- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ മൻ കി ബാത്ത് മാതൃകയിൽ സന്ദശവുമായി മുഖ്യമന്ത്രി; സമഗ്രവികസനം ലക്ഷ്യം; വർഗീയതയെ ചെറുക്കുമെന്നും പിണറായി വിജയൻ; റേഡിയോ പ്രസംഗത്തിന്റെ പൂർണ രൂപം
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് മാതൃകയിൽ റേഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയരെ അഭിസംബോധന ചെയ്തു. സർക്കാരിന്റെ നൂറാം ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങളും മുന്നോട്ടുള്ള വഴിയും അദ്ദേഹം വിവരിച്ചു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം. ഇക്കാര്യത്തിൽ കഴിഞ്ഞ നൂറുദിവസം നൽകിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്നു പിണറായി അഭ്യർത്ഥിച്ചു. അഞ്ചുവർഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഇന്നലെ പുറത്തിറക്കിയ ലേഖനത്തിൽ വ്യക്തമാക്കി. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരുന്ന കേരളപ്പിറവി ദിനത്തിൽ 100% വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. ഓണം-ബക്രീദ് ആശംസകൾ നൽകിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. റേഡിയോ സന്ദേശത്തിന്റെ പൂർണരൂപം.. മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയിൽ ഒര
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് മാതൃകയിൽ റേഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയരെ അഭിസംബോധന ചെയ്തു. സർക്കാരിന്റെ നൂറാം ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങളും മുന്നോട്ടുള്ള വഴിയും അദ്ദേഹം വിവരിച്ചു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം. ഇക്കാര്യത്തിൽ കഴിഞ്ഞ നൂറുദിവസം നൽകിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്നു പിണറായി അഭ്യർത്ഥിച്ചു.
അഞ്ചുവർഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഇന്നലെ പുറത്തിറക്കിയ ലേഖനത്തിൽ വ്യക്തമാക്കി. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരുന്ന കേരളപ്പിറവി ദിനത്തിൽ 100% വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. ഓണം-ബക്രീദ് ആശംസകൾ നൽകിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
റേഡിയോ സന്ദേശത്തിന്റെ പൂർണരൂപം..
മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയിൽ ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമ പുതുക്കുന്ന ഓണവും, സ്‌നേഹസാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്റെയും ഓർമകളുണർത്തുന്ന ബക്രീദും വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്.
മലയാളികൾ സമൃദ്ധിയുടെ ആഘോഷത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ സന്തോഷകരമായ സന്ദർഭത്തിൽ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൂറാം ദിവസത്തിലേക്ക് കടക്കുന്നതും എന്നത് ഒരു യാദൃച്ഛികതയാകാം. എങ്കിലും അതിൽ അർത്ഥപൂർണമായ ഒരു ഔചിത്യമുണ്ട് എന്നു തോന്നുകയാണ്.
ജനങ്ങൾ വിശ്വാസപൂർവം ഞങ്ങളിലേല്പിച്ചതാണ് ഭരണമെന്ന ഈ ഉത്തരവാദിത്തം. അതിനെ അതാവശ്യപ്പെടുന്ന മുഴുവൻ ഭദ്രതയോടെയുമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ആമുഖമായിത്തന്നെ അറിയിക്കട്ടെ. കേരളത്തിലെ ഓരോ കുടുംബത്തോടും ഓരോ വ്യക്തിയോടും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. 100 ദിവസമെന്നത് തീരെ ചെറിയ ഒരു കാലയളവാണ് എന്നറിയാം. എന്നിരുന്നാലും ആദ്യ ഘട്ട അവലോകനമെന്ന നിലയിലാണ് ഈ നൂറാം ദിവസത്തെ സർക്കാർ കാണുന്നത്. ഈ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെ ചെയ്തു എന്നും തുടർന്നെന്താണ് ചെയ്യാൻ പോകുന്നതെന്നും ഈ സർക്കാരിനെ അധികാരത്തിലെത്തിച്ച ബഹുമാന്യരായ പൗരജനങ്ങളെ അറിയിക്കുക എന്നത് ഈ സന്ദർഭത്തിലെ കടമയായാണ് ഞങ്ങൾ കാണുന്നത്.
നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തിൽ നിർബന്ധമുണ്ട്. ധനശേഷി ആർജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് രൂപീകരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചതും. അഞ്ച് വർഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓർഡിനൻസ് ഇറക്കിയതും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതുമെല്ലാം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. മുൻ പറഞ്ഞ ആ ദ്വിമുഖ ഉത്തരവാദിത്വമാണ് ഇതിലൊക്കെ പ്രതിഫലിച്ചു നിൽക്കുന്നതെന്ന് അറിയിക്കാൻ സന്തോഷമുണ്ട്.
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സർക്കാരിന്റെ നയം. നിർമ്മല ജലാശയങ്ങളും പച്ചപ്പുനിറഞ്ഞ പ്രകൃതിയും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാൽപ്പനിക ഭാവനയായാൽ പോര, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നമ്മുടെ നാട് ഏറ്റവും വൃത്തിയുള്ളതുകൂടി ആകേണ്ടതുണ്ട്. മലിനമായ ജലസ്രോതസ്സുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
വരുന്ന കേരളപ്പിറവി ദിനത്തിൽ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ഉടനടിയുള്ള ലക്ഷ്യം. മുപ്പതിനായിരത്തിലധികം കുടുംബങ്ങൾക്ക് ശുചിമുറി നിർമ്മിച്ച് നൽകിക്കഴിഞ്ഞു. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജന വിമുക്ത സംസ്ഥാനമായി മാറാൻ പോവുകയാണ് കേരളം. നവംബർ ഒന്നിന് പ്രധാനമന്ത്രി ഇത് സാധ്യമായതായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആധുനിക സമൂഹത്തിനു അത്യന്താപേക്ഷിതമാണ് വേഗതയും സൗകര്യവുമുള്ള ഗതാഗതസംവിധാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാകുവാൻ പോകുന്ന കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ? 45 മീറ്റർ വീതിയിൽ അന്തർദേശീയ നിലവാരത്തിൽ ദേശീയപാത വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന ജില്ലാ പാതകളുടെ പുതുക്കൽ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാർട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പിലാക്കും. പുഴകളും തടാകങ്ങളും ചേർന്ന ഉൾനാടൻ ജലാശയങ്ങളും നീണ്ട കടൽത്തീരവും സ്വന്തമായുള്ള സംസ്ഥാനം എന്ന നിലയിൽ താരതമ്യേന ചെലവുകുറഞ്ഞതും മാലിന്യമുക്തവും അപകട സാധ്യത ഇല്ലാത്തതുമായ ജലഗതാഗതമേഖലയുടെ വികസനം കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഘചഏ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കി താപോർജ്ജാധിഷ്ഠിതവ്യവസായങ്ങൾ അഭിവയോധികിപെടുത്തും. രണ്ടര ലക്ഷം വീടുകൾ കേരളത്തിലിപ്പോഴും വൈദ്യുതിയില്ലാത്തവയായിയുണ്ട്. ആ വീടുകളിലേക്കും വെളിച്ചം എത്തിക്കുക എന്നത് ഒരു പുരോഗമന സർക്കാരിന്റെ കടമയായി ഞങ്ങൾ ഏറ്റെടുക്കുകയാണ്. അടുത്ത വർഷം മാർച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നേറുന്നു. ഭരണത്തിന്റെ കാര്യക്ഷമതയുടെ മുഖങ്ങളാണിതെല്ലാം.
അഭ്യസ്തവിദ്യരായ പുതുതലമുറ നാടിന്റെ സമ്പത്താണെന്ന് സർക്കാർ തിരിച്ചറിയുന്നു. പഠനത്തിനു ശേഷം ജോലി എന്നതിനപ്പുറം സംരംഭങ്ങൾ ആരംഭിക്കാനും തൊഴിൽ ദാതാക്കളായി സ്വയംമാറാനും നമ്മുടെ മിടുക്കരായ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ആർജ്ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സർക്കാരിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്, യുവജനങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ആയിരത്തഞ്ഞൂറോളം സ്റ്റാർടപ്പുകൾ തുടങ്ങുന്ന പദ്ധതി. വൻകിട ഐ.റ്റി. കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാർടപ്പുകൾക്കായി 150 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നമ്മുടെ ഐ.റ്റി. പാർക്കുകളുടെ കെട്ടിട വിസ്തൃതി നിലവിലുള്ളതിൽ നിന്ന് ഒരു കോടി ചതുരശ്ര അടിയായി വർധിപ്പിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ കഠ പാർക്കുകളെയും വികസിപ്പിക്കും.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുകയാണ്. ഇതിനു പുറമേയാണ് അവഗണനയാൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപെടുത്താനുള്ള നടപടികൾ. എഅഇഠയിൽ പൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ച് തുറന്ന് പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾ സംസ്ഥാനസർക്കാരിന്റെ മുൻകൈയിൽ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പൂട്ടാൻ തീരുമാനിച്ചിരുന്ന ഇൻസ്റ്റ്രുമെന്റേഷൻ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ അടച്ചുപൂട്ടലിൽ നിന്നും രക്ഷപെടുത്തി സംസ്ഥാനം ഏറ്റെടുത്ത് മുമ്പോട്ട് പോവുകയാണ്. ഇതേ പോലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിന്റെ കൊച്ചി യൂണിറ്റിന്റെ കാര്യത്തിലും രക്ഷപെടുത്തൽ നടപടിയുമായി മുമ്പോട്ട് പോവുകയാണ്. ഇതൊക്കെ വഴി ആയിരക്കണക്കിന് ആളുകൾക്കാണ് പുതുതായി തൊഴിൽ ലഭിക്കുവാൻ പോകുന്നത്.
മുന്നോട്ടുള്ള പ്രയാണത്തിന് ഇതൊക്കെ ചെയ്യുമ്പോഴും സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളതും അവശത അനുഭവിക്കുന്നതുമായ ആളുകളുടെ ക്ഷേമം ഉറപ്പാവുമ്പോൾ മാത്രമേ യഥാർഥവികസനം സാധ്യമാകുകയുള്ളൂ. അതിനായി സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിർത്തേണ്ടതുണ്ട്. പൊതുവിതരണശൃംഖലയെ ശക്തിപ്പെടുത്തുവാൻ 75 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് പിടിച്ചു നിർത്താൻ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്റ്റോറുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് വില കൂട്ടില്ലായെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. എല്ലാവർക്കും സമൃദ്ധിയായി ആഘോഷിക്കാനുള്ളതാണ് ഉൽസവങ്ങൾ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഓണം-ബക്രീദ് ന്യായവില ചന്തകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപ്ലൈക്കോയ്ക്ക് 80 കോടിയിലധികം രൂപ ഈയവസരത്തിൽ നൽകിയിട്ടുണ്ട്. ഉൽസവാവസരങ്ങളിൽ മാത്രമല്ല സാധാരണദിനങ്ങളിലും വിലനിയന്ത്രണത്തിനായി സർക്കാർ കമ്പോളത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വേഗത്തിൽ നടപ്പിലാക്കാനും റേഷൻ കാർഡുകൾ ആറ് മാസത്തിനകം നൽകാനുമുള്ള നടപടികൾ ആയിട്ടുണ്ട്.
പരമ്പരാഗതമേഖലകളിൽ പണിയെടുക്കുന്ന ഏറെ കഷ്ടത അനുഭവിക്കുന്നവരും പൊതുവേ നിർദ്ധനരുമായ തൊഴിലാളികൾക്ക് സമ്പൂർണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്റ്ററികൾ നേരത്തേ പ്രഖ്യാപിച്ച പോലെ ചിങ്ങം ഒന്നിന് തന്നെ തുറന്ന്, 18000ത്തോളം കശുവണ്ടി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ ഞങ്ങൾ ഏറെ കൃതാർത്ഥരാണ്. കേരളത്തിൽ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. വർഷം തോറും 1000 കോടി രൂപയ്ക്ക് തത്തുല്യമായ തൊഴിൽ ദിനങ്ങൾ ചഞഋഏഅയിലൂടെ നൽകാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകൾക്കുള്ള സമൂഹത്തിന്റെ കരുതലാണ് സാമൂഹിക ക്ഷേമപെൻഷനുകൾ. എല്ലാ ക്ഷേമപെൻഷനുകളും 1000 രൂപയാക്കി വർധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലെത്തിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെൻഷൻ പദ്ധതികളിലായി 37 ലക്ഷം പെൻഷൻകാർക്ക് 2016 ജൂൺ മുതൽ വർധിപ്പിച്ച നിരക്കിൽ 3100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലെത്തിക്കുന്നത്. പെൻഷൻ വീട്ടിൽ കിട്ടുക എന്ന വയോധികജനങ്ങളുടെ സ്വപ്നം സഫലമാക്കാൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു എന്നത് മനസ്സിന് ആശ്വാസം പകരുന്ന കാര്യമാണ്. കടക്കെണിയിലായ മൽസ്യത്തൊഴിലാളികൾക്ക് സമാശ്വാസമായി 50 കോടി രൂപ നൽകാനാണ് ഉദ്ദേശിക്കുന്നത്. 13000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയർത്തി ഖാദി ഗ്രാമങ്ങൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്ത് കടക്കെണിയിലായവരെ കണ്ടില്ലെന്ന് നടിക്കാൻ മനസ്സാക്ഷിയുള്ള സർക്കാരിനു കഴിയില്ല. അവർക്കായി സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവഴി പതിനായിരത്തോളം കുടുംബങ്ങൾക്കാണ് ആശ്വാസം ലഭിക്കുക. എൻഡോസൾഫാൻ ദുരിതബാധിതർ എടുത്തിട്ടുള്ള വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തി.
നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ഞൂറ് കുടുംബങ്ങൾക്ക് ഭവനനിർമ്മാണവും പതിനായിരം പട്ടികജാതിക്കാർക്ക് വിവാഹധനസഹായവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികിൽസയ്ക്ക് പദ്ധതിയുണ്ട്. പട്ടികജാതിക്കോളനികളുടെ അടിസ്ഥാനസൗകര്യവികസനത്തിന് 80 കോടിയിലധികം രൂപയുടെ ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്.
പൗരാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിന് സർക്കാർ ഒന്നാമത്തെ പരിഗണനയാണ് നൽകുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സർക്കാർ സ്വീകരിക്കും. വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. വർഗീയതയ്ക്ക് ഒരിഞ്ചു പോലും വഴങ്ങാത്തതും എല്ലാ വിഭാഗം വിശ്വാസങ്ങളെയും ഒരുപോലെ കാണുന്നതുമായ മതനിരപേക്ഷ പാതയിലൂടെ തന്നെയാവും ഈ സർക്കാരിന്റെ യാത്ര.
സ്ത്രീസുരക്ഷ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചിട്ടുള്ള സർക്കാരാണിത് എന്നത് അറിയാമല്ലോ. പെരുമ്പാവൂരിലെ ജിഷയെ കൊന്നിട്ട് രക്ഷപെട്ടുവെന്ന് കരുതി നടന്നിരുന്ന പ്രതിയെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്തതടക്കമുള്ള ഉദാഹരണങ്ങൾ സമൂഹത്തിൽ പൊതുവെയും സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും വലിയൊരളവിൽ സുരക്ഷാബോധമുണ്ടാക്കിയിട്ടുണ്ട്. രക്ഷാബോധമുള്ള സ്ത്രീസമൂഹമാണ് ഒരു നാടിന്റെ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ അളവുകോൽ എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനമെടുത്തതും ഇത്തരത്തിലുള്ള പ്രത്യേക കരുതലിന്റെ ഭാഗമായാണ്. ഏറെ നാളായി നിലനിൽക്കുന്ന ആവശ്യമാണ് പൊതു ഇടങ്ങളിൽ വൃത്തിയുള്ള മൂത്രപ്പുരകൾ ഒരുക്കുക എന്നത്. ഇതില്ലാത്തതുകൊണ്ട് ഏറെ വിഷമിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളെക്കുറിച്ചുള്ള കരുതൽ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന ബോധ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. ശിശുമരണവും, ഗർഭിണികളുടെ മരണവും കുറയ്ക്കാനായി കങഅയുമായി ചേർന്ന് പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുമുണ്ട്.
സമൂഹത്തിലെ കാൻസർ ആയ അഴിമതിയുടെ ആഴം കഴിഞ്ഞ കാലയളവിൽ മനസ്സിലാക്കിയവരാണ് നമ്മൾ. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. അതിൽ കടുകിട വിട്ടുവീഴ്ച സർക്കാർ ചെയ്യില്ലെന്ന് ഉറപ്പുതരുന്നു. പൊലീസിനും വിജിലൻസിനും ഭരണഘടനാനുസൃതമായ സർവസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിച്ചുകൊടുത്തിട്ടുള്ളത് മനസ്സിലാക്കുമല്ലോ. അവർ സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്നുവെന്നതും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം കുറ്റകൃത്യങ്ങൾ പെട്ടെന്ന് തെളിയിക്കപ്പെടുന്നതും കാലതാമസമില്ലാതെ കുറ്റവാളികൾ പിടിയിലാകുന്നതും ഇത്തരത്തിലുള്ള നയങ്ങളുടെ കൂടി ഫലമായാണ്. വലിയ സാങ്കേതികാസൂത്രണത്തിലൂടെ നടത്തിയ അഠങ തട്ടിപ്പുപോലും ചുരുങ്ങിയ സമയത്തിനുള്ളിൽ ശാസ്ത്രീയമായി അന്വേഷിച്ചു പ്രതിയെപ്പിടിക്കാനായത് കേരളാപൊലീസിനും ആഭ്യന്തര വകുപ്പിനും അഭിമാനകരമാണ്. കുറ്റാന്വേഷണരംഗത്ത് നവതലമുറ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ തന്നെ സുസജ്ജമായ പൊലീസ് സേനയായി കേരള പൊലീസിനെ മാറ്റുവാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. ഭരണപരിഷ്‌കാര കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കിയും ഇ-ഗവേർണൻസ് ഫലപ്രദമാക്കിയും അഴിമതി നിർമ്മാർജനത്തിനുള്ള ശ്രമങ്ങൾ തുടരും.
വ്യവസായമേഖലയുടെ നവീകരണത്തിനൊപ്പം, കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന കാർഷികസംസ്‌കാരം രൂപപ്പെടുത്തേണ്ടതുമുണ്ട്. കയ്യേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിനും കയ്യേറ്റം തടയുന്നതിനും വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. കാർഷികപ്രതിന്ധി നേരിടുന്ന വയനാട്ടിലെ കർഷകർക്ക് ആശ്വാസമേകിക്കൊണ്ട് അവരുടെ കടബാധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വിഷമില്ലാത്ത പച്ചക്കറികൾ യഥേഷ്ടം ലഭിക്കുന്നതിന് ജനകീയ പങ്കാളിത്തത്തിലൂടെ ഉല്പാദനവർദ്ധനവിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തണ്ണീർത്തട സംരക്ഷണ നിയമം ശക്തമായി നടപ്പാക്കുവാനും പ്രകൃതിസമ്പത്തുകൾ വിറ്റുതുലയ്ക്കുന്ന രീതിയവസാനിപ്പിച്ച് കൃഷിയോഗ്യമായ തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. കർഷകരെ സഹായിക്കുവാനായി 385 കോടി രൂപ ചെലവിൽ നെല്ല് സംഭരിക്കും. നേരത്തെയുള്ള നെല്ല് സംഭരണക്കുടിശിക 170 കോടി രൂപ സർക്കാർ കൊടുത്തു തീർത്തു. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുവാൻ വേണ്ടി 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാർഷികോല്പന്നങ്ങൾക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സർക്കാർ നയത്തിന്റെ ഭാഗമാണ്.
അടച്ചുപൂട്ടാൻ തീരുമാനമായ 4 സ്‌കൂളുകൾ സർക്കാർ ഏറ്റെടുത്ത് സംരക്ഷിച്ച കാര്യം ഓർക്കുമല്ലോ. സാധാരണക്കാരന്റെ മക്കൾ പഠിക്കുന്നതും നമ്മുടെ അഭിമാനവുമായ കേരളത്തിലെ 1000 പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. പാവപ്പെട്ടവന്റെ മക്കൾക്കും അങ്ങനെ മെച്ചപ്പെട്ട വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ പ്രാപ്യമാക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നേടിയ ഒരു പുതുതലമുറ നാടിന്റെ ഭാവിയുടെ ഈടുവെയ്‌പ്പാണ്.
കലാ-കായിക-സാംസ്‌കാരിക മേഖലകളുടെ സമഗ്രവികസനത്തിന് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളും മൾടി പർപസ് ഇൻഡോർ സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നുണ്ട്. കരുത്തും, ബുദ്ധിയും, സംസ്‌കാരവും, സർഗശേഷിയുമുള്ള ജനതയാണ് സർക്കാരിന്റെ ലക്ഷ്യം.
ശബരിമല മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
കേരളീയ സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പിന് അതിശക്തമായ പിന്തുണ നൽകുന്നവരാണ് നമ്മുടെ പ്രവാസികൾ. ഗൾഫ് നാടുകളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടു തിരികെ വരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം സർക്കാരിന്റെ കൂടെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. അവരുടെയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും ക്ഷേമം ഉറപ്പു വരുത്തുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പെരുമ്പാവൂരിലെ ജിഷയുടെ അമ്മയ്ക്ക് പ്രഖ്യാപിത തീയ്യതിക്കും ഒരു ദിവസം മുന്നെ തന്നെ വീടു നിർമ്മിച്ചു നൽകിയതും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതും ചിങ്ങം ഒന്നിന് തന്നെ കശുവണ്ടി ഫാക്റ്ററികൾ തുറക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയതും 100 ദിവസത്തിനുള്ളിൽ 37 ലക്ഷത്തിലധികം പേർക്ക് പെൻഷനുകൾ വീടുകളിൽ എത്തിച്ചതും, സമഗ്ര കടാശ്വാസ പദ്ധതി ഉദ്ദേശിച്ച സമയത്ത് തന്നെ തുടങ്ങാനായതുമെല്ലാം ദുർബല വിഭാഗങ്ങളോടുള്ള കരുതലിന്റെ ഭാഗമാണ്. നൽകിയ ഏത് വാക്കും നടപ്പാക്കുന്ന ഈ നിശ്ചയദാർഢ്യം എല്ലാ പദ്ധതി നടപ്പാക്കലിലുമുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു.
മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വച്ച മുദ്രാവാക്യത്തോടും വാഗ്ദാനങ്ങളോടും നീതി പുലർത്താൻ സാധിക്കുന്നുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു. ഇതെല്ലാം സാധിച്ചത് ജനങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും പിന്തുണയുമുള്ളതുകൊണ്ടാണ്. ഇനിയുള്ള പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ജാതിമത വേർതിരിവുകൾക്കതീതമായി നമുക്കൊരുമിച്ചു നിന്ന് കേരളത്തെ ഐശ്വര്യപൂർണമായ ഭാവിയിലേക്ക് നയിക്കാം. നമ്മുടെ പുതുതലമുറയെ സ്വയംപര്യാപ്തതയുടെ സൗഭാഗ്യങ്ങളിലേക്ക് നയിക്കാം. അങ്ങനെ ഒരു നവകേരളത്തിന്റെ സൃഷ്ടിക്കായി നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. ഒരിക്കൽ കൂടി സമൃദ്ധിയുടെയും നിറവിന്റെയും ഓണം-ബക്രീദ് ആശംസകൾ.