- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്യാപ്ടൻ വിവാദത്തിൽ 'ടീം ലീഡർ' എന്ന തിരുത്തുമായി പി ജയരാജൻ; കൂത്തുപറമ്പിലും അഴിക്കോടും തളിപ്പറമ്പും കണ്ണൂരും ഓരോ വോട്ടും സിപിഎമ്മിന് അതിനിർണ്ണായകം; ധർമ്മടത്തും തലശ്ശേരിയിലും ഭൂരിപക്ഷവും കൂട്ടണം; കണ്ണൂരിലെ നാല് മണ്ഡലങ്ങളിൽ പി.ജെ ആർമിയുടെ പ്രതി തരംഗം ഇടതിന് വിനയാകുമോ? അടിയൊഴുക്കിന്റെ ആശങ്കയിൽ സിപിഎം; പിജെ ഫാക്ടർ പ്രതിഫലിക്കുമോ?
കണ്ണുർ: കണ്ണൂർ ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പി.ജയരാജനെ അനുകൂലിക്കുന്ന പി.ജെ ആർമിയുടെ പ്രതി തരംഗമുണ്ടായേക്കുമെന്ന ആശങ്ക സിപിഎമ്മിൽ ശക്തമാകുന്നു 'ഇതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും സിപിഎമ്മിന് വ്യക്തമായ മേധാവിത്വമുള്ള തലശേരി മണ്ഡലത്തിലും അടിയൊഴുക്ക് തടയാൻ സിപിഎം ജില്ലാ നേതൃത്വം രഹസ്യ നീക്കം തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മിൽ പാർട്ടിയാണ് ക്യാപ്‌നടനെന്നും പിണറായി സഖാവാണെന്നും പറഞ്ഞ് പി ജയരാജൻ പോസ്റ്റ് ഇട്ടിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതോടെ ടീം ലീഡർ പിണറായി തന്നെ എന്ന പോസ്റ്റുമായി ജയരാജൻ എന്ന് എത്തുകയും ചെയ്തു. തന്റെ പോസ്റ്റ് വലതു പക്ഷ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ജയരാജന്റെ വിശദീകരണം. എന്നാൽ ഇതിന് പിന്നിൽ കൃത്യമായ ചില ലക്ഷ്യമുണ്ടെന്ന സംശയം സിപിഎം നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പിജെ ആർമിയുടെ പ്രവർത്തകരെ സിപിഎം നിരീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പി.ജെ ആർമി യെന്നു വിശേഷിപ്പിക്കുന്ന സൈബർ പരസ്യമായി സിപിഎം നേത്യത്വത്തിനെതിരെ രംഗത്തു വന്നിട്ടില്ലെങ്കിലും ഇവരുടെ നിശബ്ദത തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നത്. കുത്തുപറമ്പ് ,അഴിക്കോട്, കണ്ണുർ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ ഒരു വോട്ട് എതിർ പാളയത്തിലേക്ക് മറിഞ്ഞാൽ പോലും വിജയ സാധ്യതയെ ബാധിക്കും.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും എ.എൻ ഷംസീർ മത്സരിക്കുന്നതലശേരിയിലും വോട്ടിങ് ഭുരിപക്ഷം കൂട്ടേണ്ടതും സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്.
ഇവിടെയും പി.ജെ ആർമിയുടെ സാന്നിധ്യം വോട്ടിങ്ങിനെ നേരിയ തോതിൽ ബാധിക്കുമോയെന്ന കാര്യം സിപിഎം ജില്ലാ നേതൃത്വത്തിനെ അലോസരപ്പെടുത്തുന്നുണ്ട്. ജയരാജന്റെ താമസസ്ഥലം കൂടി ഉൾപ്പെടുന്ന കുത്തുപറമ്പ് മണ്ഡലത്തിൽ എൽ.ജെ.ഡി നേതാവ് കെ.പി മോഹനനാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് കെ.കെ ശൈലജയോട് വമ്പൻ മാർജിനിൽ തോറ്റ കെ.പി മോഹനനെതിരെ സി.പിഎമ്മിനുള്ളിൽ തന്നെ അമർഷമുണ്ട്. പാനുർ മേഖലയിലെ പ്രവർത്തകർ കെ.പി മോഹനനെ മനസുകൊണ്ട് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
ഇതിനോടൊപ്പം പി.ജയരാജന് സീറ്റു നൽകാതെ ഒതുക്കിയെന്ന പി.ജെ ആർമിയുടെ വികാരവും ചേരുമ്പോൾ ഇടതു വോട്ടുകൾ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വീഴാൻ സാധ്യതയേറിയിട്ടുണ്ട്. തലശേരിയിൽ പി.ജയരാജനെ പ്രത്യക്ഷത്തിൽ തന്നെ എതിർത്തു പോന്ന എ.എൻ ഷംസീറാണ് എൽ.ഡി എഫ് സ്ഥാനാർത്ഥി സി.ഒ.ടി നസീർ വധശ്രമ കേസിൽ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തു വരികയും ചെയ്തിരുന്നു. പി. ജയരാജനുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തികളിലൊരാളാണ് സി.ഒ.ടി നസീർ.ഇപ്പോഴും അവർ തമ്മിൽ നല്ല ബന്ധത്തിലുമാണ് ബിജെപി പിൻതുണ തള്ളിപ്പറഞ്ഞതോടെ പി.ജെ ആർമിയുടെ വോട്ട് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നസീറിന് വീഴാൻ സാധ്യതയേറിയിട്ടുണ്ട്.
കെ.എം ഷാജിയുമായി അന്തിമ പോരാട്ടം നടക്കുന്ന അഴീക്കോട് കെ.വി.സുമേഷിനെതിരെ വോട്ടു ചെയ്യാൻ പി.ജയരാജനെ പരസ്യമായി അനുകൂലിക്കുന്ന അമ്പാടി മുക്ക് സഖാവ് ധീരജ് കുമാർ പറഞ്ഞിട്ടുണ്ട്. പി.ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ധീരജ് കുമാറിനെ സിപിഎം ചെട്ടി പിടിക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കണ്ണുരിലും അഴീക്കോടും ഇടതു സ്ഥാനാർത്ഥികൾക്കെതിരെ ധീരജ് കുമാറിന്റെ നേതൃത്വത്തിൽ നിശബ്ദ പ്രചാരണം നടത്തുന്നുണ്ട്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നെഗറ്റീവ് വോട്ടുകൾ വീണാൽ ഭൂരിപക്ഷം അൻപതിനായിരമെന്ന നേട്ടം സിപിഎമ്മിന് കൈവരിക്കാൻ സാധ്യമല്ലാതാവും.
ഇതു പാർട്ടിയും പ്രവർത്തകരും ക്യാപ്റ്റൻ എന്നു വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വിജയത്തിന്റെ ശോഭ കുറയാനിടയാക്കുമെന്ന ആശങ്ക ശക്തമാണ്. തളിപ്പറമ്പിൽ എം.വി ഗോവിന്ദനെതിരെ അതിശക്തമായ നിലപാടാണ് പി.ജെ ആർമി സ്വീകരിക്കുന്നത്. വ്യക്തിപൂജയുടെ പേരിൽ സിപിഎമ്മിൽ ജയരാജനെ ഏറ്റവും കൂടുതൽ എതിർത്ത നേതാക്കളിലൊരാളാണ് എം.വി ഗോവിന്ദൻ. ക്യാപ്ടൻ വിവാദം പെട്ടെന്ന് പൊങ്ങി വന്നതിന് പിന്നിലും ഗൂഢാലോചന സിപിഎം കാണുന്നുണ്ട്.
വ്യക്തി പൂജ എന്ന ആക്ഷേപവുമായി വി എസ് അച്യുതാനന്ദനെതിരെ പടനീക്കം നടത്തിയ പിണറായി വിജയനെ അതേ ആക്ഷേപം തിരിഞ്ഞു കൊത്തുന്നോ? എന്ന ചോദ്യവും സജീവമാണ്. 'പിജെ ആർമി' എന്ന പേരിൽ ജയരാജനെ അനുകൂലിക്കുന്ന സൈബർ വിഭാഗം നടത്തുന്ന ഇടപെടൽ നേതൃത്വത്തിനു സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആശയക്കുഴപ്പമോ വിവാദമോ ഉണ്ടാക്കാവുന്ന പ്രതികരണം ആരും നടത്തരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിഷ്‌കർഷിച്ചിരിക്കെയാണ് ഉന്നതനേതാക്കൾ തന്നെ വ്യത്യസ്ത നിലപാടുകളെടുക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കത്തിൽ 'ദേശാഭിമാനി'യാണ് മുഖ്യമന്ത്രിയെ 'ക്യാപ്റ്റൻ' ആയി വലിയ തലക്കെട്ടിലൂടെ അവതരിപ്പിച്ചത്. പിന്നീട് പത്രത്തിൽ അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിച്ചു വന്നു.
സൈബർ ആരാധകർ ആ വിളി ഏറ്റെടുത്തു. കോൺഗ്രസിൽ 'ലീഡർ' എന്നെല്ലാം വിളിക്കുന്നതു പോലെ നേതാക്കൾക്ക് വിശേഷണം ചാർത്തുന്ന രീതി സിപിഎമ്മിനില്ല. ഇതോടെയാണ് 'ക്യാപ്റ്റൻ' വിളി സിപിഎം അംഗീകരിക്കുന്നോ എന്ന ചോദ്യം ഉന്നത നേതൃത്വത്തിനു മുന്നിൽ ഉയർന്നത്. പാർട്ടി രീതിയനുസരിച്ച് അങ്ങനെയില്ല എന്ന് അവർ ചൂണ്ടിക്കാട്ടി. എല്ലാവരും സഖാക്കളാണെന്നും വ്യക്തമാക്കി. എന്നാൽ, അപ്പോഴും അതിൽ തെറ്റായി ഒന്നും കാണുന്നില്ലെന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
രണ്ടു ടേം നിബന്ധനയുടെ പേരിൽ പ്രമുഖ നേതാക്കളെ അടക്കം സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിവാക്കിയതിന്റെ പേരിൽ നീറുന്ന കനലും ക്യാപ്റ്റന്റെ പേരിലെ കലഹവും മുതലെടുക്കാൻ പ്രതിപക്ഷം അതിശക്തമായി തന്നെ രംഗത്തുണ്ട്.