കണ്ണൂർ: ഷൊർണ്ണൂർ എംഎൽഎ പി.കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡന പരാതി ആരോപിച്ചത് വിവാദമായതിന് പിന്നാലെ മുസ്ലിം ലീഗിലും സമാന പരാതിയുമായി യുവതി രംഗത്ത്. കണ്ണൂർ മുസ്ലിം ലീഗിലാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ലീഗ് നേതാവുമായ കെ.പി.എ സലീമിനെതിരെ വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പരാതി നൽകിയിരിക്കുന്നത്.

സലീം തന്നോട് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്നും ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകർക്കാൻ ശ്രമിച്ചു എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. കൗൺസിലർക്കെതിരെ പാർട്ടി നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും വനിതാ ലീഗ് ജില്ലാ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും അയച്ച പരാതിയിൽ വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി പറയുന്നു. ലീഗിന്റെ പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിക്കാണ് പരാതി നൽകിയത്.

മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇയാൾക്കു വളരെ ബഹുമാനം നൽകിയിരുന്നു. എന്നാൽ അതു ദുരുപയോഗം ചെയ്യുന്ന വിധത്തിലായിരുന്നു പെരുമാറ്റം. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം പൂർണായി നിറവേറ്റുകയും പൊതുസമൂഹവുമായി ഇടപെട്ട് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലങ്ങളിൽ സലിം അടക്കം ഒട്ടേറെ പേരുമായി അടുത്ത് പ്രവർത്തിച്ചു. ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമീപനത്തെ അദ്ദേഹം മറ്റൊരു രീതിയിൽ മനസ്സിലാക്കുകയും അധാർമിക ചിന്തകളോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

താൻ സലിമിന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അപവാദ പ്രചാരണം നടത്തിയെന്നും കുടുംബം തകർക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. വിസമ്മതം അറിയിച്ചിട്ടും അസ്വസ്ഥതയുണ്ടാക്കും വിധം രാത്രിസമയങ്ങളിൽ പോലും വീട്ടിലെത്തി. ദുരുദ്ദേശ്യപരമായ കാര്യങ്ങൾക്ക് എതിർപ്പ് അറിയിച്ചതോടെ മറ്റു പാർട്ടിപ്രവർത്തകരെ ബന്ധപ്പെടുത്തി അപവാദങ്ങൾ പ്രചരിപ്പിച്ചെന്നും വനിതാ നേതാവ് ആരോപിക്കുന്നു.

ഭീഷണിക്ക് താൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ സലിം കുടുംബം തകർക്കാനും ശ്രമിച്ചു. എന്നെക്കുറിച്ചു മോശം കാര്യങ്ങൾ പറഞ്ഞു ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യക്കു പ്രേരിപ്പിച്ചു. കുടുംബമായി കഴിയുന്ന എന്നോടു നീചമായി പെരുമാറിയ കൗൺസിലർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടിയിലേക്കു നീങ്ങും'.

ആരോപണവിധേയനായ കൗൺസിലറോടു വിശദീകരണം ചോദിക്കുമെന്നു വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി.സീനത്ത് വ്യക്തമാക്കി. അതേസമയം, പാർട്ടിയിലെ വിഭാഗീയതയാണു വാർത്തയ്ക്കു പിന്നിലെന്നാണ് ആരോപണവിധേയനായ കൗൺസിലറുടെ വിശദീകരണം. പാർട്ടിയിലെ വളർച്ച തടയാനുള്ള ശ്രമമാണു നടത്തുന്നതെന്നും ഇയാൾ പറഞ്ഞു

പരാതി കെട്ടിച്ചമച്ചത് -കെ.പി.എ. സലിം
ഇത്തരമൊരു പരാതിയുണ്ടായത് എങ്ങനെയെന്ന് അറിയില്ല. പൊതുപ്രവർത്തനത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണിത്. പരാതി നൽകിയെന്ന് പറയുന്നവരുമായി ഒരുതർക്കവും നിലവിലില്ല. അതിനാൽ, പരാതിപോലും വ്യാജമാണെന്നാണ് കരുതുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പാർട്ടി ജില്ലാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.