തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന ഇന്ത്യൻ വംശജരെല്ലാം പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) വിഭാഗത്തിൽനിന്ന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗത്തിലേക്ക് മാറണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കി മാറ്റാനുള്ള അന്തിമ തീയതി ആദ്യം 2016 ജൂൺ 30 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒട്ടേറെപ്പേർ ഇത് പൂർത്തിയാക്കാത്തതിനാൽ, അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇനിയും കാർഡ് മാറ്റാത്തവരുണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് എംബസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു കാരണം, ഡിസംബർ 31-ന് ശേഷം പിഐഒ കാർഡുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമോ എന്നകാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.

ഏതായാലും ഇനിയും കാർഡ് പുതുക്കാത്തവർക്ക് ഒരു സന്തോഷ വാർത്തയുള്ളത്, കാർഡ് പുതുക്കാനുള്ള അവസാന തീയതി വീണ്ടുമൊരു ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു എന്നതാണ്. 2017 ജൂൺ 30 ആണ് ഇപ്പോൾ ഇതിന് അനുവദിച്ചിട്ടുള്ള സമയം. ഇനിയുമൊരു നീട്ടിവെക്കാൽ ഉണ്ടാകാനായിടയില്ലാത്തതിനാൽ, പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കുന്നതിന് കാലതാമസം വരുത്തരുതെന്നാണ് വിദഗ്‌ധോപദേശം. 2016 മാർച്ച് 31-നുശേഷം മൂന്നാം തവണയാണ് തീയതി നീട്ടിവെക്കുന്നതെന്നും ഇനിയൊരു നീട്ടിവെക്കൽ ഉണ്ടാകില്ലെന്നുമുള്ള വ്യക്തമായ സൂചനയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്റെ പകർപ്പ് എല്ലാ വിദേശ എംബസ്സികൾക്കും ലഭിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, അമൃത്സർ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, കോഴിക്കോട്, ഗോവ, ലഖ്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഫോറിനർ രജിസ്‌ട്രേഷൻ ഓഫീസുകൾക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. എല്ലാ എംബസ്സികളും ഇതിന് വേണ്ടത്ര പ്രചാരം നൽകണമെന്നും വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.

എന്നാൽ, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ഇതുസംബന്ധിച്ച അറിയിപ്പ് ഇതേവരെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ബന്ധപ്പെട്ടപ്പോൾ ലഭിച്ചത്. അതുകൊണ്ടുതന്നെ ഡിസംബർ 31-നുശേഷം പിഐഒ കാർഡുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ അതിനുമുമ്പ് പിഐഒ കാർഡ് ഒസിഐ കാർഡാക്കുന്നതാണ് ഉചിതമെന്ന് ഹൈക്കമ്മീഷൻ വ്യക്തമാക്കി. കാർഡുകൾ വളരെപ്പെട്ടെന്ന് മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഹൈക്കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു അവസരം ലഭിക്കണമെന്നില്ലാത്തതിനാൽ ഇതുപയോഗിക്കുകയാണ് നല്ലതെന്നും ഹൈക്കമ്മീഷൻ അധികൃതർ വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും താമസിക്കാനും അവസരം ലഭിക്കുമെന്നതാണ് ഒസിഐ കാർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മേന്മ. ആജീവനാന്ത വിസയാണിത്. ഇന്ത്യയിൽ എത്ര ദീർഘകാലം താമസിക്കുമ്പോഴും പൊലീസിൽ വിവരമറിയിക്കേണ്ടതില്ല. സാമ്പത്തിക ഇടപാടുകൾക്കും വസ്തു വാങ്ങുന്നതിനും വിൽക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും എൻ.ആർ.ഐകൾക്ക് കിട്ടുന്ന അതേ പരിഗണന ഒസിഐ കാർഡുടമകൾക്കും കിട്ടും.

ഒസിഐ കാർഡിന് അപേക്ഷിച്ച ബലത്തിൽ പിഐഒ കാർഡുമായി ഇന്ത്യ സന്ദർശിക്കാം

നിങ്ങൾ യഥോചിതം ഒസിഐ കാർഡിന് അപേക്ഷിച്ചുവെങ്കിൽ നിങ്ങൾക്ക് അതിന്റെ ബലത്തിൽ പിഐഒ കാർഡുമായി ഇന്ത്യ സന്ദർശിക്കാൻ സാധിക്കുമെന്നറിയുക. ഒസിഐ കാർഡിന് അപേക്ഷിച്ചതിനെ തുടർന്ന് സികെജിഎസിൽ നിന്ന് ലഭിക്കുന്ന റസീറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. എന്നാൽ ഇതിനൊപ്പം അവർക്ക് വാലിഡ് ഫോറിൻ പാസ്പോർട്ട്, വാലിഡ് പിഐഒ കാർഡ് എന്നിവ കൂടി ഉണ്ടായിരിക്കണം. ഇത്തരക്കാർ പിഐഒയ്ക്ക് പകരമായി ഒസിഐയ്ക്ക് അപേക്ഷിച്ചവരാണെന്ന് തെളിയിക്കുന്നതിനാണ് അതിന് അപേക്ഷിച്ചതിനുള്ള റസീറ്റ് ചെക്ക് ചെയ്തുറപ്പ് വരുത്തുന്നതാണ്.

അപേക്ഷാ രീതികൾ

ഒസിഐ കാർഡിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് മനസിലാക്കുന്നതിനായി http://passport.gov.in/oci/capchaActionPIO എന്ന ലിങ്കിൽ ലോഗിൻ ചെയ്താൽ മതി. ഒസിഐ കാർഡിന് യാതൊരു വിധത്തിലുള്ള ഫീസും അപേക്ഷകരിൽ നിന്നീടാക്കുന്നില്ലെങ്കിലും അപേക്ഷകർ ഔട്ട്സോഴ്സിങ് കമ്പനിക്കുള്ള ചാർജുകൾ, പോസ്റ്റേജ് ചാർജുകൾ, ഐസിഡബ്ല്യൂഎഫ് ഫീസ് എന്നിവ അടയ്ക്കേണ്ടി വരും. 

കുട്ടികൾക്കായി ഒസിഐക്ക് അപേക്ഷിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങൾ

കുട്ടികൾക്കായി ഒസിഐക്ക് അപേക്ഷിക്കുന്നതിനായി അപേക്ഷകൾ ഓൺലൈനിൽ പൂരിപ്പിക്കാനായി www.mha.nic.in / www.ociindia.nic.in എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് അപേക്ഷാഫോറം പൂരിപ്പിച്ച് പ്രിന്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ രേഖകൾ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്. 51 ഇന്റു 51 മില്ലീമീറ്ററിലുള്ള ഒരു ഫോട്ടോഗ്രാഫ് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. ഇതിനായി ഫീസൊന്നും അടയ്ക്കേണ്ടതില്ല. ഫോട്ടോഗ്രാഫും ഒപ്പും അപ്ലോഡ് ചെയ്യണം. ചെറിയ കുട്ടികൾക്ക് ഒപ്പിടാനാവില്ലെങ്കിൽ ഇടം കൈയുടെ തള്ളവിരലടയാളം പതിക്കേണ്ടതാണ്. നിലവിലുള്ള പാസ്പോർട്ട്, പിഐഒ കാർഡ്, മറ്റ് രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി അയക്കണം. കുട്ടികൾക്ക് ഒസിഐ കാർഡിന് അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.

1. പ്രിന്റെടുത്ത് ഓൺലൈൻ അപേക്ഷയിൽ രക്ഷിതാക്കൾ രണ്ടു പേരും ഒപ്പിച്ചിരിക്കണം.
2. സാധുതയുള്ള പാസ്പോർട്ടിന്റെ പകർപ്പ്.
3. സാധുതയുള്ള പിഐഒ കാർഡിന്റെ പകർപ്പ്.
4.ലാസ്റ്റ് എറൈവൽ സ്റ്റാമ്പ് പേജ് കോപ്പി
5. അഡ്രസ് പ്രൂഫ്.ഇതിനായി ബിഎസ്എൻഎൽ ലാൻഡ് ലൈൻ ടെലിഫോൺ ബിൽ, ഇലക്ടിസിറ്റി ബിൽ, റെന്റ് അഗ്രിമെന്റ് തുടങ്ങിയവ ഏതെങ്കിലും ഹാജരാക്കാം. അപേക്ഷകന്റെ പേരിൽ അഡ്രസ് പ്രൂഫില്ലെങ്കിൽ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലുള്ള അഡ്രസ് പ്രൂഫ് മതിയാകും. ഈ വ്യക്തിയുടെ ഐഡി പ്രൂഫിന്റെ പകർപ്പ് അറ്റാച്ച് ചെയ്തിരിക്കണം. റെന്റ് അഗ്രിമെന്റാണ് അഡ്രസ് പ്രൂഫായി സമർപ്പിക്കുന്നതെങ്കിൽ വീട്ടുടമയുടെ ഐഡി പ്രൂഫും അദ്ദേഹത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
6. ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
7. മാതാപിതാക്കളുടെ പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്
8. പർട്ടിക്കുലേർസ് ഓഫ് പാരന്റ്സ്( ഇത് അവർ പൂരിപ്പിക്കണം)
9. മാതാപിതാക്കളിൽ നിന്നുള്ള മൂച്വൽ കൺസന്റ് ലെറ്റർ
10. മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പി
പർട്ടിക്കുലേർസ് ഓഫ് പാരന്റ്സിൽ അച്ഛന്റെയും അമ്മയുടെയും പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രോഫഷൻ, നിലവിലുള്ള വിലാസം, മുൻ വിലാസം,സ്ഥിരമായ വിലാസം, എപ്പോഴാണ് ഇവർ വിവാഹിതരായത്, വിവാഹമോചനം നേടിയിട്ടുണ്ടോ, ഇന്ത്യയിൽ അവസാനം എത്തിയത്, പാസ്പോർട്ട് വിവരങ്ങൾ തുടങ്ങിയവ വ്യക്തമാക്കി ഒപ്പിട്ടിരിക്കണമെന്നത് നിർബന്ധമാണ്.