പിറവം: കുറഞ്ഞനാളുകൾ കൊണ്ട് സിനിമാ ലോകത്ത് ശ്രദ്ധേമായ സാന്നിധ്യമറിയിച്ച പിറവം സാജന്റെ വേർപാടിൽ വേദനിക്കുകയാണ് കലാലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പിറവം ചക്കാലയ്ക്കൽ സാജൻ (49) മരണത്തിന് കീഴടങ്ങിയത് വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

രണ്ടരയടി മാത്രം ഉയരമുള്ള സാജൻ വിനയൻ ചിത്രമായ അത്ഭുതദ്വീപിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പം പ്രധാനവേഷത്തിലെത്തിയ സാജൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പട്ടണത്തിൽ ഭൂതം, ഇമ്മാനുവേൽ, ബെസ്റ്റ് ആക്ടർ, നാൻ കടവുൾ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കൂടാതെ നിരവധി ടിവി സീരിയലുകളിലും സാജൻ അഭിനയിച്ചിട്ടുണ്ട്.

അമീബ എന്ന ചിത്രത്തിലാണ് സാജൻ അവസാനമായി അഭിനയിച്ചത്. ഉയരക്കുറവുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ കൊച്ചിൻ സിനി വേൾഡിന്റെ കലാപരിപാടികളിലും നിറസാന്നിധ്യമായിരുന്നു സാജൻ. അതേസമയം ഒരു കലാകാരനു വേണ്ടത്ര പരിഗണന കിട്ടാതെയാണ് സാജൻ വേദികളിൽ നിന്നു വിടപറഞ്ഞതെന്നും സുഹൃത്തുക്കൾ ഓർക്കുന്നു.

ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി വേദികളിൽ സജീവമായിരുന്ന സാജൻ പിറവം ചക്കാലയ്ക്കൽ ഉതുപ്പിന്റേയും അന്നമ്മയുടേയും മകനാണ്.  പിറവം ഹോളി കിങ്‌സ് കത്തോലിക്കാ പള്ളിയിലായിരുന്നു സംസ്‌ക്കാരം. മന്ത്രി അനൂപ് ജേക്കബ് അന്തിമോപചാരമർപ്പിച്ചു. ലിസി, സാലി, സാബി, സലീസ്, ഷൈനി. സാബു എന്നിവരാണ് സഹോദരങ്ങൾ.