തിരുവനന്തപുരം: കേരളാ കോൺഗ്രസ് പാർട്ടി പേരും ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ചു കിട്ടിയ സാഹചര്യത്തിൽ പിജെ ജോസഫിനേയും മോൻസ് ജോസഫിനേയും എംഎൽഎ സ്ഥാനത്ത് നിന്ന് സ്പീക്കർ അയോഗ്യരാക്കിയേക്കും.

കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിനോ പി.ജെ. ജോസഫ് വിഭാഗത്തിനോ എതിരെ അച്ചടക്ക നടപടിയെ കുറിച്ചുള്ള ചർച്ചയ്ക്ക് സ്പീക്കർ തുടക്കമിട്ടിരുന്നു. ഇരുകക്ഷികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സ്പീക്കർ സിറ്റിങ് നടത്തി. ഇനി ഇരുവരുടെയും വാദം ഒരുമിച്ചു കേട്ട ശേഷമാകും തീരുമാനം. ഇത് പിജെ ജോസഫിന് എതിരാകാനാണ് സാധ്യത. അങ്ങനെ വന്നാൽ ജോസഫിനും മോൻസിനും ആറു കൊല്ലത്തേക്ക് അയോഗ്യതയും വരും. എന്നാൽ ഇത്തരത്തിൽ തീരുമാനം വന്നാൽ ജോസഫും മോൻസും കോടതിയിൽ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ും.

പിണറായി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിപ് ലംഘിച്ചതിനാണ് ഇരുവിഭാഗവും സ്പീക്കർക്കു പരാതി നൽകിയിരിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നു ജോസ് വിഭാഗവും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു ജോസഫ് വിഭാഗവും വിപ് നൽകിയിരുന്നു. ഇതു ലംഘിച്ചതിനെതിരെയാണ് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ. കേരള കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ച് എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടതാണു പാർലമെന്ററി പാർട്ടി. ഇതിൽ ഭൂരിപക്ഷം ജോസ് വിഭാഗത്തിനാണ്. ഇതിനൊപ്പം പാർട്ടിയുടെ അംഗീകരാവും ജോസ് കെ മാണിക്കാണ്. ഇതോടെ പാർട്ടി പിളർത്തിയത് ജോസഫാണെന്ന് വ്യക്തമാകുകയും ചെയ്തു.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഇനി സർവ്വത്ര പ്രതിസന്ധിയാകും ഉണ്ടാവുക. എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് നേരത്തെ തന്നെ തലവേദനയാണ്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും. ജോസ് കെ മാണി കൂടുതൽ കരുത്ത് നേടിയിരിക്കുന്നു. പാർട്ടി ചിഹ്നവും പാർട്ടി പേരും മാണിയുടെ മകന് ലഭിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാൽ അണികൾ ജോസഫിനൊപ്പമല്ലെന്നും ജോസ് കെ മാണിക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതോടെ ജോസഫ് വിഭാഗത്തിൽ തമ്മിലടി മൂർച്ഛിക്കും. ഇത് യുഡിഎഫ് നേതൃത്വത്തേയും അങ്കലാക്കിലാക്കും. പാർട്ടിയിലെ രണ്ടാമൻ ആരെന്ന ചർച്ചയും ജോസഫ് വിഭാഗത്തിലുണ്ട്. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനുമാണ്. ഇതിനിടെയാണ് വിപ്പ് ലംഘനത്തിലെ നടപടി ഭീഷണി.

രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചർച്ചാവേളയിലും വിട്ടു നൽകണമെന്നായിരുന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ ഫ്രാൻസിസ് ജോർജ് ,ജോയി എബ്രഹാം അടങ്ങുന്ന മറുപക്ഷം അട്ടിമറിച്ചു. യുഡിഎഫ് അനുകൂല നിലപാട് ഉയർത്തി വോട്ട് ചെയ്യുകയും മറു പക്ഷത്തിന് വിപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോസഫ് ഇതിനെ അംഗീകരിച്ചു. ഇതാണ് പ്രതിസന്ധി ശക്തമാകാൻ കാരണം. ചിഹ്നവുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂലമായതോടെ മോൻസ് ജോസഫ് തീർത്തും പ്രതിസന്ധിയിലായി.

മോൻസിന് മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ഇതെന്ന് കടുത്തുരുത്തി എംഎൽഎയെ അനുകൂലിക്കുന്നവർ കരുതുന്നു. തൊടുപുഴയിൽ മകൻ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന്റെ നീക്കം.