സൗമ്യ കൊലക്കേസിലെ സുപ്രീംകോടതിയുടെ വിധി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിധി മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് മിനിസ്റ്റർ ഒഫിഷ്യൽ എന്ന ഫേസ്‌ബുക്ക് പേജ് വഴിയാണ് പിണറായി വിജയൻ സൗമ്യ കൊലക്കേസിലെ വിധിയിൽ പ്രതികരണം അറിയിച്ചത്.

ഗോവിന്ദച്ചാമിമാർ സമൂഹത്തിൽ സ്ത്രീകൾക്കാകെ ഭീഷണി ഉയർത്തുംവിധം വിഹരിക്കുന്നതിന് നിയമത്തിന്റെ സാങ്കേതിക പഴുതുകൾ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാനായി സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

സൗമ്യ കൊലക്കേസിലെ സുപ്രീംകോടതിയുടെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണ്. ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെ ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകും. ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യും.

വിചാരണക്കോടതിയും ഹൈക്കോടതിയും കേസിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. ഫോറൻസിക് തെളിവുകൾ അടക്കം നിരവധി കാര്യങ്ങൾ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തിൽ ഉയർന്നുവന്നിരുന്നു. കൈനഖങ്ങൾക്കിടയിലെ ശരീരാംശങ്ങൾ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടതും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണ്. ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാൽ, സുപ്രീംകോടതി ഇപ്പോൾ നടത്തിയിട്ടുള്ള വിധിപ്രസ്താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കുംവിധമുള്ളതാണ്. ഇത് ഒരു ശിക്ഷയേ ആകുന്നില്ല. സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണ് ഈ വിധി.

സൗമ്യയ്ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സൗമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയും ചിന്ത ന്യായയുക്തമാണ്. ആ വികാരം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുതന്നെ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കും. സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉൾക്കൊള്ളുന്നു എന്ന് ഉറപ്പുനൽകാനും എല്ലാ ശ്രമങ്ങളും നടത്തും. അതിനായി ആ അമ്മയെ കാണും. സൗമ്യയുടെ ഓർമ്മയ്ക്ക് നീതി കിട്ടാൻ വേണ്ടി പഴുതടച്ച് എല്ലാം ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്. അത് ചെയ്യുകതന്നെ ചെയ്യും.

ഗോവിന്ദച്ചാമിമാർ സമൂഹത്തിൽ സ്ത്രീകൾക്കാകെ ഭീഷണി ഉയർത്തുംവിധം വിഹരിക്കുന്നതിന് നിയമത്തിന്റെ സാങ്കേതിക പഴുതുകൾ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാനായി സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.