- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പികെ ബിജുവിന്റേയും എംബി രാജേഷിന്റേയും ഭാര്യമാർ തൊഴിൽ രഹിതരാകും; ഇന്നലെ ഹൈക്കോടതി റദ്ദ് ചെയ്ത നിയമനത്തിൽ ബിജുവിന്റെ ഭാര്യ ഉണ്ടെങ്കിൽ സമാനമായ കേസിൽ രാജേഷിന്റെ ഭാര്യയ്ക്കും പണി തെറിക്കും; കേരളാ സർവ്വകലാശാലയിലെ 58 നിയമനങ്ങൾ അസാധുവാകുമ്പോൾ
കൊച്ചി: കേരള സർവകലാശാലയിൽ വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളെല്ലാം ചേർത്ത് ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം ബാധകമാക്കി നിയമനം നടത്താനുള്ള 2017 ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കുമ്പോൾ പല പ്രമുഖർക്കും ജോലി പോകും. 58 അദ്ധ്യാപക നിയമനങ്ങളാണ് ഇതോടെ അസാധുവാകുന്നത്. ഇതേ രീതിയിൽ കാലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാലകളിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. സമാന വിധി ഈ കേസുകളിലും ഉണ്ടാകാനാണ് സാധ്യത.
2017 ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അദ്ധ്യാപകരായി നിയമിച്ചത്. എക്സ്. എംപി പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബിയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സറായുള്ള നിയമനവും ഇക്കൂട്ടത്തിൽ പെടും. കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകളിൽ സമാന രീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്ത് ഫയൽ ചെയ്തിട്ടുള്ള ഹർജ്ജികളിൽ തീരുമാനമാകുമ്പോൾ തൃത്താലയിൽ ജയിച്ച എംബി രാജേഷിന്റെ ഭാര്യയ്ക്കും ജോലി നഷ്ടപ്പെടും. സംസ്കൃത സർവകലാശാലയിൽ നടന്ന എംബി രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയുടെ നിയമനവും ആരോപണ പട്ടികയിലുണ്ട്.
കേരള സർവ്വകലാശാലയിലെ ഹർജി പരിഗണനയിലിരിക്കെ നടത്തിയ നിയമനങ്ങൾ വിധിക്കു വിധേയമാകുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി ഓരോ കേഡറിലും വിവിധ വകുപ്പുകളിലുള്ള ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്താൻ 2017 നവംബർ 27 നാണു സർവകലാശാല വിജ്ഞാപനമിറക്കിയത്. ഇതിനെതിരെ ഡോ. ജി. രാധാകൃഷ്ണ പിള്ള, ഡോ. ടി. വിജയലക്ഷ്മി തുടങ്ങിയ അപേക്ഷകരും സൊസൈറ്റി ഫോർ സോഷ്യൽ സർവൈലൻസും നൽകിയ ഹർജികളിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
ഒരുമിച്ചുള്ള വിജ്ഞാപനം മൂലം ഓരോ വിഷയവും ഓരോ സമുദായത്തിനായി സംവരണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് അതതു വകുപ്പുകളിൽ 100% സംവരണം എന്ന സാഹചര്യം ഉണ്ടാക്കുമെന്നു കോടതി വിലയിരുത്തി. പൊതുവിഭാഗത്തിലുള്ള നിയമനാവസരം നഷ്ടപ്പെടും. ഇത്തരത്തിൽ വിവിധ വകുപ്പുകളിലെ തസ്തികകൾ ഒന്നിച്ചുചേർത്ത് ഒറ്റ യൂണിറ്റാക്കി സംവരണം ബാധകമാക്കുന്നതു സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ സർവകലാശാലയുടെ പ്രസ്തുത നടപടി ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ട് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും കോടതിയുടെ ഉത്തരവിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ