തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയനീക്കം നിർഭാഗ്യകരമെന്നു കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ്. പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരിടത്തും ചർച്ച ചെയ്തിട്ടില്ല. ചരൽക്കുന്ന് ക്യാംപിലെ തീരുമാനങ്ങളാണ് നടപ്പിലാക്കേണ്ടിയിരുന്നത്. പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു തീരുമാനം. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചർച്ച ചെയ്യുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.

ജോസ് കെ. മാണിയെയും കെ.എം. മാണിയെയും ഒഴിവാക്കിയുള്ള കേരളാ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായി നടക്കുന്നുവെന്ന സൂചനകൾക്കിടെയാണ് പിജെ ജോസഫിന്റെ മനസ്സ് തുറക്കൽ. ജോസഫ് വിഭാഗത്തിനു പുറമെ കെ.എം. മാണിയോട് ഏറെ അടുപ്പം പുലർത്തുന്ന സംസ്ഥാന നേതാക്കൾക്കുവരെ പാർട്ടി സ്വീകരിച്ച നിലപാടിൽ വിയോജിപ്പുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇവരെയെല്ലാം യുഡിഎഫിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഏതായാലും കേരളാ കോൺഗ്രസിലെ ഭിന്നതയാണ് പിജെ ജോസഫിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

രണ്ടാഴ്ച മുമ്പ് കോട്ടയത്തു കർഷകകൂട്ടായ്മ എന്ന പേരിൽ ചേർന്ന യോഗം മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അതിനുശേഷം ഇടതുനേതൃത്വത്തിൽനിന്നു വ്യക്തമായ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണി വിഭാഗം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്നാണു വിലയിരുത്തൽ.