തിരുവനന്തപുരം. മക്കൾ രാഷ്ട്രീയം കോൺഗ്രസിനും കേരള കോൺഗ്രസിനും എന്നും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. എത്ര വലിയ നേതാവായാലും മക്കളുടെ കാര്യത്തിൽ സ്വാർത്ഥത കാണിക്കുന്നത് അവരുടെ പതനത്തിന് തന്നെ വഴിവെയ്ക്കാറുണ്ട്. ഇത് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. സാക്ഷാൽ ലീഡർ എന്ന കെ.കരുണാകരന്റെ പുത്ര സ്‌നേഹം ഒടുവിൽ അദ്ദേഹത്തെ എവിടെ എത്തിച്ചുവെന്ന് നമുക്കറിയാവുന്നതാണ്. ഇവിടെ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയമാണ് ജോസഫ് ഗ്രൂപ്പിലേയ്ക്കും വ്യാപിച്ചിരിക്കുന്നത്.

തന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫിനെ രംഗത്തിറക്കാനാണ് ജോസഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അപുവിനെ സംഘടനാ രംഗത്ത് സജീവമാക്കിയിരിക്കയാണ് പി ജെ ജോസഫ്. മോൻസ് ജോസഫ് അടക്കമുള്ള ജോസഫിന്റെ വിശ്വസ്തരുടെ എതിർപ്പു മറികടന്നാണ് മകനെ നിർണായക ചുമതലകളിൽ എത്തിക്കാൻ ജോസഫ് ശ്രമം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 28ന് ജോസഫ് തന്റെ 81ാം പിറന്നാൾ ആഘോഷിച്ചിരുന്നു. പിറന്നാളിനിടെ അടുത്ത ബന്ധുക്കളോട് അപുവിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ പോകുന്നതിനെയും കുറിച്ച് പി.ജെ. ജോസഫ് സൂചന നൽകിയിരുന്നു.

പിജെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ ജില്ല വിട്ടുള്ള പരിപാടികളിൽ അധികം പങ്കെടുക്കാറില്ല. അടുത്ത തവണ മത്സരിക്കേണ്ടതില്ല എന്ന നിലാപാടിലാണ് ജോസഫ്. പകരം തൊടുപുഴയിൽ അപുവിനെ സ്ഥാനാർത്ഥിയാക്കനാണ് ജോസഫ് ശ്രമിക്കുന്നത്. 30 വർഷത്തിലധികമായി താൻ എം എൽ എ ആയിരിക്കുന്ന തൊടുപുഴ തന്റെ മകനെ കൈവിടില്ലന്ന ഉത്തമ വിശ്വാസം പിജെയ്ക്കുണ്ട്.  2001 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് തൊടുപുഴക്കാർ തന്നെ കൈവിട്ടത്. മണ്ഡലത്തിലെ സഭാ വിശ്വാസികൾക്ക് മാത്രമല്ല മറ്റു ഹൈന്ദവ സമൂഹത്തിനും ഇസ്ലാം വിശ്വാസികൾക്കും ഇടയിൽ തനിക്കുള്ള സ്വീകാര്യത മകന് അനുകൂലമാക്കി മാറ്റാമെന്നാണ് പി ജെ ജോസഫ് കണക്കുകൂട്ടുന്നത്.

നിയമസഭാ തെരെഞ്ഞടുപ്പിൽ മത്സരിപ്പിക്കുന്നത് മാത്രമല്ല പാർട്ടി ലീഡർ ഷിപ്പും മകന് നല്കണമെന്ന ചിന്ത ജോസഫിന് ഉണ്ട്. മകന്റെ കയ്യിൽ പാർട്ടി നിയന്ത്രണം എത്തിയാൽ മധ്യ തിരുവിതാം കൂറിൽ അടക്കം പാർട്ടിക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കാമെന്നും കർഷക സമൂഹത്തെ ഒന്നാകെ പാർട്ടിയിലേക്ക് അടുപ്പിക്കാമെന്നും പി ജെ അടുത്ത അനുയായികളെ ധരിപ്പിച്ചതായാണ് വിവരം. പാർട്ടിയിൽ അപു സെയഫ് ആകുന്നതോടെ പൂർണവിശ്രമത്തിലേയ്ക്ക് നീങ്ങാനാണ് ജോസഫിന്റെ ശ്രമം. പാർട്ടി മകന്റെ കയ്യാലാവുന്നതോടെ പിൻ സീറ്റ് ഡ്രൈവിങ് പരീക്ഷിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന വാദവും ചില പി ജെ വിരുദ്ധർ ഉന്നയിക്കുന്നുണ്ട്.

പി ജെ ജോസഫിന്റെ മകൻ നിലവിൽ പാർട്ടിയുടെ ഹൈപ്പവർ കമ്മറ്റിയംഗമാണ്. കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അപു ജോൺ ജോസഫ് പാർട്ടിയുടെ നേതൃനിരയിൽ സജീവമായി തുടങ്ങി. ആദ്യം കെ എം മാണി ജോസ് കെ മാണിയെ നേതൃരംഗത്ത് എത്തിക്കാൻ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ചതു പോലെ യുവജന രംഗത്ത് മകനെ സജീവമാക്കാനാണ് പി ജെ ജോസഫ് ഉദ്ദേശിച്ചത്. എന്നാൽ യൂത്ത് ഫ്രണ്ടിൽ നിന്നുള്ള എതിർപ്പും വിമത സ്വരങ്ങളും കാരണം ആ നീക്കം വേണ്ടന്നു വെച്ചു. പിന്നീടാണ് ഐ ടി പ്രൊഫഷണൽ കോൺഗ്രസിന് രൂപം നല്കി മകനെ അദ്ധ്യക്ഷനാക്കിയത്. ആധുനിക യുഗത്തിൽ കേരളാ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കുക, പാർട്ടിയെ ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.

യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ തൃക്കാക്കരയിൽ വച്ച് സംഘടിപ്പിക്കുവാനും, സ്‌ക്വാഡുകൾ രൂപവൽക്കരിച്ച് ഭവന സന്ദർശനം നടത്തുവാനും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. മകന്റെ മിടുക്ക് തന്നെയാണ് തൃക്കാക്കരയിൽ പ്രചരണത്തിന്റെ ഭാഗമായി അണിനിരക്കാൻ കഴിഞ്ഞതിന് പിന്നിലെന്ന് പി ജെ ജോസഫ് കണക്കു കൂട്ടുന്നു. എന്നാൽ അപുവിന്റെ വരവും ഇടപെടലും കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കയാണ്. മോൻസ് ജോസഫ് പോലും പിജെയുമായി ഉടക്കിനിൽക്കുന്നു. മകന് അമിത പരിഗണന നല്കുന്ന ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയിൽ നിന്ന് മോൻസിനെ അകറ്റി നിർത്തിയിട്ടുള്ളത്. അതിനിടെ പാർട്ടിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കൾ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.

പി ജെ യുടെ അമിത പുത്ര വാൽസല്യം കാരണം വളരുന്തോറും പിളരും എന്ന അപഖ്യാതിവീണ്ടും കേരള കോൺഗ്രസിനെ വേട്ടയാടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ അപുവിനെ കളത്തിലിറക്കാൻ ജോസഫ് ശ്രമിച്ചരുന്നു. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു നീക്കം. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ സീറ്റാണ് തിരുവമ്പാടി. സീറ്റ് ഏറ്റെടുക്കാൻ ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ക്രൈസ്തവ മേഖലയിൽ സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് മണ്ഡലം മാറുന്നതെന്നായിരുന്നു വിശദീകരണം. മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം പകരം നൽകാനായിരുന്നു ആലോചന. പേരാമ്പ്ര മണ്ഡലത്തേക്കാൾ കുടിയേറ്റ കർഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയിൽ ആണെന്നായിരുന്നു ജോസഫ് ഗ്രൂപിന്റെ വിലയിരുത്തൽ.

എന്നാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കാത്തതിനാൽ ആ നീക്കം ഫലം കണ്ടില്ല. നിലവിൽ പി.ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനും അപു ജോൺ ജോസഫ് ആണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് മുൻപ് തന്നെ പൊതു വേദിയിൽ അപുവിനെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി കോട്ടയത്തും പരിപാടി സംഘടിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് ജന്മമെടുത്ത കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നാണ് പിജെ ജോസഫിന്റെ മകൻ നയിച്ച കർഷക മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് നീങ്ങിയത് . ജോസഫ് വിഭാഗത്തിന്റെ മുഖ്യധാരയിലേക്ക് അപു ജോൺ ജോസഫ് എത്തിക്കുകയായിരുന്നു മാർച്ചിന്റെ ഉദ്ദേശം.

തിരുവമ്പാടിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ അപ്പു നേരത്തെ തള്ളിയിരുന്നുവെങ്കിലും പാർട്ടി നേതൃനിരയിലേക്ക് എത്തുന്നുവെന്ന സൂചനകൾ തള്ളിയിരുന്നില്ല. പി.ജെയുടെ തട്ടകമായ തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അപുവാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു ജോസഫ് വിഭാഗം കഴിഞ്ഞ വർഷം നടത്തിയ കർഷക മാർച്ചിലൂടെ കോട്ടയത്തും ആദ്യമായി അപു ജോസഫ് കളത്തിൽ ഇറങ്ങി . വിവിധ ജില്ലകളിലെ പാർട്ടിയുടെ സംഘടന ചുമതലയും അപുവിനുണ്ട്.. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു തെളിയിച്ചാൽ കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയം എന്ന പാരമ്പര്യത്തിൽ തെറ്റില്ലെന്നാണ് അപുവിന്റെ പക്ഷം.