ഒക്കലഹോമ: മൂന്നു വയസ്സുള്ള പെൺകുഞ്ഞ് പിറ്റ് ബുൾ വർഗ്ഗത്തിൽപ്പെട്ട നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്കലഹോമ ഡങ്കൻ സിറ്റിയിലായിരുന്നു സംഭവം. അഞ്ചു ദിവസം മുമ്പാണ് പിറ്റ് ബുളിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടിയുടെ പിതാവ് ജേസൺ ഡോഡ്ജ് പറഞ്ഞു. കുട്ടിയെ അമ്മയെ ഏൽപ്പിച്ചു 20 മിനിറ്റ് മാത്രമാണ് ഞാൻ പുറത്തുപോയത്.

മടങ്ങിവരുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ആക്രമണത്തിനുശേഷം ഓടി പോയ നായയെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നായയെ കൊണ്ടുവന്ന് 5 ദിവസമായിട്ടും യാതൊരു അക്രമവാസനയും കാണിച്ചിരുന്നില്ലെന്നും കുട്ടി നായയുമായി കളിക്കുമായിരുന്നുവെന്നും ജെയ്സൺ പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. പിതാവിന്റെ പേരിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.