കോഴിക്കോട്: തന്റെ പേരിൽ സമൂ​​​ഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസ് നിയമനടപടിക്കൊരുങ്ങുന്നു. താൻ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത പോസ്റ്റ് എന്ന നിലയിൽ മതവിദ്വേഷം പടർത്തുന്ന വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് സിപിഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫേസ്​ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം.

പിണറായി വിതച്ച വർഗ്ഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ അണികൾ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ.. പിൻ: നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പൊലീസ് എന്ത് ചെയ്യുമെന്ന് നോക്കാം' - പി.കെ ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചു.

പച്ചക്കൊടിയും തക്‌ബീറും ഇനിയും മുഴങ്ങും. തടയാൻ ഒരു കമ്യൂണിസ്റ്റുകാരനും ആർ.എസ്.എസുകാരനും ആയിട്ടില്ല. നാളെ മലപ്പുറം സിവിൽ സ്റ്റേഷനിൽ മുസ്‌ലീം ലീഗിന്റെ ഹരിത പതാക പാറിക്കും. ആരും കുരച്ചിട്ട് കാര്യമില്ല. ഇത് മുസ്‌ലീം ലീഗിന്റെ പച്ചമണ്ണാണ്. ഇവിടെ പച്ചയാണ്. ഇത് മുസ്‌ലീം ആധിപത്യമുള്ള പച്ചമണ്ണാണ്' എന്നായിരുന്നു ഫിറോസിന്റെ പേരിലുള്ള വ്യാജ പോസ്റ്റിൽ എഴുതിയിരുന്നത്.

ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. വിഷയം വിവാദമായതോടെ ഫിറോസ് പോസ്റ്റുമുക്കിയെന്നായിരുന്നു ചിലർ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജപോസ്റ്റാണെന്നും ഇതിന് പിന്നിൽ സിപിഐ.എം ആണെന്നും ആരോപിച്ച് ഫിറോസ് രംഗത്തെത്തിയത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിനെതിരെ അള്ളാഹു അക്‌ബർ വിളികളുമായി മുസ്ലിം ലീഗ് പ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. പഞ്ചായത്തിലെ 17ാം വാർഡായ അടുക്കയിൽ നിന്നു ജയിച്ച ബിജെപി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ ബി കിഷോർ കുമാർ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ‘ജയ് ശ്രീറാം' വിളി നടത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചടങ്ങിൽ ഉണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ അള്ളാഹു അക്‌ബർ വിളികളുമായി രംഗത്ത് എത്തി. എന്നാൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഇടപ്പെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം പാലക്കാട് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് സിപിഐ.എം- ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നിരുന്നു. ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സിപിഐ.എം പ്രവർത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ നഗരസഭയ്ക്ക് പുറത്ത് ദേശീയ പതാക പിടിച്ചുകൊണ്ട് സിപിഐ.എം മുദ്രാവാക്യം വിളിച്ചു. എന്നാൽ തൊട്ടുപിന്നാലെ ബിജെപി പ്രവർത്തകർ നഗരസഭയ്ക്ക് പുറത്ത് ജയ് ശ്രീറാം വിളികളുമായി എത്തുകയായിരുന്നു.

 

പിണറായി വിതച്ച വർഗ്ഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാൻ അണികൾ നല്ലോണം പണിയെടുക്കുന്നുണ്ട്. ജാഗ്രതൈ!! പിൻ: നിയമ നടപടി പിന്നാലെ വരുന്നുണ്ട്. പിണറായിയുടെ പൊലീസ് എന്ത് ചെയ്യുമെന്ന് നോക്കാം...

Posted by PK Firos on Tuesday, December 22, 2020