- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന് തീരാ തലവേദനയായി പിജെ ജോസഫ്; ആറോ ഏഴോ സീറ്റിൽ ഒതുക്കാമെന്ന സൂചന പുറത്തു വന്നതോടെ 12 സീറ്റുകളിലെ സാധ്യതാ പട്ടിക പ്രഖ്യാപിച്ച് ജോസഫ് രംഗത്ത്; ജോസ് കെ മാണിയെ പുറത്താക്കി പണി ഇരന്നു വാങ്ങി കോൺഗ്രസ്
കോട്ടയം: 'കോട്ടയം ജില്ലയിൽ 9 ൽ 8 സീറ്റും ആവശ്യപ്പെട്ട ഡിസിസിയുടെ നിലപാട് അപക്വമാണ്. ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായമാണെന്നു കരുതുന്നില്ല. മകൻ അപു ജോസഫിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചിട്ടില്ല''-യുഡിഎഫിലെ കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ വാക്കുകളാണ് ഇത്. ജോസ് കെ മാണിയെ കോൺഗ്രസ് മുന്നണിയിൽ നിന്ന് പുറത്താക്കിയത് കോട്ടയത്തെ ഷുവർ സീറ്റുകളിൽ നേതാക്കളെ മത്സരിപ്പിക്കാനാണ്. എന്നാൽ ഇത് ജോസഫിന്റെ മോഹങ്ങളിൽ പ്രതിസന്ധിയിലാകുന്നു.
സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് തീരാ തലവേദനയാണ് പിജെ ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും ജോസഫിന് കരുത്ത് കാട്ടാനായില്ല. ജോസ് കെ മാണിയുടെ മികവിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ പോലും സിപിഎം മുന്നണി സ്വന്തമാക്കി. ഇതിന് ശേഷവും അവകാശ വാദങ്ങളിൽ ജോസഫും ഉറച്ചു നിൽക്കുന്നു. തനിക്കൊപ്പമുള്ള എല്ലാ നേതാക്കൾക്ക് വേണ്ടിയും സീറ്റ് ചോദിക്കുകയാണ് ജോസഫ്. 15 സീറ്റാണ് ചോദിച്ചത്. നൽകില്ലെന്ന് കോൺഗ്രസ് തീർത്തു പറഞ്ഞു.
കഴിഞ്ഞ തവണ കെഎം മാണിക്കൊപ്പമായിരുന്നു പിജെ ജോസഫ്. അന്ന് ജോസഫ് ഗ്രൂപ്പ് മത്സരിച്ചത് നാല് സീറ്റിലാണ്. മാണിയുടെ മരണ ശേഷം തോമസ് ഉണ്ണിയാടനേയും സി എഫ് തോമസിനേയും കൂടെ കൂട്ടി കേരളാ കോൺഗ്രസിനെ പിജെ പിളർത്തി. ജോണി നെല്ലൂരിനെ പോലുള്ള നേതാക്കളെ മറ്റ് പാർട്ടികളിൽ നിന്നും അടർത്തിയെടുത്തു. തദ്ദേശത്തിൽ കേരളാ കോൺഗ്രസിന്റെ അവകാശങ്ങൾ എല്ലാം കോൺഗ്രസ് അംഗീകരിച്ചു. അതിന്റെ ഫലമായിരുന്നു മധ്യകേരളത്തിലെ തോൽവി. ഇതോടെ കേരളാ കോൺഗ്രസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുതലോടെ സീറ്റ് അനുവദിക്കാനും തീരുമാനിച്ചു.
ഏഴോ എട്ടോ സീറ്റിൽ കൂടുതൽ നൽകില്ലെന്നും ജോസഫിനെ അറിയിച്ചു. ഇതിനിടെ 12 സീറ്റുകളിലെ സാധ്യതാപട്ടികയുമായി ജോസഫ് ചർച്ചകൾ പുതിയ തലത്തിലെത്തുന്നു. പേരാമ്പ്ര, പാലാ സീറ്റുകൾ വിട്ടുനൽകി തിരുവമ്പാടിയും മൂവാറ്റുപുഴയും ഏറ്റെടുക്കണമെന്നും ജോസഫ് വിഭാഗം ആഗ്രഹിക്കുന്നു. തിരുവമ്പാടിയിൽ പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫ് സ്ഥാനാർത്ഥിയാകുമോ എന്നും വ്യക്തമാകാനുണ്ട്. മൂവാറ്റുപുഴ കിട്ടിയാൽ ഫ്രാൻസിസ് ജോർജിനു നൽകാനാണു സാധ്യത. അങ്ങനെ കോൺഗ്രസിനെ വെട്ടിലാക്കി ലക്ഷ്യം നേടുകയാണ് ജോസഫിന്റെ ശ്രമം. ഇതിനോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.
മുൻപ് കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റുകളിൽ ആലത്തൂരും തളിപ്പറമ്പും കോൺഗ്രസിന് വിട്ടുനൽകാമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് വിട്ടു മാണി സി. കാപ്പൻ വന്നാൽ മത്സരിക്കുന്നതിന് പാലാ സീറ്റു വിട്ടു നൽകാൻ ജോസഫ് ഒരുക്കമാണ്. ബാക്കിയുള്ള 12 സീറ്റുകളും പാർട്ടിക്കു വേണമെന്നാണ് ആവശ്യം. 2 എംഎൽഎമാർ, 5 മുൻ എംഎൽഎമാർ, 2 മുൻ എംപിമാർ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്.
കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന 6 സീറ്റുകളിൽ കടുത്തുരുത്തി ഒഴികെയുള്ള അഞ്ചെണ്ണവും കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു കത്തു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫിന്റെ പൂഴക്കടകനായി സാധ്യതാ സ്ഥാനാർത്ഥി പട്ടികയെത്തുന്നത്.
ജോസഫിന്റെ സാധ്യതാപട്ടിക ഇങ്ങനെ
തൊടുപുഴ: പി.ജെ. ജോസഫ്
കടുത്തുരുത്തി: മോൻസ് ജോസഫ്
തിരുവല്ല: ജോസഫ് എം. പുതുശേരി, വിക്ടർ ടി. തോമസ്, വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ
കുട്ടനാട്: ജേക്കബ് ഏബ്രഹാമിനു മുൻഗണന.
ചങ്ങനാശേരി: സി.എഫ്. തോമസിന്റെ മകൾ സിനി തോമസ്, സിഎഫിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, കെ.എഫ്. വർഗീസ്
ഏറ്റുമാനൂർ: പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, മൈക്കിൾ ജയിംസ്.
പൂഞ്ഞാർ: സജി മഞ്ഞക്കടമ്പിൽ, മജു പുളിക്കൻ.
കാഞ്ഞിരപ്പള്ളി: അജിത് മുതിരമല, മറിയാമ്മ ജോസഫ്, തോമസ് കുന്നപ്പള്ളി
ഇടുക്കി: ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, എം.ജെ.ജേക്കബ്
കോതമംഗലം: ഷിബു തെക്കുംപുറം, ലിസി ജോസ്. ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടൻ.
പാലാ: മാണി സി. കാപ്പൻ യുഡിഎഫിലെത്തിയാൽ വിട്ടു നൽകും. ഇല്ലെങ്കിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം
പേരാമ്പ്ര: തിരുവമ്പാടി കിട്ടിയാൽ അപു ജോസഫ്. അപു ഇല്ലെങ്കിൽ ജോണി നെല്ലൂർ
മറുനാടന് മലയാളി ബ്യൂറോ