ദുബായ്: പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി. പ്രവാസികൾക്ക് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും. കോൺസുലേറ്റ് സർക്കുലറാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിനും 22നുമാണ് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ക്യാംപ് നടക്കുക. ഏപ്രിൽ 8, ഏപ്രിൽ 29 തീയതികളിലാണ് ഇന്ത്യൻ അസോസിയേഷൻ അജ്മാൻ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ റിലീഫ് കമ്മറ്റിയുടെ സ്പെഷ്യൽ ക്യാംപ് മെയ് 15 ന് റാസൽഖൈമയിലും ഫുജൈറ ഇന്ത്യൻ സോഷ്യൽ സെന്ററിൽ മെയ് 6 നും ക്യാംപ് നടക്കും.

പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റുന്നതിന് അപേക്ഷയോടൊപ്പം നിങ്ങളുടെ കൈവശമുള്ള ഡോക്യുമെന്റുകളും നീല പശ്ചാത്തലത്തിലെടുത്ത 50*50mm രണ്ട് ഫോട്ടോകൾ, നിലവിലെ പാസ്പോർട്ടിന്റെ കോപ്പി, റസിഡൻസ് വിസ കോപ്പി, എമിറേറ്റ് ഐഡി എന്നിവ, പിഐഒ കാർഡിന്റെ ആദ്യത്തേയും അവസാനത്തേയും പേജിന്റെ കോപ്പി എന്നിവയാണ് ആവശ്യമായ ഡോക്യുമെന്റുകൾ. അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ നീല പശ്ചാത്തലത്തിലെടുത്ത 50*50mm രണ്ട് ഫോട്ടോകൾ, ഒപ്പ്, ഇടതു കയ്യിലെ വിരലടയാളം( minors), റസിഡൻസ് വിസയുടെ പാസ്പോർട്ട് കോപ്പി, പിഐഒ കാർഡിന്റെ ആദ്യത്തേയും അവസാനത്തേയും പേജിന്റെ കോപ്പി എന്നിവയാണ് ആവശ്യമുള്ളവ.

ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനു ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനു ചാർജ്ജുകൾ ഒന്നും തന്നെ ഈടാക്കുകയില്ല. അതേസമയം, കാർഡ് ഒന്നിന് 6 ദിർഹം വീതം സർവ്വീസ് ചാർജ്ജ് ഈടാക്കും.