കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ ജഡിലശ്രീ കള്ളവണ്ടി കയറി യാത്ര ചെയ്തുവെന്നാണല്ലോ ഇപ്പോഴത്തെ വിവാദം. കോലാഹലങ്ങൾക്കിടയിൽ മെട്രോ യാത്രയിൽ ഒഴിവാക്കപ്പെട്ട രണ്ടു യാത്രക്കാരെക്കുറിച്ച് ആരും മിണ്ടുന്നില്ല. ഈ രണ്ടു യാത്രക്കാരില്ലാതെ ഉദ്ഘാടനമെട്രോ ഓടിയതു തന്നെ ശരിയായില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ സഞ്ചരിച്ച ആദ്യമെട്രോയിൽ ഉറപ്പായും ഉണ്ടാവേണ്ടിയിരുന്നവരാണ് വി എസ്സും ഉമ്മൻ ചാണ്ടിയും.

ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ധനമന്ത്രാലയത്തിലും ആസൂത്രണ കമ്മിഷനിലും ഉടക്കി നിൽക്കുകയായിരുന്നു മെട്രോ. ഓഹരി പങ്കാളിത്തം പറ്റില്ലെന്ന് കേന്ദ്രം ഉറച്ചു നിന്നു. എന്നാൽ, മെട്രോ പൊതുമേഖലയിൽ തന്നെ നടപ്പാക്കിയേ പറ്റൂവെന്ന് വാദിച്ചതും അതിനു വേണ്ടി കേന്ദ്രസർക്കാരിന്റെ പടികൾ കയറിയിറങ്ങിയതും അന്നത്തെ മുഖ്യമന്ത്രി വി എസ്സായിരുന്നു. ഇ.ശ്രീധരനും ഇതേ നിലപാടുകാരനായിരുന്നു. ഇ.ശ്രീധരനൊപ്പം വി എസ് മെട്രോയിൽ സഞ്ചരിച്ച ചിത്രം ഇന്നും കേരളത്തിന്റെ മനസ്സിലുണ്ട്. പിന്നീട്, ഡി.എം.ആർ.സിയെയും ശ്രീധരനെയും ഒഴിവാക്കാൻ ചരടുവലി നടന്നപ്പോൾ അതിലെ അഴിമതി ചൂണ്ടിക്കാട്ടി വി എസ് രംഗത്തു വന്നു. അങ്ങനെ, കേരളത്തിന്റെ ശബ്ദം വി എസ്സിലൂടെ മുഴങ്ങി.

മെട്രോ വിവാദം കൂടുതൽ കത്തിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ. ഉദ്യോഗസ്ഥതലത്തിൽ അട്ടിമറി നീക്കത്തെക്കുറിച്ച് ആക്ഷേപമുയർന്നപ്പോൾ ടോം ജോസിനെ മാറ്റി ഉമ്മൻ ചാണ്ടി ധീരത കാട്ടി. ഡി.എം.ആർ.സിയെ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ കേരളമൊട്ടാകെ പ്രതിഷേധിച്ചപ്പോൾ കേന്ദ്രമന്ത്രിമാരും ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതുമായുള്ള ചർച്ചകൾക്ക് അദ്ദേഹവും മുന്നിട്ടിറങ്ങി. ഒടുവിൽ, തടസ്സങ്ങളെല്ലാം നീങ്ങി ഉമ്മൻ ചാണ്ടി ഭരണത്തിൽ മെട്രോ പാളത്തിലേറി. (യു.ഡി.എഫ് കാലത്ത് ഭരണതലത്തിൽ തന്നെ അട്ടിമറിനീക്കം നടന്നുവെന്ന വാസ്തവം മറച്ചു വെയ്ക്കുന്നില്ല.).

എന്തായാലും കൊച്ചി മെട്രോയിൽ നിർണ്ണായക തീരുമാനങ്ങളുണ്ടായത് വി എസ്സും ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോഴായിരുന്നു. എന്നിരിക്കേ, അവരില്ലാതെ മെട്രോ ഓടിയതിൽ എന്തർഥം!

(മാതൃഭൂമി ദിനപത്രത്തിലെ ഡൽഹിയിലെ സ്റ്റാഫ് കറസ്‌പോണ്ടന്റായ പി കെ മണികണ്ഠൻ ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട പല നിർണായക വാർത്തകളും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ കൂടിയാണ് മണികണ്ഠൻ)