- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ വേട്ടയെന്ന ജയലക്ഷ്മിയുടെ ആരോപണം ശരിവച്ച് വിജിലൻസും; വായ്പ എഴുതി തള്ളാനുള്ള പട്ടികയിൽ അനധികൃതമായി ബന്ധുക്കളെ ഉൾപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയത് പിണറായിക്ക് നൽകിയ പരാതിയിലെ അന്വേഷണത്തിൽ; അഗ്നി ശുദ്ധി വരുത്തി മാനന്തവാടി തിരിച്ചു പിടിക്കാൻ മുൻ മന്ത്രി
വയനാട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ വെല്ലു വിളിച്ച് പികെ ജയലക്ഷ്മി രംഗത്തു വന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് തനിക്കെതിരെ മാധ്യമ വേട്ട നടത്തുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കേസ് വിജിലൻസിന് മുമ്പിലെത്തി. പിണറായിയുടെ വിജിലൻസ് എല്ലാം പരിശോധിച്ചു. പക്ഷേ അഴിമതിക്ക് മാത്രം തെളിവു കിട്ടിയില്ല. അങ്ങനെ ജയലക്ഷ്മി കുറ്റ വിമുക്തയുമാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയലക്ഷ്മിയുടെ തോൽവിക്ക് കാരണമായി ഈ അഴിമിതി ചർച്ചയും മാറിയിരുന്നു.
ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്. പട്ടിക വർഗ വികസന വകുപ്പിന്റെ പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ക്രമക്കേടുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കാതെ കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നൽകിയ വിവരാവാകാശ രേഖയിൽ വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്.
തന്നെയും കുടുംബത്തെയും മാനസികമായി തളർത്തുതിനും, പീഡിപ്പിക്കുതിനും, ആക്ഷേപിക്കുന്നതിനും ഒരു വർഷം മുമ്പ് ആരംഭിച്ച ഈ ക്വട്ടേഷൻ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയിൽ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാർത്ത സംപ്രേഷണം ചെയ്തത്. ഒരു സ്ത്രീ എന്ന പരിഗണനയോ, പട്ടിക വർഗ്ഗക്കാരി എന്ന പരിഗണനയോ ഒരിക്കൽ പോലും നൽകിയില്ല. എന്നെ പോലെ മറ്റൊരു പൊതു പ്രവർത്തകയ്ക്കും മാധ്യമങ്ങളിൽ നിന്നു ഇത്തരം ഒരു പീഡനം ഇനി ഉണ്ടാകാൻ പാടില്ല-ഇതായിരുന്നു അഞ്ചു കൊല്ലം മുമ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ വാക്കുകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വിജലിൻസിന്റെ അന്വേഷണ റിപ്പോർട്ടും.
പട്ടികവർഗ വിഭാഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയിൽ വഴിവിട്ട് സ്വന്തം കുടുംബാംഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തി കോടികൾ എഴുതി തള്ളിയെന്നായിരുന്നു വാർത്ത. വാർത്ത ജയലക്ഷ്മി നിഷേധിച്ചു. അർഹതപ്പെട്ട ഒരാളെപ്പോലും അവഗണിക്കുകയോ, ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നിട്ടില്ല. എന്റെ സമുദായത്തിൽ ഒരാൾക്കു പോലും മറ്റൊരാൾക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ജയലക്ഷ്മി പറഞ്ഞത്. പാലോട്ട് എന്ന അഡ്രസ്സിൽ അവർക്ക് വീട്ടുപേരുണ്ടെങ്കിലും അവർ വെവ്വേറെ കുടുംബങ്ങളാണ്. 56 കുറിച്ച്യ തറവാടുകളാണ് ഞങ്ങൾക്കുള്ളത്. വിദ്യാഭ്യാസ കാര്യത്തിലും, ജീവിത രീതിയിലും, ഭൂസ്വത്തിലും മുന്നിലാണെങ്കിലും, സാമ്പത്തികമായി പലരും വളരെ പിന്നോക്കമാണ്. വിവാഹം കഴിഞ്ഞാൽ വീട്ടു പേര് തറവാടിന്റെ പേരിൽ അറിയപ്പെടുന്നമെങ്കിലും, വെവ്വേറെ കുടുംബങ്ങളായാണ് താമസിക്കുന്നതെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു. മന്ത്രിയായ ശേഷം ഇവരിലൊരാൾക്കു പോലും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു.
വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തിൽ ചാനലിൽ നൽകിയ വാർത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലൻസിൽ പരാതി നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ പ്രസ്തുത കേസുകൾ അന്വേഷിക്കുന്നതിന് ജില്ലയിൽ നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രമക്കേടുകൾ കണ്ടെത്താനാകാതെ വിജിലൻസിന് സമയനഷ്ടം വരുത്തുന്നതിനാൽ കേസ് അവസാനിപ്പിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
ജയലക്ഷ്മിയുടെ ഭാഗം പോലും കേൾക്കാതെ ഏകപക്ഷീയമായാണ് ചാനൽ വാർത്ത നൽകിയത്. മാത്രമല്ല, വലിയ അഴിമതിക്കാരിയായി ജയലക്ഷ്മിയെ ചിത്രീകരിക്കുകയും ജയലക്ഷ്മിയുടെ പാലോട് തറവാടിനെയും കുറിച്യസമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു വാർത്ത നൽകിയതെന്നും പറയുന്നു. ഈ വാർത്തക്കെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും ജയലക്ഷ്മി നൽകിയ പരാതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. വാർത്തക്കും ഇപ്പോഴും തുടരുന്ന സൈബർ ആക്രമണത്തിനും എതിരെ പോക്സോ നിയമം, പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നൽകിയ മറ്റൊരു പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്.
വാർത്താ ചാനലിനെതിരെ ഒരു കോടി രൂപ ആവശ്യപ്പെട്ട് ജയലക്ഷ്മിയുടെ കുടുംബം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. വൈകിയാണങ്കിലും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടന്ന് ജയലക്ഷ്മി പ്രതികരിച്ചു. എന്നാൽ കുടുംബാംഗങ്ങൾ മാനനഷ്ട കേസ് നൽകിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് ജയലക്ഷ്മി വ്യക്തമാക്കുന്നത്. വയനാട്ടിലെ സംവരണ മണ്ഡലമായ മാന്തവാടിയിൽ ഇത്തവണയും പികെ ജയലക്ഷ്മി തന്നെ സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നേരത്തെ മാനന്തവാടിയിൽ മത്സരിക്കമോയെന്ന് ഐസി ബാലകൃഷ്ണനോട് പാർട്ടി ആരാഞ്ഞെങ്കിലും ബത്തേരി മണ്ഡലം മതിയെന്ന് നിലപാടിലാണ് അദ്ദേഹം.
മാനന്തവാടി നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമ്പത്തിനാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു പക്ഷെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 3516 വോട്ടിന്റെ ആധിപത്യമുണ്ടാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മുന്മന്ത്രി പികെ ജയലക്ഷ്മി മത്സരിക്കാൻ പ്രാഥമിക ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പക്ഷെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിക്കാൻ ജയലക്ഷ്മിയും തയാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ