കൊച്ചി: കേരളാ കോൺഗ്രസ് ജേക്കബിന്റെ അവകാശ വാദങ്ങൾ യുഡിഎഫ് അംഗീകരിക്കില്ല. എട്ട് സീറ്റിൽ കൂടുതൽ ഒന്നും ജോസഫിന് നൽകില്ല. ഇക്കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയുണ്ടായിട്ടുണ്ട്. പിജെ ജോസഫിന്റെ അവകാശ വാദങ്ങളിൽ യുഡിഎഫിലെ മറ്റു കക്ഷികളും പ്രതിഷേധത്തിലാണ്. കേരളാ കോൺഗ്രസ് ജേക്കബും ആർ എസ് പിയുമെല്ലാം ജോസഫിന് ഇരട്ടി സീറ്റ് കൊടുത്താൽ കൂടുതൽ സീറ്റ് തങ്ങൾക്കും വേണമെന്നും ആവശ്യപ്പെടുന്നു. ഇതെല്ലാം യുഡിഎഫിൽ പ്രശ്‌നമാണ്. ഏതായാലും ജോസഫിനെതിരെ യുഡിഎഫിൽ ഐക്യം കൂടുകയാണ്.

ഇത് മനസ്സിലാക്കിയാണ് വീട്ടുവീഴ്ചക്കാരന്റെ റോളിൽ ജോസഫ് എത്തുന്നത്. യുഡിഎഫ് സീറ്റ് ചർച്ചയിൽ അൽപം മയപ്പെട്ട് എന്ന് വരുത്തി ജോസഫ് നിലപാട് കടുപ്പിക്കുകയാണ്. 12 സീറ്റ് എന്നതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടും എടുത്തു. കോൺഗ്രസ് അതും അംഗീകരിച്ചിട്ടില്ല. അതെങ്കനെ കൊടുക്കുമെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. കേരള കോൺഗ്രസ് ഒരുമിച്ചുനിൽക്കെ 2016ൽ യുഡിഎഫ് നൽകിയ 15 സീറ്റ് വേണമെന്ന കടുംപിടിത്തത്തിലായിരുന്നു ജോസഫ്. എന്നാൽ ജോസ് കെ. മാണി വിഭാഗം പിളർന്നു മുന്നണി വിട്ട സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിനു മാത്രമായി അത്രയും നൽകാനാകില്ലെന്നു കോൺഗ്രസ് തീർത്തു പറഞ്ഞു. കെ എം മാണിക്കൊപ്പം ജോസഫ് നിന്നപ്പോൾ നാല് സീറ്റിലാണ് മത്സരിച്ചത്. പിന്നീട് ചില മാണി വിഭാഗ നേതാക്കൾ ജോസഫിനൊപ്പം എത്തി. ഇത് പരിഗണിച്ച് എട്ട് സീറ്റ്.

അതിന് അപ്പുറം ഒന്നും കൊടുക്കില്ല. അതോടെയാണ് കഴിഞ്ഞ തവണത്തെ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ ഉപേക്ഷിക്കാൻ തയാറാണെന്ന് ജോസഫ് മറുപടി നൽകിയത്. എൻസിപി എൽഡിഎഫ് വിട്ടാൽ മാണി സി.കാപ്പനു വേണ്ടി പാലാ നൽകാനും തയാറാണെന്നും പറഞ്ഞു. അതായത് 11 സീറ്റിൽ മത്സരിക്കമെന്ന് പറയാതെ പറയുകയാണ് ജോസഫ്. അതു പറ്റില്ലെന്നും കോട്ടയത്ത് കൂടുതൽ സീറ്റ് നൽകില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. മുസ്ലിം ലീഗ് കൂടുതലായി അഞ്ച് സീറ്റ് ചോദിക്കുന്നുണ്ട്. ഇതിൽ കുറച്ചു കാര്യവുമുണ്ട്. ഇതു പോലും കോൺഗ്രസ് അംഗീകരിക്കുന്നില്ല. എങ്ങനേയും 60 സീറ്റിൽ ഒറ്റയ്ക്ക് ജയിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് 90 സീറ്റിൽ മത്സരിക്കാനാണ് താൽപ്പര്യപ്പെടുന്നത്.

ഇടതു കോട്ടകളായ ആലത്തൂരും തളിപ്പറമ്പും വിട്ടുനൽകാമെന്ന് ജോസഫ് പറയുന്നതിൽ കാര്യമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിന് എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇതു രണ്ടും. 7 സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫിന് ഉറപ്പു നൽകിയിട്ടുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്ത് എട്ടു വരെ എന്നതിലാണ് അവർ നിൽക്കുന്നത്. എന്നാൽ 12 എണ്ണം ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് മറുപടി നൽകിയത്. മലബാറിൽ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് യുഡിഎഫ് നൽകാൻ ഇടയുള്ള സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് അനുചിതമാണെന്ന നിലപാടിലാണ് ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിന് എൽഡിഎഫ് നൽകുന്ന സീറ്റുകളുടെ അനുപാതം യുഡിഎഫ് തങ്ങളോട് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ ആഴ്ച ഇരു കക്ഷികളും വീണ്ടും ചർച്ച നടത്തും. എന്നാൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശക്തി സമാനതകളില്ലാത്തതാണ്. അവരുമായി തങ്ങളെ കേരളാ കോൺഗ്രസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണെന്നതാണ് ഉയരുന്ന ചോദ്യം. തദ്ദേശത്തിൽ പോലും ജോസഫിന് കരുത്ത് കാട്ടാനായില്ല. ലീഗ് മികച്ച പ്രകടനമാണ് നടത്തുന്നത്.

അതിനിടെ പാലാ നിയമസഭാ സീറ്റിൽ പാർട്ടിതന്നെ മത്സരിക്കണമെന്നാണു ശരദ് പവാർ അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെ താൽപര്യമെന്നും ഇക്കാര്യങ്ങൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും എൻസിപി ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി അറിയിച്ചു. എൽഡിഎഫ് തുടർഭരണമുണ്ടാകും. അതുകൊണ്ടുതന്നെ മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോയെന്ന് യുഡിഎഫ് പ്രവേശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ പാല കിട്ടിയില്ലെങ്കിൽ മാണി സി കാപ്പൻ മുന്നണി വിടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പാലാ എൻസിപിയിലെ വിമതർക്ക് കൊടുക്കേണ്ടി വരുമെന്ന് കോൺഗ്രസും കണക്കു കൂട്ടുന്നു.

ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ് കരുതലോടെ നീങ്ങുകയാണ്. മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് പ്രശ്ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറുമെന്ന വിലയിരുത്തൽ സജീവമാണ്. ജോസ് കെ മാണിയെ പുകച്ചു ചാടിച്ചു സീറ്റുകൾ പിടിച്ചടുക്കാനുള്ള ഗൂഢാലോചനയിൽ നോട്ടമൊന്നുമില്ലാത്തതിന്റെ നിരാശയിൽ കോട്ടയത്തെ കോൺഗ്രസുകാർ മാറുകയാണ്. അവസരം മുതലെടുത്ത് പിജെ ജോസഫ് പിടിമുറുക്കിയതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.

ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയ നേതാക്കൾക്കെല്ലാം സീറ്റ് വേണം. അതും വിജയ സാധ്യതയുള്ള സീറ്റുകൾ. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ.ജോസഫ് പറഞ്ഞിരുന്നു. മുൻപ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവർ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല.

എന്നാൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടു. ഇതാണ് പ്രതിസന്ധിക്ക് കാരണം. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ഇതിലാണ് ചെറിയ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. എന്നാൽ ഇതൊന്നും കോൺഗ്രസിനെ തൃപ്തിപെടുത്തുന്നില്ല.