- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാന പാർട്ടിയെന്ന അംഗീകാരം കിട്ടാൻ നാലു എംഎൽഎമാർ വേണം; വോട്ടു വിഹിതം കുറഞ്ഞതും തിരിച്ചടിയായി; മാണി സി കാപ്പനേയും അനൂപ് ജേക്കബിനേയും ഒപ്പം ചേർക്കാൻ നീക്കം നടത്തി പിജെ ജോസഫ്; തിരിച്ചടികൾക്കിടയിലും പാർലമെന്റ് സീറ്റ് ഉറപ്പിക്കാൻ ഉപായം തേടി തൊടുപുഴ നേതാവ്; നോ പറഞ്ഞ് അനൂപും കാപ്പനും
കോട്ടയം: കേരളാ കോൺഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരവും പോയി. ഇതോടെ പിജെ ജോസഫ് മറ്റൊരു പ്രതിസന്ധിയിലും. ഇത് മറികടക്കാൻ കഴിയില്ലെന്നതാണ് വസ്തുത. സംസ്ഥാന പാർട്ടി അംഗീകാരത്തിന് നാല് എംഎൽഎ.മാരുടെ പിന്തുണ അനിവാര്യമായിരിക്കെ കേരള കോൺഗ്രസിൽ അതിനുള്ള ആലോചനകൾ സജീവം.
പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബ്, പാലായിൽനിന്ന് വിജയിച്ച മാണി സി. കാപ്പൻ എന്നിവരെ ഒപ്പം കൂട്ടാനാണ് നീക്കം. മധ്യസ്ഥന്മാർ വഴി ഇവരുമായി സംസാരിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ അനൂപ് ജേക്കബും മാണി സി കാപ്പനും താൽപ്പര്യമില്ലായ്മ അറിയിച്ചിട്ടുണ്ട്. മുമ്പും അനൂപ് ജേക്കബിനെ കേരളാ കോൺഗ്രസിന്റെ ഭാഗമാക്കാൻ ശ്രമിച്ചിരുന്നു. രണ്ട് കൊല്ലം മുമ്പായിരുന്നു ജോസഫിന്റെ നീക്കം. അന്ന് ജോണി നെല്ലൂർ ജോസഫിനൊപ്പം പോയി.
നിലവിൽ പി.സി. തോമസുമായി ലയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്റ്റേഡ് പാർട്ടി സ്ഥാനംനേടി. ഇപ്പോൾ കിട്ടിയ ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കിൽ അംഗീകൃത പാർട്ടിയാകണം. അതിന് നാല് എംഎൽഎ.മാരോ അല്ലെങ്കിൽ രണ്ട് എംഎൽഎ.മാരും ഒരു എംപി.യോ ഒപ്പമുണ്ടാകണം. ആറ് ശതമാനം വോട്ടെന്ന നിബന്ധനയും നേടാനായില്ല. പാർട്ടിക്ക് 5.50 ശതമാനമാണ് വോട്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് വാങ്ങി എടുക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. അതിന് സംസ്ഥാന പാർട്ടിയെന്ന ലേബലും അനിവാര്യമാണ്.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ അനൂപ് ജേക്കബുമായി ജോസഫ് നേരിട്ടും ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അനൂപുമായും കാപ്പനുമായും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഒറ്റക്കക്ഷിക്കും മന്ത്രിസ്ഥാനം കിട്ടുമെന്നതിനാൽ അനൂപ് ഇതിനോട് താത്പര്യം കാട്ടിയില്ല. ജോണി നെല്ലൂർ അനൂപിനെവിട്ട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ മടികാണിച്ചു. ഇതേ സാഹചര്യങ്ങൾ ഇപ്പോഴും ഉണ്ട്.
പിറവത്ത് വലിയ ഭൂരിപക്ഷത്തിനാണ് അനൂപ് ജേക്കബ് ഇത്തവണ ജയിച്ചത്. ഇടതു തരംഗത്തിൽ മികച്ച വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അനൂപ്. ഇതിനൊപ്പം യാക്കോബായക്കാരുടെ പാർട്ടി കൂടിയാണ് കേരളാ കോൺഗ്രസ് ജേക്കബ്. അതിനാൽ പിജെ ജോസഫിനൊപ്പം പോയി പാർട്ടിയുടെ വ്യക്തിത്വം കളയാൻ അനൂപ് ജേക്കബിന് താൽപ്പര്യമില്ല. ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ കേരളാ കോൺഗ്രസിൽ അതൃപ്തരാണ്. ഇത്തവണ 10 സീറ്റിലാണ് കേരളാ കോൺഗ്രസ് യുഡിഎഫിനായി മത്സരിച്ചത്. ഇതിൽ ജയിച്ചത് തൊടുപുഴയിലും കടുത്തുരുത്തിയിലും. അതിൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കഷ്ടിച്ചാണ് കടന്നു കൂടിയത്.
ഇത്തരത്തിൽ ദുർബലരായ പാർട്ടിക്ക് ശക്തികൂട്ടാൻ അനൂപ് ജേക്കബ് ലയനത്തിന് കൂട്ടു നിൽക്കില്ല. കാപ്പനെ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടി രൂപവത്കരിച്ച് രണ്ട് സീറ്റും മത്സരിക്കാൻ നേടിയ സാഹചര്യത്തിൽ മറ്റൊരു ലയനം താത്പര്യപ്പെട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലയെ അവരുടെ സിറ്റിങ് സീറ്റായാണ് കണക്കാക്കുന്നത്. അത് കാപ്പന് വിട്ടുകൊടുക്കുന്നതായി ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് എലത്തൂർ സീറ്റും യുഡിഎഫ് നൽകി. ഈ സാഹചര്യത്തിൽ ഇനി ജോസഫിനൊപ്പം പോകേണ്ട സാഹചര്യം മാണി സി കാപ്പനുമില്ല.
മറുനാടന് മലയാളി ബ്യൂറോ