തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജീവ പരിഗണനയിലുണ്ടായിരുന്ന സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല. കെ.എം മാണിയുടെ മരുമകൻ എംപി ജോസഫ് പത്താമത്തെ സീറ്റായി പാർട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. പുതുശ്ശേരിക്കും മഞ്ഞക്കടമ്പനും ഒപ്പം ജോണി നെല്ലൂരും പട്ടികയ്ക്ക് പുഖത്തായി. ഏവിടെ വേണമെങ്കിലും മത്സരിക്കാൻ ജോണി നെല്ലൂർ സന്നദ്ധനായിരുന്നു.

10 സ്ഥാനാർത്ഥികളിൽ അഞ്ച് പേരും പുതുമുഖങ്ങളാണ്. തിരുവല്ലയിൽ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയിൽ വി.ജെ ലാലിയും ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും. പുതുശേരിയെ മറികടന്നാണ് കുഞ്ഞു കോശി പോളിനെ സ്ഥാനാർത്ഥിയാക്കുന്നത്. വിക്ടർ ടി തോമസും അവഗണിക്കപ്പെട്ടു. ഇത് പാർട്ടിയിൽ പുതിയ പ്രശ്‌നങ്ങളാകും. ജോസഫിന്റെ വിശ്വസ്തനാണ് കുഞ്ഞുകോശി പോൾ. മരുമകൻ എംപി ജോസഫിനെ തൃക്കരിപ്പൂരിൽ നിർത്തിയതും കേരളാ കോൺഗ്രസ് ജോസഫിലെ മറ്റ് നേതാക്കൾക്ക് വേദനയായിട്ടുണ്ട്.

1.തൃക്കരിപ്പൂർ: എംപി ജോസഫ്
2.ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടൻ
3.തൊടുപുഴ-പി.ജെ ജോസഫ്
4.ഇടുക്കി-ഫ്രാൻസിസ് ജോർജ്
5.കോതമംഗലം-ഷിബു തെക്കുംപുറം
6.കടുത്തുരുത്തി-മോൻസ് ജോസഫ്
7.ഏറ്റുമാനൂർ-പ്രിൻസ് ലൂക്കോസ്
8.ചങ്ങനാശ്ശേരി-വി.ജെ ലാലി
9.കുട്ടനാട്-ജേക്കബ് ഏബ്രഹാം
10.തിരുവല്ല-കുഞ്ഞുകോശി പോൾ 

സിഎഫ് തോമസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന ചങ്ങനാശേരി സീറ്റിനായി പോലും ജോസഫ് വിഭാഗത്തിൽ തർക്കമായിരുന്നു. സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭാധ്യക്ഷനുമായ സാജൻ ഫ്രാൻസിസും ശ്രമിച്ചു. എന്നാൽ നറുക്ക് വീണത് വിജെ ലാലിക്കും. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു.

പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി. അതായത് ജോസഫ് പക്ഷത്തിന് അഞ്ച് സീറ്റുകൾക്ക് മാത്രമേ അവകാശമുള്ളൂ. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ നിന്ന് കിട്ടിയ പത്ത് സീറ്റിലും സ്വന്തക്കാരെ ജോസഫ് സ്ഥാനാർത്ഥികളാക്കി. ഉണ്ണിയാടന് ഇരിങ്ങാലക്കുട കിട്ടിയത് മാത്രമാണ് അപവാദം.

തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ പല നേതാക്കളും തീർത്തും നിരാശരാണ്.

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ, ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത് നിലയുറപ്പിച്ചിരുന്നു. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. രണ്ടാം പക്ഷത്തുള്ള ആർക്കും സീറ്റ് കിട്ടിയില്ലെന്നതാണ് വസ്തുത.