- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിങ് ബൂത്തിൽ വച്ച് അവർ ഷർട്ട് വലിച്ചുകീറി; മാല വലിച്ചുപൊട്ടിച്ചു; ഭാര്യയെ കഴുത്തിനു പിടിച്ചു തള്ളി; വാട്ടെടുപ്പു ദിവസം കിഴക്കമ്പലത്ത് നടന്നത് സമാനതകളില്ലാത്ത ക്രൂരത; ഭീതിയുടെ നിഴലിൽ പിന്റുവും ഭാര്യ ബ്രിജിതയും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടു പോയത് സിപിഎം നേതാവും; നിസ്സാര വകുപ്പുകളിട്ട് കൊലപാതക ശ്രമം ഒതുക്കി തീർക്കുമ്പോൾ
കൊച്ചി: വോട്ടെടുപ്പു ദിവസം കിഴക്കമ്പലത്ത് നടന്നത് സമാനതകളില്ലാത്ത ക്രൂരത. വികസന വാദവുമായി ട്വന്റി ട്വന്റി മുന്നേറിയാൽ ഉണ്ടാകുന്ന ഭയത്തിൽ നിന്നുള്ള ആക്രമണം. ഇവിടെ എല്ലാം രാഷ്ട്രീയക്കാർ നിശ്ചയിക്കുമെന്ന പ്രഖ്യാപനം. പൊലീസ് കാഴ്ചക്കാരായി. ഇതാണ് കിഴക്കമ്പലത്തെ പ്രശ്നത്തിന് കാരണം. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരിൽനിന്നുണ്ടായ മർദനത്തിന്റെ ആഘാതത്തിൽനിന്നു മുക്തരാകാതെ വയനാടു സ്വദേശികളായ പ്രിന്റുവും ഭാര്യ ബ്രിജീത്തയും ഇപ്പോഴും കഴിയുന്നു. ഇനി എന്ത് സംഭവിക്കുമെന്നും അവർക്ക് അറിയില്ല.
കിഴക്കമ്പലത്ത് 14 വർഷമായി വാടകയ്ക്കു താമസിക്കുകയാണെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു തിക്താനുഭവമെന്നും പ്രിന്റു പറയുന്നു. വാടകയ്ക്കു താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പാർട്ടി പ്രവർത്തകർ. ആധാർ കാർഡ് പോരെന്നും തിരഞ്ഞൈടുപ്പു കമ്മിഷന്റെ ഐഡി വേണമെന്നും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ശഠിച്ചു. പോളിങ് ബൂത്തിൽ വച്ച് അവർ ഷർട്ട് വലിച്ചുകീറി. മാല വലിച്ചുപൊട്ടിച്ചു. ഭാര്യയെ കഴുത്തിനു പിടിച്ചു തള്ളി.' വോട്ടുചെയ്യാതെ തിരിച്ചുപോകുകയാണെന്നറിയിച്ചിട്ടും മർദനം തുടർന്നു-പ്രിന്റു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം പ്രമുഖ പാർട്ടികളുടെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ഭീഷണി തുടരുന്നു. മുൻപു താമസിച്ചിരുന്ന പട്ടിമറ്റം ഭാഗത്തെ വീട്ടിൽ നിന്നു സുരക്ഷിതത്വം കണക്കിലെടുത്ത് ഇവർ ഇന്നലെ താമസം മാറി. പ്രിന്റു ജോലി ചെയ്യുന്ന കിറ്റെക്സ് കമ്പനി എടുത്തു നൽകിയ ഞാറന്നൂരിനു സമീപത്തെ വാടക വീട്ടിലാണ് ഇവരിപ്പോൾ. കിറ്റക്സിൽ ജോലി ചെയ്യുന്നതു കൊണ്ടാണ് ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തത്. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് നടപടികളും എടുത്തു.
കേസിൽ 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായവർക്കെതിരെ നിസ്സാര വകുപ്പുകളാണു ചുമത്തിയതെന്നു ട്വന്റി 20 കൂട്ടായ്മ ആരോപിക്കുന്നു. സിപിഎമ്മിന്റെ നേതാവു നേരിട്ടെത്തിയാണ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ ഇറക്കിയതെന്നു ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വോട്ടെടുപ്പു ദിവസം തങ്ങളുടെ പ്രവർത്തകർക്കു വേണ്ട സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും സാബു പറഞ്ഞു. കുമ്മനോട് വാർഡിൽ ട്വന്റി 20ക്കെതിരെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി യുഡിഎഫ് പിന്തുണയോടെയാണു മത്സരിച്ചത്.
അതിനിടെ എറണാകുളം കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവർക്ക് എതിരെ കേരള എപ്പിഡമിക് ഓർഡിനൻസ് അനുസരിച്ചും പഞ്ചായത്തീരാജ് നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ