- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കോടതി ചെലവായി 25,000 രൂപയും; പൊലീസുകാരിക്ക് എതിരെ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണം; സർക്കാർ വാദങ്ങൾ തള്ളി ഹൈക്കോടതി

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ സർക്കാർ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നടപടി. കോടതി ചെലവായി 25,000 രൂപ നൽകാനും ഹൈക്കോടതി വിധിച്ചു.
നഷ്ടപരിഹാരം നൽകുന്നതിന് പുറമേ പൊലീസുകാരിക്കെതിരേ ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോട് പെരുമാറാൻ പൊലീസുകാരിക്ക് പരിശീലനം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയാണ് നിർദ്ദേശിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും എട്ടുവയസുള്ള പെൺകുട്ടിയെയും തടഞ്ഞുവെച്ച് അപമാനിച്ചുവെന്ന സംഭവമാണ് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ഇതിൽ എട്ടുവയസുകാരിയാണ് പരാതക്കാരി.
കേസ് വിശദമായി കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും നഷ്ടപരിഹാരം എത്ര നൽകാനാകുമെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിത്.
കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം അവർക്കെതിരെ എടുക്കാൻ കഴിയില്ലയെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നുള്ള നാല് ദൃക്സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.


