- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് ജോലിക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം; ഓഫീസിൽ കയറി സമരാനുകൂലികൾ ആക്രമിച്ചത് പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജിനെ; ഇരിപ്പിടത്തിലെത്തി ചവിട്ടി വീഴ്ത്തി മൂക്കിന് ഇടിച്ചു രക്തം ചിന്തി; ഇരച്ചു കയറിയത് നാൽപ്പതോളം വരുന്ന സംഘം
കോതമംഗലം: ജോലിക്ക് ഹാജരായ പഞ്ചായത്തു സെക്രട്ടറിയെ പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിൽ കയറി ആക്രമിച്ച് അവശനാക്കി. പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് കെ യ്ക്കാണ് മർദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കി.
അത്യവശ്യ ജോലികളുള്ളതിനാൽ താൻ ഓഫീലെത്തി ,തുറന്ന് ജോലി ചെയ്യുമ്പോൾ 40 -ളം വരുന്ന സംഘം എത്തിയെന്നും ഇതിൽ പത്തുപേരടങ്ങുന്ന സംഘം ഓഫീസിൽക്കയറി തന്നെ ആക്രമിക്കുകയായിരുന്നെന്നും സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. വലിയ രീതിയിലുള്ള ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കുകയും തന്നെ ഇരിപ്പിടത്തിലെത്തി അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നുമാണ് സെക്രട്ടറി വെളിപ്പെടുത്തിയിട്ടുള്ളത്.
മർദനമേറ്റ് മൂക്കിലൂടെ രക്തം വാർന്ന നിലയിലാണ് പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമി സംഘത്തിലെ ചിലരെ പൊലീസ് സംഭവ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. പിണ്ടിമനയിൽ സമരാനുകൂലികളുടെ അക്രമണത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിതായുള്ള വരവും പുറത്തുവന്നിട്ടുണ്ട്.
റെജി പുലരി, എം. കെ രാജൻ,റെജി കെ കെ എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദിനമേറ്റതായി അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകരെ സമരാനുകൂലികൾ യാതൊരു കാരണവും കൂടാതെ മർദ്ദിക്കുകയായിരുന്നു എന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം തിരൂരിൽ ഓട്ടോ ഡ്രൈവർക്കും സമരാനുകൂലികളുടെ മർദ്ദനമേറ്റു. തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. ആക്രമണത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായ സുഹൃത്തിനേയും കൊണ്ട് ആശുപത്രിയിലെത്തിയ തന്നെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസർ പറയുന്നു.
പതിനഞ്ച് മിനിറ്റോളം റോഡിലിട്ട് തന്നെ മർദ്ദിച്ചെന്നും യാസർ പറയുന്നു. എസ്.ടി.യു., സിഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസർ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പൊതുജനങ്ങളെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുകയാണ്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു. കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം
തിരുവനന്തപുരം പ്രാവചമ്പലത്ത് മണിക്കൂറുകളോളമാണ് സമരക്കാർ വാഹനങ്ങൾ മുഴുവൻ തടഞ്ഞ് തിരിച്ചയച്ചത്. വഴിതടഞ്ഞുള്ള സമരം തിരുവനന്തപുരത്ത് മാത്രമായിരുന്നില്ല, കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിന്റെ ഓട്ടോയുടെ മുൻവശത്ത് ചില്ല് അടിച്ചു പൊളിച്ചു.
കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ സമരക്കാർ വഴിയിൽ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞത് സംഘർഷത്തിലേക്കെത്തി. ബിജെപി പ്രവർത്തകരും സമരക്കാരു ംതമ്മിലാണ് കയ്യാങ്കളിയിലേക്കെത്തിയത്.
മറുനാടന് മലയാളി ലേഖകന്.