കൊച്ചി: ഗോസിപ്പുകളെ ഇവർ ഭയപ്പെടുന്നില്ല. അരെന്ത് പറഞ്ഞാലും നല്ല കഥാപാത്രമുണ്ടെങ്കിൽ അവർ വീണ്ടും ഒരുമിച്ച് വെള്ളിത്തിരയിലെത്തും. അങ്ങനെ ഭാഗ്യ ജോഡികളായ ദിലീപും കാവ്യാമാധവനും ഒരുമിക്കുകയാണ്. അതും അടൂർ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമയിലൂടെ. ദിലീപും മഞ്ജുവും വേർപിരിഞ്ഞപ്പോൾ അതിന്റെ പ്രധാന കാരണം കാവ്യ മാധവൻ ആണെന്ന സംസാരം ഉണ്ടായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തകൾ പലതവണ പ്രചരിച്ചു. ഇതിനെയൊന്നും തെല്ലും കൂസാക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പിന്നേയും എന്ന സിനിമയിൽ ദിലീപും കാവ്യയും ഒരുമിച്ചത്.  

കച്ചവട ആഗ്രഹമില്ലാതെയാണ് പിന്നേയും തീയേറ്റുകളിലെത്തുന്നത്. അടൂരിന്റെ ഏതൊരു സിനിമയേയും പോലെ മറ്റൊന്ന്. അതിസൂക്ഷ്മമായ അഭിനയമൂഹൂർത്തങ്ങളിലൂടെ അടൂരിന്റെ സിനിമയോട് ദിപീലും കാവ്യയും നീതി പുലർത്തിയെന്നതാണ് വിലയിരുത്തൽ. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് അപ്പുറത്തേക്കുള്ള സിനിമയാണ് പിന്നേയും. ഈ സിനിമയിലെ അഭിനയ പരിചയം തന്റെ കരിയറിൽ ഇനി മുതൽകൂട്ടാകുമെന്ന് ദിലീപ് കരുതുന്നു. മഹാനായ സംവിധായകന് മുമ്പിൽ അച്ചടക്കമുള്ള നടനായി ദിലീപ് മാറിയ ദിവസങ്ങൾ.

സിനിമയെ കുറിച്ച് ദിലീപ് പറയുന്നത് ഇങ്ങനെ- പിന്നെയും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പുരുഷോത്തമനെ കുറിച്ചു പറയുമ്പോൾ നായിക ആരാണെന്ന് അടൂർ പറഞ്ഞിരുന്നില്ല. പിന്നീട് ചോദിച്ചു കാവ്യയെയാണു നായികയാക്കുന്നത്, കുഴപ്പമില്ലല്ലോന്ന്. കുറച്ചു നാളായില്ലെ നിങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ട് എന്നും പറഞ്ഞു. വിവാദങ്ങളെ ഭയന്നു സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നു കാവ്യയും ദിലീപും വ്യക്തമാക്കുന്നു. പ്രേഷകമനസിൽ സ്ഥാനം നേടിയ ജോഡികളായതു കൊണ്ടു തന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സെലക്ടിവാകാൻ തിരുമാനിക്കുകയായിരുന്നത്രേ. ഞങ്ങൾക്കു പ്രേക്ഷകർ തന്നവില കളയരുതെല്ലോ. അതുകൊണ്ടാണ് ഇത്രയും ഇടവേള വന്നതെന്ന് ഇരുവരും പറയുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ പിന്നേയും എന്ന അടൂർ ഗോപാലകൃഷ്ണന്റെ സിനിമ ചർച്ചയാവുകയാണ്.

വളരെ സുഖകരമായി ഒപ്പം ജോലിചെയ്യാൻ സാധിക്കുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന് ദിലീപ് പറയുന്നു.ഓർക്കാപ്പുറത്താണ് ഈ സിനിമയിലേക്ക് വിളി വന്നത്. ഇതു വലിയ അംഗീകാരമാണ്. ഒരുപാടു കാര്യങ്ങൾ അടൂരിൽ നിന്നു പഠിക്കാ!ൻ സാധിച്ചു. സംശയം ചോദിക്കുമ്പോഴെല്ലാം മുഖം കറുപ്പിക്കാതെ അദ്ദേഹം ഉത്തരം പറഞ്ഞു തന്നു. 'പിന്നെയും' അടൂരിന്റെ ഒരു പടം കൂടി ലഭിക്കണമേയെന്നാണ് എന്റെ മോഹം.''''അടൂർ ആർക്കും തിരക്കഥ നൽകാറില്ലെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അദ്ദേഹം എനിക്കു തിരക്കഥ വായിക്കാൻ തന്നു. വായിക്കാൻ പറഞ്ഞ അത്രയും സ്ഥലം വരെ മാത്രമേ വായിച്ചിട്ടുള്ളൂ. കൂടുതൽ വായിച്ചാൽ അദ്ദേഹം കാണുമല്ലോ എന്ന പേടി മൂലം വായിച്ചില്ല. ഓരോ സീനിലും എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും. കൈ കൂടുതൽ ആട്ടരുതെന്നു പറയുമ്പോൾ അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കും. എല്ലാം കഴിഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച തോന്നലാണ് ഉണ്ടായത്''-ദിലീപ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

.വീണ്ടുമൊരു അടൂർ സിനിമ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നു കാവ്യ മാധവൻ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത സിനിമയായിരിക്കും 'പിന്നെയും' എന്നു വിശ്വാസമുണ്ട്. ദിലീപേട്ടനു തിരക്കിനിടെ, അടൂർസാർ അറിയാതെ തിരക്കഥ കൊടുത്തു പോയതാണ്. അതുമായി നമുക്ക് ഓടിക്കളഞ്ഞാലോ എന്ന് അപ്പോൾ ദീലിപേട്ടൻ എന്നോടു പറയുകയുണ്ടായി- കാവ്യ പറയുന്നു. അങ്ങനെ ദിലീപും കാവ്യയും ഏറെ പ്രതീക്ഷ പുലർത്തുകയാണ് പിന്നേയും എന്ന സിനിമയിൽ. തന്റെ രണ്ടാം വരവ് ഗംഭീരമായില്ലെന്ന് കാവ്യ തിരിച്ചറിയുന്നുണ്ട്. അതിന് പരിഹാരമാകും പിന്നേയും എന്ന സിനിമയിലെ അഭിനയമെന്നാണ് കാവ്യ പറയുന്നത്. ഗോസിപ്പുകളെ തുടർന്ന് ദിലീപും കാവ്യയും ഒരുമിച്ച് അഭിനയം തൽകാലത്തേക്ക് അവസാനിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് അടൂർ ഗോപാലകൃഷ്ണൻ സമീപിച്ചത്.

മലയാള സിനിമയിലെ ചരിത്ര പുരുഷനാണ് അടൂർ. ആഗോള പ്രശസ്തി നേടിയ ചലച്ചിത്രകാരൻ. ഏതൊരു നടനും നടിയും അടൂരിനായി വേഷ പകർച്ച നടത്താൻ ആഗ്രഹിക്കുന്നവരാണ്. കച്ചവട മൂല്യത്തിനപ്പുറമുള്ള അഭിനയ സാധ്യത അടൂരിന്റെ സിനിമയിലെ കൊച്ച് വേഷത്തിന് പോലും ഉണ്ടാകും. അതുകൊണ്ട് തന്നെ ഗോസിപ്പുകളെ ഭയന്ന് മാറി നിൽകാതെ ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. മലയാള സിനിമയിലെ ഭാഗ്യ ജോഡി ഇനിയും നല്ല ചിത്രങ്ങളെത്തിയാൽ ഒരുമിച്ച് അഭിനയിക്കുമെന്ന സൂചനയാണ് പിന്നേയും നൽകുന്നത്.

എട്ട് വർഷത്തിന് ശേഷമാണ് അടൂർ ഗോപാലകൃഷ്ണൻ പിന്നെയും എന്ന സിനിമയുമായെത്തുന്നത്. ദിലീപ് ആദ്യമായാണ് അടുർ ചിത്രത്തിൽ നായകനാകുന്നത്. പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവൻ, ബേബി അക്ഷര, കെ.പി.എ.സി ലളിത, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.