രോഗ്യ പരിപാലനം ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ സന്ദേശം. ചീഫ് മിനിസ്റ്റർ ഒഫിഷ്യൽ എന്ന് ഔദ്യോഗിക ഫേസ്‌ബുക് പേജ് വഴിയാണ് ആരോഗ്യ രംഗത്ത് കൈവന്ന മാറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപാതിക്കുന്നത്. ഇന്ത്യയിലെ മററു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള ജനതയുടെ ആരോഗ്യസൂചകങ്ങളെ വികസിതരാജ്യങ്ങൾക്ക് ഒപ്പമാണ്. 

എന്നാൽ അടുത്ത കാലത്തായി നമ്മുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണോ എന്ന ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ചികിത്സക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസ്ഥാപനം കേരളത്തിൽ ഉണ്ടാവേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിൽ പോലും ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ ഒരു ഗവേഷണാത്മക സ്വഭാവം ഉണ്ടാകേണ്ടതുണ്ട്. ചെറിയൊരു ശ്രദ്ധ വലിയ അപകടത്തിൽ നിന്നും രക്ഷ നൽകും. ക്ഷണിച്ച് വരുത്തുന്ന രോഗങ്ങളിൽ നിന്നുള്ള മോചനത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.

പിണറായി വിജയന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം...

സാധാരണക്കാരായ ജനങ്ങൾക്ക് പ്രാപ്യമായ പൊതുജന ആരോഗ്യസംരക്ഷണ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മററു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള ജനതയുടെ ആരോഗ്യസൂചകങ്ങളെ വികസിതരാജ്യങ്ങൾക്ക് ഒപ്പമാണ്. ഇതിന് നമ്മെ സഹായിച്ചത് ആരോഗ്യ സംരക്ഷണത്തെ പറ്റിയുള്ള ഉയർന്ന ശാസ്ത്രീയാവബോധവും ചെലവു കുറഞ്ഞ പൊതുജനാരോഗ്യ സംവിധാനങ്ങളുമാണ്. എന്നാൽ അടുത്ത കാലത്തായി നമ്മുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണോ എന്ന ആത്മപരിശോധന നടത്തേണ്ടതുണ്ട്.

വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളാണ് ഇങ്ങനെ പറയുവാൻ ഒരു കാരണം. ആയുർദൈർഘ്യം വർദ്ധിച്ചതും നമ്മുടെ ജീവിതരീതികളിൽ മാറ്റം വന്നതും ജീവിതശൈലീ രോഗങ്ങൾക്ക് ഇടയാക്കുന്നു. നമ്മുടെ ഇടയിൽ അർബുദം, ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ, മാനസിക രോഗങ്ങൾ, പക്ഷാഘാതം എന്നിവമൂലം കഷ്ടപ്പെടുന്നവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം രോഗങ്ങൾക്ക് ശരിയായ ചികിത്സ എല്ലാവർക്കും ലഭ്യമാക്കാനുള്ള സാമ്പത്തികശേഷി വികസിത രാജ്യങ്ങൾക്കുപോലും താങ്ങാനാവാത്തതാണ്. എന്നാൽ ഈ അസുഖങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ നമുക്ക് വലിയ ചെലവില്ലാതെ എടുക്കാവുന്നതാണ്. അത്തരം മുൻകരുതലുകളും രോഗങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയാവബോധവും ശക്തിപ്പെടുത്തലാണ് ഏറ്റവും പ്രധാനം.
വ്യായാമമില്ലാത്ത, ഫാസ്റ്റ് ഫുഡ് ആഹാരങ്ങൾ ധാരാളം കഴിക്കുന്ന ജീവിതശൈലിക്ക് മാറ്റമുണ്ടാകണം. ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കപ്പെടണം. ഇത്തരത്തിൽ സമൂഹത്തെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തുകൾക്കുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ നമ്മുടെ വിദ്യാലയങ്ങളെ ലഹരിവസ്തുക്കളിൽ നിന്നും വിമുക്തമാക്കിയാലേ ആരോഗ്യമുള്ള ഭാവിപൗരന്മാരെ വാർത്തെടുക്കാൻ കഴിയൂ. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രത തകർക്കുന്ന രീതിയിലുള്ള മദ്യത്തിന്റെ അമിതമായ ഉപയോഗത്തിനെതിരെ കുടുംബശ്രീ, അയൽക്കൂട്ടം എന്നിവരുടെ കൂട്ടായ പ്രവർത്തനവും ആവശ്യമാണ്.

ഇത്തരം ഒരു സാമൂഹ്യ സാഹചര്യത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ഇന്ന് 'ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി' സംഘടിപ്പിച്ചത്. ജീവിതശൈലീരോഗങ്ങൾക്കെതിരായ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയും ഇക്കാര്യത്തിൽ പഞ്ചായത്തുകൾ വഹിക്കേണ്ട പങ്കും കണക്കിലെടുത്തുകൊണ്ടു നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. ആദ്യപടി എന്ന നിലയിൽ ഈ വർഷം 200ഓളം ഗ്രാമപഞ്ചായത്തുകളിലും 350ഓളം വിദ്യാലയങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും.

ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെയും 8 മുതൽ 12 ക്ലാസുകളുള്ള വിദ്യാലയങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. കേരളത്തിലെ ജീവിതശൈലീരോഗങ്ങളുടെയും രോഗകാരണങ്ങളുടെയും കണക്കെടുപ്പ് ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. 5 വർഷത്തിനുശേഷം വീണ്ടും ഇത്തരം ഒരു കണക്കെടുപ്പ് നടത്തി ഈ രംഗത്തു നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി മനസ്സിലാക്കാനും ഗവൺമെന്റ് ഉദ്ദേശിക്കുന്നു.

ചികിത്സക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസ്ഥാപനം കേരളത്തിൽ ഉണ്ടാവേണ്ടതുണ്ട്. പഞ്ചായത്ത് തലത്തിൽ പോലും ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ ഒരു ഗവേഷണാത്മക സ്വഭാവം ഉണ്ടാകേണ്ടതുണ്ട്. ചെറിയൊരു ശ്രദ്ധ വലിയ അപകടത്തിൽ നിന്നും രക്ഷ നൽകും. ക്ഷണിച്ച് വരുത്തുന്ന രോഗങ്ങളിൽ നിന്നുള്ള മോചനത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.