രവർത്തകർ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുന്നു, പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല, ക്രൂരമായ കൃത്യമാണ് ലോ കോളേജിൽ നടന്നത് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ. ഇതിനേ ന്യായീകരിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എന്നാൽ, ക്യാമ്പസുകളിൽ കെ.എസ്.യുവിന്റെ ദീർഘകാലത്തെ അതിക്രമത്തെ നേരിട്ടാണ് എസ്.എഫ്.ഐ വളർന്നുവന്നതെന്നും എസ്.എഫ്.ഐയെ ഇത്തരത്തിൽ അധിക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളുടേയും പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്നും ഗൗരവകരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് പഴയ കെ.എസ്.യുക്കാരനെപ്പോലെ തരംതാഴുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
തുടർന്ന്, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. താൻ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും പല രാഷ്ട്രീയ അതിക്രമങ്ങളേയും അതിജീവിച്ചാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ അപമാനിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗുണ്ടകൾക്ക് പ്രചോദനം നൽകുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
മറുനാടന് മലയാളി ബ്യൂറോ