ചെന്നൈ: പ്രമുഖ ഗാനരചയിതാവും കവിയുമായ പിറൈസൂദൻ അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകനാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

എം എസ് വിശ്വനാഥൻ, ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച പിറൈസൂദൻ 1985ലാണ് സിനിമയിൽ ആദ്യ ഗാനം രചിച്ചത്. ആർ സി സതി സംവിധാനം ചെയ്ത സിറൈ ആയിരുന്നു ചിത്രം. പിന്നീട് 35 വർഷത്തോളം സജീവമായിരുന്ന അദ്ദേഹം 400ഓളം സിനിമകളിലായി 1500ലധികം ഗാനങ്ങൾ രചിച്ചു.

രാജാധി രാജ, കാപ്റ്റൻ പ്രഭാകരൻ, അമരൻ, സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിൽ പിറൈസൂദന്റെ വരികളാണ്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടിയിട്ടുണ്ട്.