- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമ പോരാട്ടത്തിൽ രണ്ടില കൈവിട്ടു; ജോസഫ് വിഭാഗം പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാകില്ല; ഇത്തവണ 'ചെണ്ട' ചിഹ്നവും ലഭിച്ചേക്കില്ല
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ടതോടെ പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി പി.ജെ ജോസഫ് വിഭാഗം. കേരള കോൺഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പ്.
ജോസഫിന്റെ പാർട്ടിയിലും കേരള കോൺഗ്രസ് എന്ന പേരുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല. എങ്കിലും പുതിയ പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും. അപ്പോഴും വിപ്പ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. രജിസ്റ്റർ ചെയ്യാത്ത പാർട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരുപാർട്ടിയിൽ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാർട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം.
ചിഹ്നവും പേരും തർക്കവും സംബന്ധിച്ച തർക്കം കോടതിയിൽ നിലനിൽക്കുന്നതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫിന് ചെണ്ടയെന്നചിഹ്നം ലഭിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ലഭിക്കാൻ സാധ്യതയില്ല.
ലയനം സംബന്ധിച്ച് പിസി തോമസുമായി ചില ചർച്ചകൾ നടന്നിരുന്നുവെങ്കിലും അതൊന്നും മുന്നോട്ടുപോയിരുന്നില്ല. റിവേഴ്സ് ക്വാറന്റീൻ പൂർത്തിയാക്കി പിജെ ജോസഫ് വ്യാഴാഴ്ച തൊടുപുഴയിൽ മടങ്ങിയെത്തും. ഇതിനുശേഷം പുതിയ പാർട്ടിയുടെ കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് ഗ്രൂപ്പിന്റെ ഹർജി സുപ്രീംകോടതി തള്ളിയത്
മറുനാടന് മലയാളി ബ്യൂറോ