കോട്ടയം: കെ.എം. മാണിയെ വേണ്ടെന്നു കോൺഗ്രസ് തീരുമാനിട്ടില്ലെന്നു മുതിർന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ. കോട്ടയത്തെ സി.പി.എം ബാന്ധവത്തിന്റെ പേരിൽ കേരളാ കോൺഗ്രസിനും മാണിക്കെതിരേ കോൺഗ്രസ് നേതാക്കൾ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രമാണ്. മാണിയെ തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ അഭിപ്രായം. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ മാണിയുമായി ഒരു ബന്ധവും ഇനിയില്ലെന്നു പ്രഖ്യാപിച്ചിരിക്കേയാണ് പി.ജെ. കുര്യൻ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചനയാണ് പി.ജെ. കുര്യന്റെ നിലപാടു വെളിപ്പെടുത്തലുകളിലൂടെ പുറത്തുവരുന്നത്. കോട്ടയെ പ്രശ്‌നങ്ങൾ പ്രാദേശിക പ്രശ്‌നം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം പരിഹരിക്കാൻ ഹൈക്കമാൻഡ്തല ഇടപെടലുകളൊന്നും വേണ്ട. വിരലിൽ ഒരു മുറിവ് ഉണ്ടായാൽ മരുന്നു തേയ്ക്കാറാണു പതിവ്, അല്ലാതെ വിരൽ ഒന്നാകെ മുറിച്ചു മാറ്റാറില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയ കേരളാ കോൺഗ്രിനോട് ഇനിയൊരു ബന്ധവും വേണ്ടെന്ന നിലപാടാണ് കോൺഗ്രസിനുള്ളിൽനിന്ന് പൊതുവേ ഉയർന്നത്. മാണിക്കുവേണ്ടി പലപ്പോഴും കരുക്കൾ നീക്കിയിട്ടുള്ള ഉമ്മൻ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്കുന്ന എ ഗ്രൂപ്പുമാണ് ഇക്കാര്യത്തിൽ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കോട്ടയം ഡിസിസി യോഗത്തിൽ മാണിയുമായും മകൻ ജോസുമായും ഇനിയൊരു ബന്ധവും വേണ്ടെന്ന പ്രമേയം വരെ പാസാക്കുകയുണ്ടായി.

ഇതിനിടെയാണ് പി.ജെ. കുര്യൻ മാണിക്കായി രംഗത്തുവന്നിരിക്കുന്നത്. മാണിയുടെ കാര്യത്തിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കുള്ള അഭിപ്രായ ഭിന്നതയാണ് പി.ജെ. കുര്യന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. കോട്ടയത്തേത് പ്രാദേശികതലത്തിലുള്ളൊരു പ്രശ്‌നമായി മാത്രം കണ്ടാൽ മതിയെന്നാണ് പി.ജെ. കുര്യന്റെ നിലപാട്. പി.ജെ. കുര്യന്റെ നിലപാട് ശരിവച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തുവരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

പി.ജെ. കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെ എഗ്രൂപ്പിലെ പ്രമുഖനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ ജോസഫ് വാഴയ്ക്കൻ പ്രതികരിക്കുകയുണ്ടായി. മാണിക്കെതിരേ കോൺഗ്രസ് സംസ്ഥാന നേതൃതലത്തിൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോട്ടയം ഡിസിസിയുടെ പ്രമേയം പാസാക്കൽ പ്രാദേശിക നടപടി മാത്രമാണ്. മാണിക്കെതിരേ സംസ്ഥാനതലത്തിൽ കോൺഗ്രസ് നടപടി സ്വീകരിച്ചിട്ടില്ല. കോൺഗ്രസ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരാറുള്ള പാർട്ടിയാണെന്നും പി.ജെ. കുര്യന്റെ അഭിപ്രായം സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞു.