തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ഇരുവരോടും നാളെ ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ ആർ ഹരിയെയും അയ്യന്തോൾ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറർ സുജയ്‌സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും അയാൾ ഹാജരായിട്ടില്ല. കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്.

അതേസമയം, കേസിൽ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചു. ഈ വിഷയത്തിൽ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവൻ പണവും കൈമാറിയത് ഡിജിറ്റൽ ട്രാൻസാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

കേസിൽ 19 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപയും കണ്ടെടുത്തു. ഇത്രയും തുക ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതു തെളിയിക്കാൻ മൊഴികൾ തേടുകയാണ് പൊലീസ്.കുഴൽപ്പണ കേസിലെ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയാണ് അന്വേഷണസംഘം ഒടുവിൽ കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് ജയിലിലേക്ക് പോകുന്ന സമയത്ത് കവർച്ച ചെയ്ത പണം ദീപ്തി സൂക്ഷിച്ചുവെച്ചു. കവർച്ച പണം ആണെന്ന് ബോധ്യമുണ്ടായിരുന്ന ദീപ്തി 11 ലക്ഷം രൂപ സൂക്ഷിച്ചത് കുറ്റകൃത്യമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊടകരയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച പരാതി. എന്നാൽ പിന്നീട് ഇത് 3.5 കോടി രൂപയാണെന്ന് പൊലീസ് കണ്ടെത്തി. ബിജെപിക്ക് വിജയ സാധ്യതയുള്ള നിർണായക മണ്ഡലങ്ങളിൽ ചെലവഴിക്കാനാണ് പണം കൊണ്ടുവന്നതെന്ന് സൂചനകളുണ്ട്.

കെ. സുരേന്ദ്രൻ സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം മുതൽ തെരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിച്ച പണമെല്ലാം നിയമാനുമതിയുള്ളതാണെന്നാണ് സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളും ആവർത്തിക്കുന്നത്.

മഞ്ചേശ്വരം, കാസർഗോഡ്, പാലാക്കാട്, നേമം തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന് ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. നിർണായക മണ്ഡലങ്ങളിലെ പ്രചരണത്തെ ഫണ്ടില്ലാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്തായാലും അന്വേഷണം പുരോഗമിക്കുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത കൈവരും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുപോയ പണമാണ് കൊടകരയിൽ നിന്ന് തട്ടിയെടുത്തതെന്നാണ് പൊലീസിനു ലഭിച്ച വിവരം

കവർച്ച നടന്ന കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി യുവമോർച്ച നേതാവ് സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമരാജനും മുൻപ് വെളിപ്പെടുത്തിയിരുന്നു. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് പണമെത്തുന്ന വിവരം എങ്ങനെയാണ് ചോർന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ ഈ പണം ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നും എങ്ങോട്ടാണ് കൊണ്ടുപോയതെന്നുമുള്ള വിവരങ്ങൾ നേതാക്കളിൽ നിന്ന് തേടും. പണം കേരളത്തിനു പുറത്തു നിന്നാണ് കൊണ്ടുവന്നതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

തുടക്കത്തിൽ കാറിൽ നിന്ന് 25 ലക്ഷം രൂപ കവർന്നെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ പരാതി. കാറപകടമുണ്ടാക്കി വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായി കാർ ഡ്രൈവർ ഷംജീറിന്റെ പേരിൽ കൊടകര പൊലീസിന് പരാതി നൽകുകായിരുന്നു. ബിജെപി നേതാവ് സുനിൽ നായ്ക്ക് ബിസിനസിനായി നൽകിയ പണമാണെന്നും ഇതിനു രേഖയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മൊഴി സത്യമല്ലെന്ന് ധർമരാജൻ വ്യക്തമാക്കുകയായിരുന്നു.

സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണമാണ് കൊണ്ടുവന്നതെന്നും ഈ കാരണം കൊണ്ടാണ് കാറിൽ മൂന്നരക്കോടിയോളം രൂപ ഉണ്ടായിരുന്നെന്ന കാര്യം മറച്ചു വെച്ചതെന്നും ധർമരാജനും സുനിൽ നായ്ക്കും പൊലീസിനെ അറിയിച്ചു. പരാതിയിൽ പറഞ്ഞതിനെക്കാൾ തുക ഉണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഇത് കള്ളപ്പണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.