- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി; ചിഹ്നം നഷ്ടപ്പെട്ടതിന് പിന്നാലെ പേരും നഷ്ടപ്പെട്ട് പി.ജെ. ജോസഫ് ഗ്രൂപ്പ്; പേരും ചിഹ്നവും ഇനി മാണിയുടെ മകന് സ്വന്തം; സത്യത്തെ വേട്ടയാടിയതിനുള്ള തിരിച്ചടിയെന്ന് ജോസ് കെ മാണി
കൊച്ചി: പാർട്ടി ചിഹ്നം നഷ്ടപ്പെട്ടത്തിന് പിന്നാലെ പി.ജെ. ജോസഫിന് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ തിരുത്ത്. കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങൾക്കാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഇതോടെ കേരള കോൺഗ്രസിലെ ജോസഫ്- ജോസ് വിഭാഗങ്ങളുടെ തർക്കത്തിൽ ജോസ് കെ മാണി വിഭാഗത്തിന് പൂർണ വിജയം കൈവന്നു.
കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗം ഇതേ ബെഞ്ചിൽ തന്നെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്. കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങൾക്കാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല.
സത്യത്തെ വേട്ടയാടിയതിനുള്ള തിരിച്ചടി: ജോസ് കെ.മാണി
സത്യത്തെ നിരന്തരം വേട്ടയാടുന്നവർക്ക് തിരിച്ചടികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും എന്ന് തെളിയിക്കുന്നതാണ് കേരളാ കോൺഗ്രസ്സ് (എം) എന്ന പേര് പി.ജെ ജോസഫ് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിയെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. കേരളാ കോൺഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അംഗീകരിക്കാൻ പി.ജെ ജോസഫ് വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നതിന് വേണ്ടി നിരന്തരം കോടതികളെ സമീപിക്കുക എന്നതായിരുന്നു ജോസഫ് വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.ജെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസ്സ് (എം) എന്ന പേരിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്തത്. ഈ ഉത്തരവോടുകൂടി കേരളാ കോൺഗ്രസ്സ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഒരു കാരണവശാലും ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ല എന്നാൽ പുതിയ തിരുത്തൽ ഉത്തരവിൽ വ്യക്തമായിരിക്കുകയാണ്. നിലവിൽ കേരളാ കോൺഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാൻ ജോസഫ് വിഭാഗത്തിൽ അവകാശമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അംഗീകാരം നഷ്ട്ടപ്പെട്ട പി.ജെ ജോസഫിന് മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയേ ഇനി മാർഗ്ഗമുള്ളൂ എന്നും ജോസ് കെ.മാണി പറഞ്ഞു.
അന്ത്യമാകുന്നത് കെ എം മാണിയുടെ അന്ത്യത്തോടെ തുടങ്ങിയ തർക്കത്തിന്
കെ എം മാണിയുടെ വിയോഗത്തെ തുടർന്നാണ് കേരളാ കോൺഗ്രസി എമ്മിൽ അധികാര തർക്കം ഉടലെടുക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർലമെന്റ് അംഗമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നു. സംഘടനാചുമതലയുള്ള മുതിർന്നനേതാവ് ജോയ് ഏബ്രഹാമിനെ ഒഴിവാക്കിയായിരുന്നു ഇത്. അന്നുമുതൽ ജോയ് ഏബ്രഹാമിന് നീരസമുണ്ട്. ജോസഫിനും ഇതിനോട് കാര്യമായ യോജിപ്പ് ഉണ്ടായില്ല. പാർട്ടി സംഘടിപ്പിച്ച കേരളയാത്ര നയിക്കാൻ ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായി എന്ന് ആരോപണം. യാത്ര ഉദ്ഘാടനംചെയ്തു മടങ്ങിയ ജോസഫ് തന്നെ അറിയിക്കാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് ആരോപിച്ചു. യാത്ര നയിക്കേണ്ടത് താനാണെന്ന് ജോസഫിന് അഭിപ്രായമുണ്ടായിരുന്നു. ഇതേച്ചൊല്ലി വാക്പോര്.
പിന്നാലെ എത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പോടെ തർക്കം രൂക്ഷമായി. തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പി.ജെ. ജോസഫ് താത്പര്യം പ്രകടിപ്പിക്കുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ജോസഫിന് സീറ്റ് നിഷേധിക്കുന്നു. രാത്രി വൈകി തോമസ് ചാഴികാടനെ പ്രഖ്യാപിക്കുന്നു. മുറിവേറ്റ ജോസഫ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തുന്നു. അവരുടെ മധ്യസ്ഥയിൽ താത്കാലിക വെടിനിർത്തൽ. ജോസഫ് തിരഞ്ഞെടുപ്പിനോട് സഹകരിക്കുന്നു.
മാണിയുടെ മരണത്തിനുശേഷം ചെയർമാൻ ആരെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവായ തന്നെ നേതാവായി തിരഞ്ഞെടുക്കണമെന്നാണ് ജോസഫ് താൽപ്പര്യം പ്രകടിപ്പിച്ചത്. സമവായമാണ് മാണി സ്വീകരിച്ചിരുന്നനയമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി വിളിച്ച് കാര്യം തീരുമാനിക്കണമെന്ന് ജോസ് കെ. മാണി. ചെയർമാൻ അടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത് അവിടെയെന്നും ജോസ്. ജോസഫിനെ താത്കാലിക ചെയർമാനായി നിശ്ചയിച്ചതായി കാണിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നിയമസഭാ സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തുനൽകി. ഇതോടെ സംഘർഷം രൂക്ഷമായി മാറുകയായിരുന്ു.
സ്ഥാനങ്ങൾ നിശ്ചയിക്കാൻ ഫോർമുലകൾ പി ജെ ജോസഫ് വിഭാഗം മുന്നോട്ടു വെച്ചെങ്കിലും കെ എം മാണി ഇതിനെ അംഗീകരിച്ചില്ല. സി.എഫ്. തോമസ് ചെയർമാനായും ജോസഫ് നിയമസഭാകക്ഷി നേതാവും വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും എന്ന നിർദ്ദേശം മധ്യസ്ഥർ മുന്നോട്ടുവെക്കുന്നു. കമ്മിറ്റി കൂടിവേണം ഇത് തീരുമാനിക്കാൻ എന്ന് ജോസ് കെ. മാണി നിലപാടെടുത്തതോടെ സമവായം പാളുന്നു.
ഇതിനിടയിൽ പാല ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് പാർട്ടി ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വരികയും പാലായിൽ ഇടത് പക്ഷത്തോട് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതിനും കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചു.
മറുനാടന് ഡെസ്ക്