- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീക്കട്ടയിലും ഉറുമ്പിരിച്ചു; ആന്തൂരിൽ എം വി ഗോവിന്ദന് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാൻ സിപിഎം ഒരുങ്ങുന്നു; അട്ടിമറി കണ്ടെത്തിയാൽ നടപടി ഉറപ്പ്; പൊന്നാപുരം കോട്ടയിലെ ചോർച്ചയ്ക്ക് സംശയ നിഴലിൽ പിജെ ആർമി
തളിപ്പറമ്പ്: പാർട്ടി ശക്തികേന്ദ്രമായ അന്തൂർ ഉൾപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടുചോർച്ച അന്വേഷിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ എം.വി ഗോവിന്ദൻ പാർട്ടിയുടെ പൊന്നാപുരം കോട്ടയിൽ പുറകോട്ട് പോയതാണ് സിപിഎം ജില്ലാ നേതൃത്വം അന്വേഷിക്കുന്നത്.
ജില്ലയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളിൽ അഞ്ചിടത്തും ഭൂരിപക്ഷം വർധിച്ചപ്പോൾ തളിപ്പറമ്പിൽ കുറഞ്ഞതാണ് പരിശോധിക്കുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ എം വി ഗോവിന്ദൻ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നേടുമെന്നായിരുന്നു ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ റിപ്പോർട്ട് എന്നാൽ ഇതു അട്ടിമറിക്കപ്പെടുന്നതിന്റെ പിന്നിലെ കാരണമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
2016ൽ സിപിഎമ്മിലെ ജയിംസ് മാത്യു 40617 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.
2016ൽ എൽഡിഎഫ് 91106 വോട്ടും യുഡിഎഫ് 50489 വോട്ടുകളുമായിരുന്നു നേടിയത്. വോട്ടർമാർ കൂടിയ സാഹചര്യത്തിൽ ഇത്തവണ എൽഡിഎഫും യുഡിഎഫും മുൻവർഷത്തെക്കാൾ വോട്ടുകൾ നേടിയിട്ടുണ്ടെങ്കിലും എൽഡിഎഫ് വോട്ടിന് ആനുപാതികമായി ഭൂരിപക്ഷം വർധിക്കാത്തതാണ് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അബ്ദുൾ റഷീദ് മണ്ഡലത്തിൽ നടത്തിയ ശക്തമായ പ്രവർത്തനം മാത്രമല്ല വോട്ട് കുറയാൻ കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ.
ഗണ്യമായ തോതിൽ കേഡർ വോട്ടുകൾ ഉൾപ്പെടെയുള്ളവ ചോർന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.മണ്ഡലത്തിലെ ആന്തൂർ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം സിപിഎമ്മിന് പ്രതിരോധത്തിലാക്കിയിരുന്നു. എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ചെയർപേഴ്സണായ ഭരണസമിതി നിസാര കാരണം പറഞ്ഞ് കൺവൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
സാജൻ വിഷയം കൂടാതെ പാർട്ടിയിലെ വിഭാഗീയതയും എം വി ഗോവിന്ദന്റെ ഭൂരിപക്ഷം കുറയ്ക്കാനിടയാക്കിയിട്ടുണ്ടെന്നും വിലയിരുത്തുന്നു. എം വിഗോവിന്ദനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ചില നേതാക്കൾ കളിച്ചുവെന്നാണ് റിപ്പോർട്ട്. തളിപ്പറമ്പിൽ എം.വി ഗോവിന്ദനെ തോൽപ്പിക്കാനായി ചില മേഖലകളിൽ പ്രവർത്തനം നടന്നുവെന്ന വിഷയവും അന്വേഷണ സമിതി പരിശോധിക്കും. സി. പി. എം ശക്തികേന്ദ്രമായ ആന്തൂർ നഗരസഭയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ണുർ നിയോജക മണ്ഡലം.
മറുനാടന് മലയാളി ബ്യൂറോ