കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നു പറഞ്ഞു പരസ്യമായി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അവഹേളിച്ചെന്ന പരാതിയും പൊലീസിന് തലവേദനയാകും. സംഭവത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി ആരാഞ്ഞത് പൊലീസിന് വലിയ പ്രതിസന്ധിയാണ്. വനിത സിവിൽ പൊലീസ് ഓഫിസർക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കി ഡിജിപി സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എട്ടു വയസ്സുകാരിക്കു സഹിക്കേണ്ട വന്ന കാര്യങ്ങൾ ഹർജിക്കാരിയുടെ അഭിഭാഷക വിശദമാക്കിയെന്നു കോടതി പറഞ്ഞു. സംഭവം കുട്ടിയുടെ മനസ്സിന് ആഘാതമുണ്ടാക്കിയെന്നും കാക്കി യൂണിഫോമിനോടു ഭയമായി എന്നുമാണ് അറിയിച്ചത്. കുട്ടിക്കു കൗൺസലിങ് വേണമെങ്കിൽ നടപടിയെടുക്കാൻ തയാറാണെന്നും കോടതി പറഞ്ഞു. കൗൺസലിങ് നൽകിയിരുന്നെന്നും ഇപ്പോൾ വേണ്ടെന്നും അഭിഭാഷക അറിയിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ ആ പൊലീസുകാരിക്ക് പണിയായി മാറും. അവരെ സേനയിൽ നിന്ന് പുറത്താക്കേണ്ട സ്ഥിതിയും വരും. കേസെടുക്കാനും പൊലീസ് നിർബന്ധിതമാകും. പോക്‌സോ കേസെടുക്കാനുള്ള വകുപ്പുണ്ടെന്നാണ് വിലയിരുത്തൽ.

എത്ര കാലമായി പൊലീസ് നന്നാകണം, നന്നാകണം എന്നു പ്രസംഗിക്കുന്നെന്നും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതു ലാഘവത്തോടെ എടുക്കില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. ഒരു കുട്ടിയോട് എങ്ങനെയാണു പൊലീസ് ഓഫിസർ ഇങ്ങനെ ചോദിക്കുന്നത് ഒരു കുട്ടിക്ക് ഇങ്ങനെ മാനസിക ആഘാതമുണ്ടാക്കിയാൽ നമ്മുടെ അടുത്ത ജനറേഷൻ പൊലീസിനെക്കുറിച്ച് എന്താണു വിചാരിക്കുകയെന്നും കോടതി വാക്കാൽ ആരാഞ്ഞു. ഇതെല്ലാം കേസെടുക്കണമെന്ന നിലപാടിലേക്ക് കോടതി എത്തുമെന്നതിന്റെ സൂചനയാണ്.

രജിതയെ സ്ഥലം മാറ്റിയെന്നും ഇപ്പോൾ കൊല്ലത്താണു ജോലി ചെയ്യുന്നതെന്നും സർക്കാർ അറിയിച്ചു ഇവർക്ക് ഡിജിപി വഴി നോട്ടിസ് നൽകാനും കോടതി നിർദേശിച്ചു. സ്ഥലം മാറ്റം അർഹിക്കുന്ന ശിക്ഷയല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇവരെ സ്ഥലം മാറ്റിയെന്നും ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചെന്നുമാണു വിവരം ലഭിച്ചതെന്നു സീനിയർ ഗവൺമെന്റ് പ്ലീഡറും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ പി. നാരായണൻ അറിയിച്ചു. ഹർജി 29നു പരിഗണിക്കാൻ മാറ്റി. അന്ന് കോടതി എടുക്കുന്ന നിലപാടുകൾ നിർണ്ണായകമായി.

പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച, തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു തിരുവനന്തപുരം സ്വദേശി എട്ടുവയസ്സുകാരി ഹൈക്കോടതിയെ സമീപിച്ചത്. രജിതയെ ഡിസ്്മിസ് ചെയ്യണമെന്നതാണ് പരാതിക്കാരുടെ ആവശ്യം.

ഓഗസ്റ്റ് 27നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിതാവിനെയും മകളെയും പൊലീസ് നടുറോഡിൽ അപമാനിച്ചത്. തുമ്പ വി എസ്.എസ്.സിയിലേക്ക് വലിയ ലോറിയിൽ കാർഗോ കൊണ്ടുപോകുന്നത് കാണാൻ മകളുമായി മൂന്നുമുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പൊലീസ് അപമര്യാദയായി പെരുമാറിയത്. അച്ഛനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്നുതന്നെ കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥ മാപ്പ് പറയാൻപോലും തയാറായില്ല. മാനസികമായി തകർന്ന കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുകയാണ്. രജിതക്കെതിരെ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

സംഭവത്തെത്തുടർന്ന് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് അവർക്ക് കൂടുതൽ സൗകര്യപ്രദമായവിധം കൊല്ലത്തേക്കാണ്. രജിതക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.