സിഡ്‌നി: രാത്രി എട്ടിനു ശേഷം സ്ത്രീകൾക്കു സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി പ്രത്യേക കോച്ചുകൾ നടപ്പാക്കുന്ന പദ്ധതിക്ക് നാനാഭാഗത്തു നിന്നും എതിർപ്പുകൾ ശക്തമായി. റെയിൽ, ട്രാം, ബസ് യൂണിയൻ വർഷങ്ങൾക്കു മുമ്പ് മുന്നോട്ടു വച്ച ഈ നിർദേശത്തിനാണ് ഇപ്പോൾ ശക്തമായ എതിർപ്പു നേരിടേണ്ടി വന്നിരിക്കുന്നത്. ലൈംഗിക പീഡനകർ, മോഷ്ടാക്കൾ, കവർച്ചക്കാർ, പിടിച്ചുപറിക്കാർ തുടങ്ങിയവരിൽ നിന്ന് സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനാണ് സേഫ് കാരിയേജുകൾ നടപ്പാക്കാൻ പദ്ധതിയിട്ടതെന്ന് റെയിൽ, ട്രാം, ബസ് യൂണിയൻ നാഷണൽ സെക്രട്ടറി ബോബ് നോവ്‌ന വ്യക്തമാക്കിയത്.

പാനിക്ക് ബട്ടണുകൾ, സിസിടിവി ക്യാമറ, നിരന്തരം പൊലീസ് പട്രോളിങ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് സ്ത്രീകൾക്കായി സേഫ് കാരിയേജുകൾ നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നത്. സ്ത്രീകളായ യാത്രക്കാരുടെ മേൽ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഒരു പരിധി വരെ തടയിടാൻ ഇതുമൂലം സാധിക്കുമെന്നും ബോബ് നോവ്‌ന ചൂണ്ടിക്കാട്ടി.  കഴിഞ്ഞ സെപ്റ്റംബറിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും റെയിൽ വേ പരിസരത്ത് വച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് എൻഎസ്ഡബ്ല്യൂ ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തിയിരുന്നത്.

സ്ത്രീകൾക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സമീപകാലത്തായി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്ക് രാത്രി പ്രത്യേക കോച്ചുകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിർദേശമുയർന്നിരിക്കുന്നത് എന്നാൽ ഇത്തരത്തിൽ സ്ത്രീകളെ ഒരു പ്രത്യേക കോച്ചിനുള്ളിൽ അടച്ചുവയ്ക്കാനുള്ള പദ്ധതിക്കെതിരേ ഫെമിനിസ്റ്റുകളും മറ്റു സ്ത്രീ യാത്രക്കാരും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകളെ ഇത്തരത്തിൽ അടച്ചുപൂട്ടുന്നതിനു പകരും പ്രശ്‌നക്കാരായ പുരുഷന്മാരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നും ഇക്കൂട്ടർ പറയുന്നു. മദ്യപിച്ച് ട്രെയിനിൽ കയറുന്ന പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കാൻ മുന്നിലെന്നും ഇവർ ആരോപിക്കുന്നുണ്ട്. ഇത്തരം പുരുഷന്മെർക്കു വേണ്ടി പ്രത്യേകം കാരിയേജുകളിൽ അടയ്ക്കുകയാണ് വേണ്ടതെന്നും ഇവർ ആവശ്യപ്പെടുന്നു.

സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക യാത്രാകമ്പാർട്ടുമെന്റുകൾ ഇറാൻ, ജപ്പാൻ, ഇന്ത്യ, യുഎഇ, ഈജിപ്ത്, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.